കൊല്‍ക്കത്ത: വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡൽഹിയിലേക്ക് പോയ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നുമാണ് മുകുൾ റോയിയുടെ മകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇൻഡിഗോയുടെ ജി ഇ 898 കൊൽക്കത്ത-ന്യൂഡൽഹി വിമാനത്തിലാണ് മുകുള്‍ റോയി യാത്ര തിരിച്ചത്.
അതേസമയം മകനുമായി മുകുൾ റോയ് വഴക്കുണ്ടാക്കിയിരുന്നതായും, ഇതിനുശേഷമാണ് ഡൽഹിയിലേക്ക് പോയതെന്നും ചില ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ മരണ ശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകുള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിതാവിനെ കാണാനില്ലെന്ന് കാട്ടി കൊൽക്കത്ത എയര്‍പോര്‍ട്ട് പൊലീസിലാണ് മുകുള്‍ റോയിയുടെ മകന്‍ പരാതി നൽകിയത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 68 വയസ് പ്രായമുള്ള മുകുള്‍ റോയി കഴിഞ്ഞ കുറേ കാലമായി സജീവ രാഷ്ട്രീയത്തിലില്ല. നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി തൃണമൂൽ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.
ഒരു സമയത്ത് തൃണമൂൽ കോണ്‍ഗ്രസിൽ രണ്ടാമനായിരുന്നു മുകുൾ റോയ്. മമത ബാനര്‍ജിയുടെ മരുമകൻ അഭിഷേക് ബാനര്‍ജിയുടെ ഉയര്‍ച്ചയിൽ പ്രതിഷേധിച്ചാണ് 2017ൽ പാര്‍ടി വിട്ട മുകുള്‍ റോയി ബിജെപിയില്‍ ചേന്നത്. എന്നാല്‍ 2021ല്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ പദവി വരെയെത്തിയ മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. സുവേന്ദു അധികാരിയെ പ്രതിപക്ഷനേതാവാക്കിയതാണ് മുകുൾ റോയി ബിജെപി നേതൃത്വവുമായി അകലാൻ കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mukul Roy, TMC, Trinamool congress