• HOME
  • »
  • NEWS
  • »
  • india
  • »
  • നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചിട്ടില്ല; വാടകഗർഭപാത്ര വിവാദത്തിന് ഉത്തരവാദി ആശുപത്രി

നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചിട്ടില്ല; വാടകഗർഭപാത്ര വിവാദത്തിന് ഉത്തരവാദി ആശുപത്രി

വിവാഹിതയായ ഒരു കുട്ടിയുള്ള സ്ത്രീയാണ് വാടക മാതാവ്

  • Share this:
വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളുണ്ടായതിൽ നയൻതാരയും വിഘ്നേഷ് ശിവനും നിയമലംഘനം നടത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ട്. താരങ്ങൾ ഇന്ത്യയിലെ വാടകഗർഭപാത്ര നിയമങ്ങൾ ലംഘിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച രണ്ടംഗ പീഡിയാട്രിക് ഡോക്ടർമാരുടെ സംഘമാണ് താരങ്ങൾക്ക് അനുകലൂമായി റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവത്തിൽ നയൻതാരയുടേയും വിക്കിയുടേയും ഭാഗത്ത് തെറ്റില്ലെന്നും ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെയാണ് വിശദമായ അന്വേഷണ റിപ്പോർട്ട് രണ്ടംഗ അന്വേഷണ സംഘം ആരോഗ്യവകുപ്പിന് സമർപ്പിച്ചത്.

2016 മാർച്ച് 11 ന് നയൻതാരയും വിഘ്നേഷും നിയമപ്രകാരം വിവാഹിതരായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാടകഗർഭപാത്രത്തിലൂടെ കുഞ്ഞ് ഉണ്ടാകുന്നിന് മുമ്പ് പാലിക്കേണ്ട മുഴുവൻ നടപടികളും താര ദമ്പതികൾ പാലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്വേഷണ കമ്മീഷന് മുന്നിൽ ആവശ്യമായ എല്ലാ രേഖകളും ദമ്പതികൾ സമർപ്പിച്ചിട്ടുണ്ടെന്നും ഐസിഎംആർ മുന്നോട്ടുവെക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതി റിപ്പോർട്ട് പറയുന്നു. വിവാഹിതയായ ഒരു കുട്ടിയുള്ള സ്ത്രീയാണ് വാടക മാതാവ്. സിസേറിയനിലൂടെയാണ് രണ്ട് ആൺകുഞ്ഞുങ്ങൾ പിറന്നത്. 2020 മുതൽ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read- കുഞ്ഞുങ്ങൾക്കൊപ്പമുള്ള വീഡിയോയുമായി നയൻതാരയും വിക്കിയും
വാടകഗർഭധാരണത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാത്ത ആശുപത്രിയെയാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. ആശുപത്രിയിലേക്ക് ദമ്പതികളെ റഫർ ചെയ്ത കുടുംബ ഡോക്ടറെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇവർ വിദേശത്തായതിനാൽ ബന്ധപ്പെടാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐസിഎംആർ മാർഗനിർദേശങ്ങൾ അനുസരിച്ച്, ദമ്പതികൾക്ക് നൽകിയ ചികിത്സയുടെയും വാടക അമ്മയുടെ ആരോഗ്യനിലയുടെയും കൃത്യമായ രേഖകൾ ആശുപത്രിയിൽ സൂക്ഷിക്കണമെന്നാണ്. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യങ്ങൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

ഇതിനെ തുടർന്ന്, മാനദണ്ഡ‍ങ്ങൾ പാലിക്കാത്തതിന് സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. രേഖകൾ സൂക്ഷിക്കുന്നത് ആശുപത്രികൾ താൽക്കാലികമായി നിർത്തിയത് എന്തുകൊണ്ടെന്ന് നോട്ടീസിൽ വിശദീകരണം തേടിയിട്ടുണ്ട്.
Published by:Naseeba TC
First published: