വടക്കന്‍ 'പോയ' വഴി അഥവാ വടക്കന്‍ 'വന്ന' വഴി!

സോണിയ യുഗത്തില്‍ ഉന്നത നേതാക്കളുമായി അടുപ്പം ഉണ്ടായിരുന്ന ടോം വടക്കന് രാഹുല്‍ യുഗത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പം ആയിരുന്നില്ല. പാര്‍ട്ടിയിലും ഐഐസിസി ആസ്ഥാനത്തും സമവാക്യങ്ങള്‍ മാറി

News18 Malayalam
Updated: March 14, 2019, 7:07 PM IST
വടക്കന്‍ 'പോയ' വഴി അഥവാ വടക്കന്‍ 'വന്ന' വഴി!
tom vadakkan
  • Share this:
#എം ഉണ്ണികൃഷ്ണന്‍

വന്ന വഴി..

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു! ആദ്യം കേള്‍ക്കുമ്പോള്‍ വാര്‍ത്തയില്‍ ചെറുതല്ലാത്ത അമ്പരപ്പ്. കാരണം കോണ്‍ഗ്രസ് കവര്‍ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐഐസിസി ആസ്ഥാനത്തിന്റെ ഭാഗമാണ് ടോം വടക്കന്‍. രണ്ടു പതിറ്റാണ്ടായി വടക്കന്‍ എഐസിസി ആസ്ഥാനത്തെ സജീവ സാനിദ്ധ്യമായിട്ട്. മാധ്യമ വിഭാഗം സെക്രട്ടറിയും വക്താവും ആയിരുന്നപ്പോള്‍ വടക്കന്‍ എല്ലാ ദിവസവും പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടാകും. ഒന്നാം യുപിഎ, രണ്ടാം യുപിഎ കാലത്ത് നല്ല സ്വാധീനം. പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളുടെ ഇടത്തോ വലത്തോ ആയി വടക്കന്‍ ജി ഉണ്ടാകും.

മലയാളം ടിവി ചര്‍ച്ചകളില്‍ മലയാളവും ഇംഗ്ലീഷും ചേര്‍ന്ന ഭാഷാ ശൈലിയുമായി വടക്കനെ കാണാം. നികേഷ് എന്ന വടക്കന്റെ നീളന്‍ വിളി തന്നെ ടിവി ചര്‍ച്ചകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഇടം നേടി. ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ ടെലിവിഷന്‍ മുഖമായിരുന്നു വടക്കന്‍. കോണ്‍ഗ്രസ് വിടുന്നതിന് ദിവസങ്ങള്‍ മുന്‍പ് വരെ ടിവി ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും മോഡിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചു വടക്കന്‍ ഉണ്ടായിരുന്നു!

Also Read: ലക്ഷ്യമിടുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ; കണ്ണാന്താനത്തില്‍ പിഴച്ചത് വടക്കനിലൂടെ നേടാന്‍ ബിജെപി


സോണിയ യുഗത്തില്‍ ഉന്നത നേതാക്കളുമായി അടുപ്പം ഉണ്ടായിരുന്ന ടോം വടക്കന് രാഹുല്‍ യുഗത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പം ആയിരുന്നില്ല. പാര്‍ട്ടിയിലും ഐഐസിസി ആസ്ഥാനത്തും സമവാക്യങ്ങള്‍ മാറി. ടോം വടക്കന്‍ മീഡിയ വിഭാഗത്തിലെ ഒരു താല്‍ക്കാലിക കസേരയില്‍ ഒതുങ്ങി. ചര്‍ച്ചകളില്‍ മാത്രമായി മുഖം. കെസി വേണുഗോപാല്‍ എന്ന മലയാളിയിലേക്ക്  എഐസിസി ആസ്ഥാനത്തെ അധികാര കേന്ദ്രം മാറി. ടോം വടക്കന് വലിയ റോള്‍ ഇല്ലാതായി. സ്ഥാനര്‍ത്ഥിത്വമോ മറ്റു പദവികളോ ഒന്നും ലഭിക്കാന്‍ ഇടയില്ല, അവഗണനയും അതൃപ്തിയും ബാക്കി. പണ്ട് തൃശൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട എതിര്‍പ്പിന്റെ കയ്‌പ്പേറിയ അനുഭവം കാരണം മറ്റൊരു സാധ്യതയും മുന്നില്‍ ഇല്ല. വീണ്ടും തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ മുന്നില്‍ എന്തെന്ന ചോദ്യം പാര്‍ട്ടിയെപ്പോലെ വടക്കനു മുന്നിലും ഉയര്‍ന്നു കാണും.

പോയ വഴി

വടക്കന്റെ വരവ് സര്‍ജിക്കല്‍ സ്ട്രൈക്കെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ഒരു ഭാഗത്ത് കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. മറുഭാഗത്ത് വടക്കന്റെ കൂടു മാറ്റം. രാഹുലിന്റെ സന്ദര്‍ശന വാര്‍ത്തകളെ വടക്കന്റെ ചുവടു മാറ്റത്തിലൂടെ ഹൈജാക്ക് ചെയ്യുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. കുറച്ചു ദിവസമായുള്ള പദ്ധതി കൃത്യം അതേ ദിവസം തന്നെ നടപ്പായി. അതും സസ്‌പെന്‍സ് ഒട്ടും ചോരാതെ.

ബുധനാഴ്ച പാതി രാത്രിക്ക് ഡല്‍ഹി അശോക റോഡിലെ 11 ആം നമ്പര്‍ വസതിയില്‍ നടന്ന ചര്‍ച്ചയാണ് വടക്കന്റെ പാര്‍ട്ടി മാറ്റത്തില്‍ വഴിത്തിരിവ് ആയത്. വടക്കനും ബിജെപിക്കും ഇടയില്‍ ഉള്ള മധ്യസ്ഥന്‍ ബിജെപിയുടെ രാജ്യസഭാ എംപി രാകേഷ് സിന്‍ഹ. ആര്‍എസ്എസ് സൈദ്ധാന്തികനാണ് സിന്‍ഹ. ടിവി ചര്‍ച്ചകളിലെ ബിജെപി മുഖം. ടിവി സ്റ്റുഡിയോകളില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. സിന്‍ഹയും വടക്കനും തമ്മില്‍ ചര്‍ച്ച തുടങ്ങയിട്ട് ആഴ്ചകള്‍ ആയി. തിരഞ്ഞെടുപ്പിന് മുന്‍പ് എതിരാളികളുടെ പാളയത്തില്‍ നിന്ന് ആള്‍ക്കാരെ വലിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം തന്നെ കാരണം. ബംഗാളിലെ സിപിഎം എംഎല്‍എ അടക്കം പലരും മറുകണ്ടം ചാടുന്ന കാലം. രാഹുലിന്റെ കേരള സന്ദര്‍ശനം നടക്കുന്നതിനാല്‍ ഇന്ന് തന്നെ വടക്കനെ പാര്‍ട്ടിയില്‍ എത്തിക്കുകയായിരുന്നു രാകേഷ് സിന്‍ഹയുടെ ലക്ഷ്യം.

Dont Miss: 'ഓഫീസില്‍ ചായകൊടുക്കുന്നവരെയല്ല സ്ഥാനാര്‍ഥിയാക്കേണ്ടത്'; ടോം വടക്കനെ 'ബ്ലോക്കിയത്' സേനാപതി വേണുവിന്റെ പ്രസംഗം

ഇന്നലെ വൈകിട്ട് 6 മണിക്ക് ടോം വടക്കന്‍ രാകേഷ് സിന്‍ഹയുടെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തി. ചര്‍ച്ച കഴിഞ്ഞു മടങ്ങി. അപ്പോഴും അന്തിമ തീരുമാനം ആയില്ല. രാത്രി പത്തു മണിക്ക് ശേഷം വടക്കന്‍ വീണ്ടും വിളിച്ചുവെന്ന് രാകേഷ് സിന്‍ഹ. പാര്‍ട്ടി ഉന്നത നേതാക്കളെ ഇക്കാര്യം അറിയിച്ചു. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം ലാലിന്റെ വസതിയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. ടോം വടക്കന്‍, രാകേഷ് സിന്‍ഹ, രാം ലാല്‍. മൂന്ന് പേരും തമ്മില്‍ നടന്ന കൂടിയാലോചന ഒരു മണിക്കൂര്‍ നീണ്ടു. അതിന് ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം.

വിവരം രഹസ്യമാക്കി വച്ചു. തൃണമൂല്‍ എംഎല്‍എ ബിജെപിയില്‍ ചേരുന്ന വാര്‍ത്താ സമ്മേളനത്തിലും വടക്കന്‍ വരാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചില്ല. ഇത് ട്രയിലര്‍ ആണ് സിനിമ വരും എന്ന് മാത്രമായിരുന്നു നേതാക്കള്‍ നല്‍കിയ സൂചന. പിന്നാലെ രാകേഷ് സിന്‍ഹയോടൊപ്പം വടക്കന്‍ ബിജെപി ആസ്ഥാനത്ത് എത്തി. അപ്പോഴാണ് വടക്കന്‍ ബിജെപിയില്‍ ചേരുന്നുവെന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അറിയുന്നത്. വാര്‍ത്താ സമ്മേളന വേദിയില്‍ രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വമെടുത്തു. അമിത് ഷായെ കണ്ടു.

ഇന്നലെ വരെ ബിജെപിയെ വിമര്‍ശിച്ച ടോം വടക്കന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ എന്തു കാരണം പറയും. അതും ഈ ചര്‍ച്ചയിലാണ് രൂപപ്പെടുന്നതെന്നുവേണം മനസിലാക്കാന്‍. ഭീകരര്‍ക്ക് എതിരായ മിന്നലാക്രമണത്തോടുള്ള കോണ്‍ഗ്രസ് സമീപനമാണ് കാരണം എന്ന് വടക്കന്‍ പറയുന്നു. കോണ്‍ഗ്രസിനെ അടിക്കാന്‍ ബിജെപിക്ക് ആയുധം നല്‍കുക എന്നതായിരുന്നു വടക്കന്റെ ലക്ഷ്യം. വടക്കന്റെ വരവിനെക്കാള്‍ ദേശീയ തലത്തില്‍ വടക്കന്‍ പറഞ്ഞ കാരണം തന്നെയാണ് ചര്‍ച്ചയാവുന്നത്. അതുപയോഗിച്ചു കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കാന്‍ ആകും ബിജെപിയുടെ ശ്രമം.

വടക്കന്റെ വരവിലൂടെ ന്യൂനപക്ഷ മുഖം ലഭിച്ചുവെന്നതാണ് ബിജെപി കാണുന്ന നേട്ടം. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ചുവെന്നും കരുതുന്നവരുണ്ട്. കേരളത്തില്‍ വടക്കനെ ഉപയോഗിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ വടക്കനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം..

First published: March 14, 2019, 6:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading