നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Students Killed | തിരുനെൽവേലിയിൽ സ്‌കൂളിലെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

  Students Killed | തിരുനെൽവേലിയിൽ സ്‌കൂളിലെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

  ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരും മരണത്തിന് കീഴടങ്ങി

  • Share this:
   സ്‌കൂളിൽ (School) ടോയ്ലറ്റിന്റെ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വിദ്യാർത്ഥികൾ (Students) മരിച്ചു. തമിഴ്‌നാട്ടിലെ (Tamil Nadu) തിരുനെൽവേലിയിൽ ഷാഫ്‌റ്റർ ഹയർ സെക്കൻഡറി സ്കൂളിലാണ് മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ നെല്ലായി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരും മരണത്തിന് കീഴടങ്ങി. വിശ്വരഞ്ജൻ, സഞ്ജയ് എന്നിവരാണ് മരിച്ച വിദ്യാർത്ഥികളിൽ രണ്ടുപേർ.

   മൈതാനത്ത് വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കെയാണ് സമീപത്തുള്ള ടോയ്‌ലറ്റിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണത്. മതിൽ ഇടിഞ്ഞുവീഴുമ്പോൾ മൂന്ന് ആൺകുട്ടികൾ ടോയ്‌ലറ്റിന് സമീപം നിന്ന് സംസാരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഒരു വിദ്യാർത്ഥി തന്തി ടിവിയോട് പറഞ്ഞു. അപകടത്തിൽ മറ്റ് ചില വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മരിച്ചവരിൽ രണ്ട് പേർ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. സംഭവം നടന്നയുടൻ സ്‌കൂളിലെ മുതിർന്ന വിദ്യാർഥികൾ പ്രകോപിതരായി സ്‌കൂളിന് നേരെ കല്ലെറിഞ്ഞു

   വിദ്യാർഥികൾ മരിച്ച വിവരം അറിഞ്ഞ് സ്‌കൂളിന് മുന്നിൽ രക്ഷിതാക്കൾ തടിച്ചുകൂടി. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

   തിരുനെൽവേലി ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്കൂളായ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്കൂൾ നൂറ്റാണ്ട് പഴക്കമുള്ള സ്കൂളാണ്. 100 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്തുള്ളതാണ്.

   ഒരു മാസത്തിലേറെയായി നെല്ലായി ജില്ലയിൽ പെയ്യുന്ന കനത്ത മഴ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും യഥാസമയം പരിശോധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂൾ വിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവികൾ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.

   ഷാഫ്‌റ്റർ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും അവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിനുമായി സർക്കാർ പണം നൽകുന്നുണ്ടെന്ന് തമിഴ്‌നാട് നഴ്‌സറി, പ്രൈമറി, മെട്രിക്കുലേഷൻ, ഹയർ സെക്കൻഡറി, സിബിഎസ്‌ഇ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി നന്ദകുമാർ പറഞ്ഞു.

   കഴിഞ്ഞ മാസം കനത്ത മഴയിൽ വെല്ലൂരിൽ വീടിനുമേൽ മതിലിടിഞ്ഞു വീണ് 4 കുട്ടികൾ അടക്കം 9 പേർ മരിച്ചിരുന്നു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലായിരുന്നു അപകടം. മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്. വെള്ളം കയറുന്നത് പരിഗണിച്ചു സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ചു വീട്ടില്‍ കഴിഞ്ഞവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

   ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ മാസം ശക്തമായ മഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചിരുന്നു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് അപകടം നടന്നത്.
   Published by:Jayesh Krishnan
   First published: