• HOME
 • »
 • NEWS
 • »
 • india
 • »
 • 'എല്ലാ ജനങ്ങളുടേയും രക്തം ഈ മണ്ണിൽ കലർന്നിട്ടുണ്ട്. ആരുടെയെങ്കിലും പിതൃ സ്വത്തല്ല ഹിന്ദുസ്ഥാൻ' തൃണമൂൽ അംഗത്തിന്റെ കന്നി പാർലമെന്റ് പ്രസംഗം

'എല്ലാ ജനങ്ങളുടേയും രക്തം ഈ മണ്ണിൽ കലർന്നിട്ടുണ്ട്. ആരുടെയെങ്കിലും പിതൃ സ്വത്തല്ല ഹിന്ദുസ്ഥാൻ' തൃണമൂൽ അംഗത്തിന്റെ കന്നി പാർലമെന്റ് പ്രസംഗം

പത്ത് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിൽ രാജ്യം ഫാസിസത്തിലേക്ക് കടക്കുന്നതിന്റെ ഏഴ് ലക്ഷണങ്ങളെ കുറിച്ചാണ് മഹുഅ എടുത്തു പറഞ്ഞത്.

mahua

mahua

 • News18
 • Last Updated :
 • Share this:
  ന്യൂഡൽഹി: പാർലമെന്റിൽ നടത്തിയ കന്നി പ്രസംഗത്തിലൂടെ പാർലമെന്റ് അംഗങ്ങളെയും സമൂഹമാധ്യമങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ് തൃണമൂൽ എംപി മഹുഅ മൊയ്ത്ര. പാർലമെന്റിന്റെ അടുത്തകാലത്തെ ചരിത്രത്തിലെ വളരെ ഊർജസ്വലമായ പ്രസംഗത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറിൽ നിന്നാണ് മഹുഅ പാർലമെന്റിലെത്തിയത്.

  നിങ്ങൾക്ക് വലിയ ഭൂരിപക്ഷമുള്ള പാർലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാകണമെന്ന് പറഞ്ഞുകൊണ്ടാണ് മഹുഅ പ്രസംഗം ആരംഭിച്ചിരിക്കുന്നത്. സഭയിൽ പ്രതിപക്ഷവും ഉൾപ്പെടുന്നടുത്തോളം തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇഞ്ച് വീണ്ടെടുക്കാൻ സംസാരിച്ചു കൊണ്ടേയിരിക്കുമെന്നും അവർ പറഞ്ഞു.

  ഭരണഘടന ഭീഷണിയിലാണ്. നല്ല ദിനങ്ങൾ വരുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ കണ്ണുതുറന്നു നോക്കിയാൽ രാജ്യം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത് കാണാം- മഹുഅ പറയുന്നു.

  പത്ത് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിൽ രാജ്യം ഫാസിസത്തിലേക്ക് കടക്കുന്നതിന്റെ ഏഴ് ലക്ഷണങ്ങളെ കുറിച്ചാണ് മഹുഅ എടുത്തു പറഞ്ഞത്.

  ആദ്യ ലക്ഷണം- ബിജെപിയുടെ ദേശീയവാദം ശക്തവും സങ്കുചിതവുമാണ്. പരസ്പരം സ്പർദ്ധ വളർത്തുന്നതുമാണിത്. ഭിന്നിപ്പിക്കാനുള്ള ആർത്തിയാണിതിന്. ഒന്നിപ്പിച്ച് നിർത്താനുള്ള താത്പര്യമില്ല. അനധികൃത കുടിയേറ്റക്കാരെന്ന് പറഞ്ഞ് ആളുകളെ വീടുകളിൽ നിന്ന് പുറത്താക്കുന്നു. 50 വർഷത്തോളമായി ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ഒരു കഷ്ണം കടലാസ് കാണിക്കേണ്ടി വരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്ത മന്ത്രിമാരുള്ള നാട്ടിലാണ് ഇന്ത്യക്കാരെന്ന് തെളിയിക്കാൻ ജനങ്ങൾക്ക് കടലാസുകഷ്ണം കാണിക്കേണ്ടി വരുന്നത്.

  രണ്ടാമത്തെ ലക്ഷണം- 2014നും 2019നും ഇടയിൽ വി ദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ പത്ത് മടങ്ങ് വർധിച്ചു. ഈ എണ്ണം വർധിപ്പിക്കാൻ രാജ്യത്ത് ചില ശക്തികളുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാനിൽ കൊല്ലപ്പെട്ട പെഹ് ലു ഖാൻ മുതൽ കഴിഞ്ഞ ദിവസം ജാർഖണ്ഢിൽ കൊല്ലപ്പെട്ട അൻസാരി വരെയുള്ള പട്ടിക അവസാനിക്കുന്നില്ല.

  മൂന്നാമത്തെ ലക്ഷണം- സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിൽ മാധ്യമങ്ങൾക്കു മേൽ സ്വാധീനവും നിയന്ത്രണവും. രാജ്യത്തെ അഞ്ച് സുപ്രധാന മാധ്യമ സ്ഥാപനങ്ങൾ പരോക്ഷമായി നിയന്ത്രിക്കുന്നത് ഒരാളാണ്. ഭരണകക്ഷിയുടെ ആശയങ്ങളാണ് ചാനലുകൾ കൂടുതലും പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ കവറേജ് കുറയ്ക്കുന്നു. സർക്കാരിനെതിരായ ആശങ്ങൾ ടിവി ചാനലിലൂടെ പ്രചരിക്കുന്നുണ്ടോയെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിലെ ജീവനക്കാർ പരിശോധിക്കുന്നു.

  നാലാമത്തെ ലക്ഷണം- രാജ്യസുരക്ഷയുടെ പേരിൽ അജ്ഞാത ശത്രുക്കളെ സൃഷ്ടിക്കുന്നു. എല്ലായിടത്തും ഭയം പടർത്തുന്നു. സേനയുടെ നേട്ടങ്ങൾ ഒരാളുടെ പേരിൽ ഉയർത്തിക്കാണിക്കുന്നു. ഓരോ ദിവസവും പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭീകരാക്രമണങ്ങൾ വർധിച്ചു. കശ്മീരിൽ കൊല്ലപ്പെടുന്ന ജവാന്മാരുടെ എണ്ണം 106 മടങ്ങ് വർധിച്ചു.

  അഞ്ചാമത്തെ ലക്ഷണം- രാജ്യത്ത് മതവും സർക്കാരും കൂടിപ്പിണഞ്ഞ് കിടക്കുന്നു. പൗരത്വ ബില്ലിലൂടെ ഒരു വിഭാഗത്തിനെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ നിലനിൽക്കുന്ന 80 കോടി ഏക്കറുകളെക്കാൾ രാമ ഭൂമി നിലനിൽക്കുന്ന 2.77 ഏക്കറിനെ കുറിച്ചാണ് പാർലമെൻറ് അംഗങ്ങളുടെ ആശങ്ക.

  ആറാമത്തെ ലക്ഷണം- വളരെ അപകടം നിറഞ്ഞതാണിത്. കലാകാരന്മാരെയും ബുദ്ധിജീവികളെയും അടിച്ചമർത്താൻ ശ്രമിക്കുന്നു. വിയോജിപ്പുകൾ അടിച്ചമർത്തുന്നു. പാഠഭാഗങ്ങൾ വളച്ചൊടിക്കുന്നു.

  ഏഴാമത്തെ ലക്ഷണം- അവസാനത്തെ ലക്ഷണമാണിത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അധികാരം നഷ്ടപ്പെടുത്തുകയാണ്. പ്രധാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഈ തെരഞ്ഞെടുപ്പിന് 60,000 കോടിയാണ് ചെലവാക്കിയത്. ഇതിന്റെ 50 ശതമാനമായ 27,000 കോടി ഒരു പാർട്ടിയാണ് ചെലവാക്കിയത്.

  ഈ രാജ്യത്തെ ഭരണഘടന ഉയർത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാർമികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ബെഞ്ചിലിരിക്കുന്നതിന് മുമ്പ് ഇടിവെട്ട് പോലെ രണ്ട് വരി കവിത കൂടി ചൊല്ലി മഹുഅ.'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ ..
  കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ'..(എല്ലാ ജനങ്ങളുടേയും രക്തം ഈ മണ്ണിൽ കലർന്നിട്ടുണ്ട്.
  ആരുടെയെങ്കിലും പിതൃ സ്വത്തല്ല ഹിന്ദുസ്ഥാൻ)
  First published: