• HOME
  • »
  • NEWS
  • »
  • india
  • »
  • PFI | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചേക്കും; രാജ്യവ്യാപകമായി റെയ്ഡ്, പ്രധാന നേതാക്കൾ കസ്റ്റഡിയിൽ

PFI | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചേക്കും; രാജ്യവ്യാപകമായി റെയ്ഡ്, പ്രധാന നേതാക്കൾ കസ്റ്റഡിയിൽ

നിലവിലെ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായിട്ടുള്ളത് കേരളത്തിൽ നിന്നാണ്

PFI

PFI

  • Last Updated :
  • Share this:
    പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (Popular Front Of India) ഓഫീസുകളിൽ രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയുടെയും (NIA) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറയും (ED) നേതൃത്വത്തിൽ സംയുക്ത റെയ്ഡ്. ഭീകരപ്രവർത്തനത്തിന് വേണ്ടിയുള്ള ധനസമാഹരണമടക്കം നിരവധി കുറ്റകൃത്യങ്ങൾ സംഘടനയുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള നൂറോളം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കാര്യമായ റെയ്ഡ് നടന്നത്. എൻഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡുകളിൽ ഒന്നാണിതെന്നാണ് വിലയിരുത്തൽ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് യുഎപിഎ അടക്കം ചുമത്തി 20ഓളം പേരെ ഈ മേഖലകളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടക്കുന്നതെന്ന് സോഴ്സുകൾ വ്യക്തമാക്കുന്നു.

    ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടും കാര്യമായ അന്വേഷണം നടക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായി ഇഡിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംഘടന ശ്രമിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണസംഘം റെയ്ഡ് ആരംഭിച്ചത്.

    Also read: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും NIA റെയ്ഡ്

    പൂനെയിൽ നിന്ന് രണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരാണ് പിടിയിലായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വൈകാതെ തന്നെ സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചേക്കുമെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതീവ ഗൌരവമുള്ള ആരോപണങ്ങളാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഉയരുന്നത്.

    ആഗസ്ത് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് പിഎഫ്ഐക്കെതിരായ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. നിയമവിരുദ്ധമായ നിരവധി പ്രവർത്തനങ്ങൾ ഈ സംഘടന നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. നിലവിലെ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായിട്ടുള്ളത് കേരളത്തിൽ നിന്നാണ്. ആകെ അറസ്റ്റിലായിട്ടുള്ള 100 പേരിൽ 22 പേരാണ് കേരളത്തിൽ നിന്ന് അറസ്റ്റിലായിട്ടുള്ളത്. മഹാരാഷ്ട്രയിൽ നിന്നും കർണാടകത്തിൽ നിന്നും 20 വീതം പേർ അറസ്റ്റിലായിട്ടുണ്ട്.

    ഡൽഹിയിലും എൻഐഎയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നുണ്ട്. പിഎഫ്ഐയുടെ ഉന്നതനേതാവടക്കം മൂന്ന് പേരെ ഷഹീൻബാഗിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സംഘടനയുടെ ഹെഡ് ഓഫീസ് എൻഐഎ സീൽ ചെയ്തു. രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്. കർണാടകയിലെ മംഗളൂരുവിൽ റെയ്ഡിനെതിരെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘടനയുടെ ചെയർമാൻ ഒഎംഎ സലാമിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘടനയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്. റെയ്ഡിനെതിരെ പലയിടങ്ങളിലും സംഘടനയുടെ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. കർണാടകയിൽ സുരക്ഷ ശക്തമാക്കി.
    Published by:user_57
    First published: