സഖ്യസർക്കാരിനെ വീഴ്ത്തി; പക്ഷേ യെദ്യൂരപ്പ സർക്കാരിനെ കുറിച്ച് BJP കേന്ദ്ര നേതൃത്വം മൗനം തുടരുന്നു

അടുത്ത നീക്കം എന്തെന്ന് വ്യക്തമാക്കാതെ സ്പീക്കറും സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ്

news18
Updated: July 25, 2019, 11:51 AM IST
സഖ്യസർക്കാരിനെ വീഴ്ത്തി; പക്ഷേ യെദ്യൂരപ്പ സർക്കാരിനെ കുറിച്ച് BJP കേന്ദ്ര നേതൃത്വം മൗനം തുടരുന്നു
News18
  • News18
  • Last Updated: July 25, 2019, 11:51 AM IST IST
  • Share this:
ഡി പി സതീഷ്

ബംഗളൂരു: കർണാടകയിലെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്- കോൺഗ്രസ് സഖ്യസർക്കാരിനെ പുറത്താക്കി 36 മണിക്കൂറുകൾക്ക് ശേഷവും ബിജെപി ക്യാംപിലാകെ നിശബ്ദതയാണ്. അടുത്ത മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ അധികാരമേൽക്കുമെന്നുതന്നെയാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകരും പ്രതീക്ഷിക്കുന്നത്. പക്ഷേ, ഇപ്പോഴും കാര്യങ്ങൾക്ക് വ്യക്തത വന്നിട്ടില്ല.

ന്യൂഡൽഹിയിയിലെ പാർട്ടി ആസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി ഒരു വാക്ക് പോലും പുറത്തുവന്നിട്ടില്ല. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ, പാർട്ടി അധ്യക്ഷൻ അമിത് ഷായിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുന്ന യെദ്യൂരപ്പയുടെ മനസ്സാകെ പ്രക്ഷുബ്ധമാണ്. നേതൃത്വത്തിന്റെ ഉപദേശ് മാനിച്ച് ന്യൂഡൽഹിയിലേക്കുള്ള യാത്ര അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു.
15 വിമത കോൺഗ്രസ്, ജെഡിഎസ് എംഎൽമാരെ അയോഗ്യരാക്കണമെന്ന പരാതി സ്പീക്കർ കെ ആർ രമേശ് കുമാറിന്റെ മുന്നിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറയുന്നത്. ഇരുപാർട്ടികളും തങ്ങളുടെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അവരെ അയോഗ്യരാക്കുകയാണെങ്കിൽ നിയമസഭയിലെ ആകെ എംഎൽഎമാരുടെ എണ്ണം 224ൽ നിന്ന് 205 ആയി കുറയും.

വിശ്വാസ വോട്ടെടുപ്പിൽ 105 എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വിജയിച്ചത്. സ്പീക്കർ വിമത എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം വൈകിപ്പിച്ചാൽ ബിജെപിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞെന്ന് വരില്ല. കാരണം നിലവിലെ അവസ്ഥയിൽ ഭൂരിപക്ഷത്തിന് 112-113 എംഎൽഎമാരുടെ പിന്തുണയെങ്കിലും വേണം. ഭൂരിപക്ഷം തെളിയിക്കുകയെന്ന കടമ്പ കടന്നാലും കാര്യങ്ങൾ അത്ര സുഗമമാകില്ല.

വിമത എം‌എൽ‌എമാരെ മുംബൈയിൽ നിന്ന് തിരികെ കൊണ്ടുവന്ന് സർക്കാരിന് വോട്ടുചെയ്യിക്കാൻ ബിജെപിക്ക് കഴിയും. എന്നാൽ അവരിൽ ചിലർ കോൺഗ്രസിലേക്കും ജെഡിഎസ് ക്യാമ്പിലേക്കും മടങ്ങിപ്പോകുമെന്ന ഭയം ബിജെപിക്കുണ്ട്. എങ്കിലത് വീണ്ടുമൊരു രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കും. പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട് നിയമസഭയിൽ യെദ്യൂരപ്പയെ സമ്മർദത്തിലാക്കാനാകും മുറിവേറ്റ കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നത്.

തന്റെ അടുത്ത നീക്കം എന്തെന്ന് വ്യക്തമാക്കാതെ സ്പീക്കറും സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ്. അദ്ദേഹം ചിലരെയെങ്കിലും അയോഗ്യരാക്കിയാൽ അവർക്ക് ബിജെപി മന്ത്രിസഭയിൽ ഉടൻ എത്തിച്ചേരാൻ കഴിയുകയില്ല. ഉപതെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതായി വരും. വീണ്ടും തെരഞ്ഞെടുത്താൽ മാത്രം മന്ത്രിസഭയിൽ ചേരാനാകും. എല്ലാവർക്കും ബിജെപി ടിക്കറ്റ് നൽകിയില്ലെങ്കിലോ എന്ന ആശങ്കയിലാണവർ.

ഉപതെരഞ്ഞെടുപ്പിൽ എതിരാളികളെ തറപറ്റിക്കുന്നതിന് ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. " അവർ രാജ്യദ്രോഹികളാണ്. ഒട്ടും നാണമില്ലാത്തവർ. മനസ്സാക്ഷി എന്നത് അവർക്കില്ല. അവരെ പരാജയപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യും"- അദ്ദേഹം പറഞ്ഞു. ഇത് ചിലരെയെങ്കിലും ഭയപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയെ ഒഴിവാക്കി അവർ പാർട്ടിയിലേക്ക് തിരിച്ചു പോയേക്കും. എന്നാൽ പാർട്ടിയുടെ വാതിലുകൾ അവർക്കു മുന്നിൽ എന്നെന്നേക്കുമായി അടച്ചിരിക്കുകയാണെന്നും ഇവരെ തിരിച്ച് പാർട്ടിയിലേക്ക് എടുക്കില്ലെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രിസഭാ രൂപീകരണം ബിജെപിക്ക് മുന്നിലെ മറ്റൊരു വിഷമ ഘട്ടമാണ്. നിലവിലെ 34 സീറ്റുകളിലേക്കായി 60ൽ പരം പേരുകളാണ് പാർട്ടിക്ക് മുന്നിൽ. ഏകദേശം 10 വിമതരെയെങ്കിലും ഉൾപ്പെടുത്തണം എന്നതിനാൽ, പാർട്ടിക്കുള്ളിലെ പല മുതിർന്ന നേതാക്കൾക്കും അവസരമില്ല എന്ന പ്രതിസന്ധിയും വരും. 76കാരനായ യെദ്യൂരപ്പ മന്ത്രി പദത്തിനുള്ള പ്രായ പരിധി കടന്നിരിക്കുന്നു. അദ്ദേഹം ഇല്ലാതെ കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്കും ആവില്ല. യെദ്യൂരപ്പയുടെ പിൻബലത്തിലാണ് പല എംഎൽഎമാരും കൂറുമാറ്റക്കാരും സർക്കാർ രൂപീകരണത്തിന് സമ്മതം മൂളിയതും.

മറ്റൊരു പ്രതിസന്ധി ജൂലൈ 31നകം സാമ്പത്തിക ബിൽ പാസ് ആക്കി എടുക്കുക എന്നതാണ്. ഇത് നടക്കാതിരുന്നാൽ, ചെലവിനായുള്ള പണം സർക്കാരിനുണ്ടാവാതിരിക്കുക മാത്രമല്ല സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയുമുണ്ടാകും. ഇക്കാര്യങ്ങൾ പരിഗണിച്ച് കേന്ദ്രം പ്രസിഡന്റ് ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കാര്യങ്ങൾ നിയന്ത്രണ വിധേയമായാൽ, പ്രസിഡന്റ് ഭരണം മാറി നാലാം വട്ടം യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍