• HOME
  • »
  • NEWS
  • »
  • india
  • »
  • Top security roles | രാജ്യത്ത് മൂന്ന് ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ കാലാവധി പൂർത്തിയാക്കുന്നു; ഇനിയാര്?

Top security roles | രാജ്യത്ത് മൂന്ന് ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ കാലാവധി പൂർത്തിയാക്കുന്നു; ഇനിയാര്?

കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (ആർ&എഡബ്ല്യു) സെക്രട്ടറി എന്നിവരാണ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാക്കുന്നത്.

  • Share this:
    കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മൂന്ന് ഉന്നത വകുപ്പുകളിലുള്ള തലവൻമാരുടെ കാലാവധി ഉടൻ അവസാനിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി (Union Home Secretary), ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ (Director, Intelligence Bureau), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (ആർ&എഡബ്ല്യു) സെക്രട്ടറി (Secretary, Research and Analysis Wing (R&AW)), എന്നിവരാണ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാക്കുന്നത്. നിലവിലെ തലവന്മാർ ഈ സ്ഥാനങ്ങളിൽ തുടരുമോ അതോ അവർക്ക് പകരം പുതുമുഖങ്ങൾ വരുമോ എന്നാണ് ഇനി അറിയേണ്ടത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം, പ്രധാനപ്പെട്ട ഈ വകുപ്പുകളുടെ തലപ്പത്ത് സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

    ഈ മൂന്ന് ഓഫീസർമാർക്കും 2021ൽ കേന്ദ്രസർക്കാർ ഒരു വർഷത്തെ കാലാവധി നീട്ടി നൽകിയിരുന്നു. 1984 ബാച്ച് ഐഎഎസ്, ഐപിഎസ് ഉ​ദ്യോ​ഗസ്ഥരാണ് മൂവരും. 2021 മെയ് 28-നാണ് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (ACC) ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ കുമാറിനും റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സെക്രട്ടറി സാമന്ത് കുമാർ ഗോയലിനും ഒരു വർഷത്തെ സർവീസ് നീട്ടിനൽകിയത്. 2021 ജൂൺ 30 വരെയായിരുന്നു ഇരുവർക്കും ആ​ദ്യം നിശ്ചയിക്കപ്പെട്ടിരുന്ന കാലാവധി.

    2021 ഓഗസ്റ്റ് 12-നാണ് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയ്ക്ക് ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയത്. 2021 ഓഗസ്റ്റ് 22-നായിരുന്നു അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2019 ആഗസ്റ്റ് മാസത്തിലാണ് അജയ് ബല്ലയെ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഉന്നത പദവിയായ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്.

    Also Read- PM Modi in Germany| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെർലിനിൽ ഉജ്ജ്വല സ്വീകരണം; ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തും

    അസം-മേഘാലയ കേഡറിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് അരവിന്ദ കുമാറും ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് ഭല്ലയും. ഐപിഎസ് ഉദ്യോഗസ്ഥനായ സാമന്ത് കുമാർ ഗോയൽ പഞ്ചാബ് കേഡറിൽ നിന്നുള്ളയാളാണ്.

    2024 ന്റെ ആദ്യ പകുതിയിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ അനുഭവ സമ്പത്തുള്ള ആരെയെങ്കിലും ഈ തസ്തികകളി‍ൽ നിയമിക്കാൻ ആയിരിക്കും സർക്കാർ ശ്രമിക്കുക. അടുത്തതായി ഈ തസ്തികകളിൽ നിയമിക്കപ്പെടുന്നവരായിരിക്കും പുതിയ സർക്കാരിന്റെ രൂപീകരണം വരെ തുടരേണ്ടത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, അന്നത്തെ ഐബി, ആർ&എഡബ്ല്യു മേധാവികളായ രാജീവ് ജെയിൻ, എ കെ ധസ്മാന എന്നിവർക്ക് അവരുടെ രണ്ട് വർഷത്തെ കാലാവധി ആറ് മാസത്തേക്കു കൂടി നീട്ടി നൽകിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ഉയർന്ന സുരക്ഷാ തസ്തികകളിൽ അനുഭവ പരിചയം ഉള്ള ഉദ്യോ​ഗസ്ഥർ വേണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്നായിരുന്നു ഇത്.

    സർക്കാർ ജീവനക്കാരുടെ നിയമനവും കാലാവധിയും സംബന്ധിച്ച 1922 ലെ അടിസ്ഥാന നിയമങ്ങൾ (Fundamental Rules) അനുസരിച്ച്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (ആർ&എഡബ്ല്യു) സെക്രട്ടറി എന്നിവരുടെ കാലാവധി പൊതുതാത്പര്യം പരി​ഗണിച്ച് രണ്ട് വർഷത്തേക്ക് നീട്ടി നൽകാവുന്നതാണ്.
    Published by:Rajesh V
    First published: