നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

  തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

  ലോക്‌സഭാംഗം രമേശ് പോഖ്‌റിയാല്‍, ഉത്തരാഖണ്ഡ് മന്ത്രിസഭാംഗം ധന്‍ സിംഗ് റാവത്ത് എന്നീ മുതിർന്ന നേതാക്കളെ പിന്തള്ളിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരാത്ത് സിങ് റാവത്ത് എത്തുന്നത്

  Thirath singh rawat

  Thirath singh rawat

  • Share this:
   ഡെറാഡൂണ്‍: തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. പൗലി മണ്ഡലത്തില്‍ നിന്നുള‌ള ലോക്‌സഭാംഗമാണ് തിരാത്ത് സിംഗ് റാവത്ത്. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് തിരാത്ത് സംസ്ഥാനത്തിന്‍റെ ഭരണത്തലവനായി എത്തുന്നത്. 2013-15 കാലത്ത് തിരാത്ത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു.

   വളരെ അപ്രതീക്ഷിതമായാണ് തിരാത്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി ദേശീയ നേതൃത്വം നിശ്ചയിച്ചത്. സംസ്ഥാനത്തെ പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയാണ് തിരാത്തിന്റെ പേര് ബി ജെ പി നേതൃത്വം മുന്നോട്ടു വെച്ചത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സൂചനയുണ്ട്.

   ഉത്തരാഖണ്ഡിലെ ജനപ്രിയനായ നേതാവാണ് തിരാത്ത് സിങ് റാവത്ത്. പൗലി മണ്ഡലത്തില്‍ നിന്നും 2019-ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ 3.50 ലക്ഷം വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് തിരാത്ത് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതോടെ അദ്ദേഹം എം.പി സ്ഥാനം രാജിവയ്‌ക്കും.

   ഉത്തരാഖണ്ഡില്‍ നിന്നുള‌ള ലോക്‌സഭാംഗം രമേശ് പോഖ്‌റിയാല്‍, ഉത്തരാഖണ്ഡ് മന്ത്രിസഭാംഗം ധന്‍ സിംഗ് റാവത്ത് എന്നീ മുതിർന്ന നേതാക്കളെ പിന്തള്ളിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരാത്ത് സിങ് റാവത്ത് എത്തുന്നത്. അടുത്ത വര്‍‌ഷം ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ്. പതിനൊന്ന് മാസത്തിനകം വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി നേതൃത്വം തിരാത്തിന് നൽകിയിട്ടുള്ളത്.

   ആര്‍. എസ്. എസിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്നയാളാണ് തിരാത്ത് സിങ് റാവത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പാർട്ടി നിയോഗിച്ചത് അപ്രതീക്ഷിതമാണെന്നും പാര്‍ട്ടി നേതൃത്വത്തിന് നന്ദി പറയുന്നതായും തിരാത്ത് സിങ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും, ഉത്തരാഖണ്ഡിനെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിവേന്ദ്ര സിംഗ് റാവത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്നും തിരാത്ത് റാവത്ത് വ്യക്തമാക്കി.

   ബി. ജെ. പി കേന്ദ്ര- സംസ്​ഥാന നേതൃത്വവുമായി ത്രിവേന്ദ്ര സിങ്​ റാവത്തിനുള്ള അകൽച്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ പ്രവര്‍ത്തനങ്ങളോട് പാർടി നേതൃത്വം​​ താല്‍പര്യം കാണിക്കാതായതോടെ​ നാല്​ വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി സ്​ഥാനം രാജിവെക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു​. ഇദ്ദേഹം തുടര്‍ന്നാല്‍ 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോൽക്കുമെന്നാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തിയത്.

   ഇതേത്തുടർന്ന് തിങ്കളാഴ്ച ബി. ജെ. പി അധ്യക്ഷന്‍ ജെ. പി നദ്ദയെ ത്രിവേന്ദ്ര സിങ്​ വസതിയിലെത്തി കണ്ടിരുന്നു. അമിത്​ ഷാ അടക്കമുള്ളവരുമായി നദ്ദ രണ്ടു റൗണ്ട്​ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു റാവത്തുമായി സംസാരിച്ചത്. നിലവിലെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്​തി രേഖപ്പെടുത്തി ഒരുപറ്റം നേതാക്കള്‍ കേന്ദ്ര​ നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എല്‍.എമാരും ത്രിവേന്ദ്രയുടെ രീതികളില്‍ തൃപ്​തരല്ല​. ആര്‍.എസ്​.എസിന്‍റെ പിന്തുണയും ത്രിവേന്ദ്രയ്ക്ക് നഷ്ടമായിരുന്നു. ഇതും ത്രിവേന്ദ്രയുടെ രാജിയ്ക്കു പിന്നിലെ പ്രധാന കാരണമാണ്.

   Tirath Singh Rawat, Tirath Singh Rawat Chief Minister, Chief Minister of Uttarakhand, Tirath Singh Rawat Sworn in today
   Published by:Anuraj GR
   First published:
   )}