ചെന്നൈ: തഞ്ചാവൂരില്‍ ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി സ്വദേശി പ്രവീണ്‍ (22), പുതുക്കോട്ട പരിമളേശ്വരന്‍ (21), ധര്‍മപുരി മണികണ്ഠന്‍ (22) എന്നിവരാണ് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേരും തഞ്ചാവൂര്‍ ഓരത്തുനാട് ഗവ. വെറ്റിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ്.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഓരത്തുനാട് ജംഗ്ഷനിലെ പെട്രോള്‍ ബങ്കിന് സമീപത്തെ ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ചു. ഹോസ്റ്റലില്‍ മടങ്ങിയെത്തിയ മൂവര്‍ക്കും ഛര്‍ദ്ദിയും മയക്കവും അനുഭവപ്പെട്ടു.
ബോധരഹിതരായ മൂവരെയും ഹോസ്റ്റലിലെ മറ്റ് അന്തേവാസികളാണ് ഓരത്തുനാട് ഗവ. ആശുപത്രിയിലെത്തിച്ചത്. പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പ്രസ്തുത കേന്ദ്രം താല്‍ക്കാലികമായി അടച്ചിടാനും അധികൃതര്‍ ഉത്തരവിട്ടു. ഷവര്‍മ കഴിച്ച് കേരളത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു.
MK Stalin | തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര
തമിഴ്നാട് സർക്കാർ ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.
ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അരടിക്കറ്റും നൽകിയിരുന്നു. ഇനി അഞ്ചു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര ചെയ്യാൻ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികൾക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും 6 വയസ് മുതലാണ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത്.
നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, മുതിർന്ന പൗരന്മാർ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Shawarma, Tamil nadu