കൊൽക്കത്ത: സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പാർട്ടിക്കെതിരെ തിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് പാർട്ടി അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
291 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ആകെ 294 സീറ്റുകളിൽ വടക്കൻ ബംഗാളിലെ ഡാര്‍ജിലിംഗ്, കുര്‍സ്യോംഗ്, കലിമ്പോങ് എന്നീ മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നില്ല എന്നും അറിയിച്ചിരുന്നു. പുറത്തുവിട്ട പട്ടികയിൽ 50 സ്ത്രീകളും 42 മുസ്ലീം സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്. സ്ഥാനാര്‍ഥി പട്ടികയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ 25 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ കോവിഡ് സാഹചര്യത്തിൽ എൺപത് വയസിന് മുകളിലുള്ള ആളുകളെയും ഒഴിവാക്കി.
ഇതിന് പിന്നാലെയാണ് പട്ടികയിൽ ഉൾപ്പെടാതെ പോയ ആളുകള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. നാല് തവണ എംഎൽഎയും മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും ആയിരുന്ന എംഎല്‍എ സോണാലി ഗുഹ വികാരധീനയായാണ് വിഷയത്തിൽ പ്രതികരിച്ചത്.'ദൈവം മമതദീദിക്ക് നല്ല ബുദ്ധിയും നിർദേശവും നൽകട്ടെ, ആദ്യം മുതൽ തന്നെ അവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ' എന്നാണ് സീറ്റ് നിഷേധിക്കപ്പെട്ടതറിഞ്ഞ് മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്ന സോണാലി കരഞ്ഞു കൊണ്ട് പ്രതികരിച്ചത്.
പാർട്ടിയെ ഹൃദയപൂർവ്വം സ്നേഹിച്ചവരെ അവഗണിച്ചുവെന്നാണ് തെക്കൻ 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ നിന്നുള്ള മുൻ ടിഎംസി എംഎൽഎ അറബുൽ ഇസ്ലാം കണ്ണുനീരൊഴുക്കി പ്രതികരിച്ചത്. 'ആളുകൾ എന്തെല്ലാം ആഗ്രഹിക്കുന്നുവോ അതെല്ലാം ഞാൻ ചെയ്യും' എന്നാണ് തന്റെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഇസ്ലാമിന് സീറ്റില്ലെന്നറിഞ്ഞ് അദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധവും നടത്തിയിരുന്നു. ടയർ കത്തിച്ച് പ്രദേശത്ത് റോഡിൽ തടസ്സങ്ങൾ സൃഷ്ടിച്ചായിരുന്നു പ്രതിഷേധം.
നോർത്ത് 24 പർഗാനയിലെ അംദംഗയിലെ സിറ്റിംഗ് എംഎൽഎ റഫിഖർ റഹ്മാന്റെ അനുയായികൾ പ്രദേശത്തെ ദേശീയപാത തടഞ്ഞാണ് പ്രതിഷേധിച്ചത്. അതുപോലെ തന്നെ കൊൽക്കത്ത സ്വദേശി ഓംപ്രകാശ് മിശ്രയെ നോർത്ത് ബംഗാൾ ഠൗണിൽ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാർട്ടി സിലിഗുരി നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 'പുറത്തു നിന്നുള്ളവരെ' ആളുകൾ ഒരിക്കലും പിന്തുണയ്ക്കില്ല എന്നാണ് വിഷയത്തിൽ ടിഎംസി നേതാവ് നന്ദു പലിന്റെ പ്രതികരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.