ഗസിയാബാദ്: പാഞ്ഞു വരുന്ന ട്രെയിനിന് മുന്നിൽനിന്ന് സാഹസികമായി ഇൻസ്റ്റാഗ്രാം റീൽ വീഡിയോ എടുക്കാൻ ശ്രമിച്ച മൂന്നുപേർ ട്രെയിനിടിച്ച് മരിച്ചു. റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു യുവതിയും രണ്ട് യുവാക്കളും ട്രെയിൻ ഇടിച്ച് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലുഗഢി റെയിൽവേ ട്രാക്കിലാണ് സംഭവം. ട്രാക്കിൽനിന്ന് വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിൽവന്ന പദ്മാവത് എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കല്ലു ഗാർഹി ഗേറ്റിനും ദസ്ന സ്റ്റേഷനും ഇടയിൽ അപകടം നടന്നതെന്ന് മസൂരി പൊലീസ് സ്ഥിരീകരിച്ചു.
ടാക്സി ഡ്രൈവറായ മസൂരിയിലെ ഖാച്ച റോഡിൽ താമസിക്കുന്ന 25 കാരനായ ബഷീറാണ് കൊല്ലപ്പെട്ടതിൽ ഒരാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
സംഭവമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങൾ ഛിന്നഭിന്നമായ നിലയിൽ ട്രാക്കിൽ കിടക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ( ഡി സി പി ) റൂറൽ സോൺ ഇരാജ് രാജ പറഞ്ഞു.
ഇൻസ്റ്റാഗ്രാം റീൽ വീഡിയോ എടുക്കുന്നതിൽ ശ്രദ്ധനേടിയവരാണ് മരിച്ച മൂന്നുപേരും. കൂടുതൽ സാഹസികമായ വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി സി പി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.