• HOME
  • »
  • NEWS
  • »
  • india
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

  • News18
  • Last Updated :
  • Share this:
    1. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് ആക്രമണം: സൈനികന് വീരമൃത്യു

    കശ്മീർ അതിർത്തിയിൽ പാക് സേന നടത്തിയ ആക്രമണത്തിൽ സൈനികന് വീരമൃത്യു.
    വെടിനിർത്തൽ കരാർ ലംഘനം നടത്തി നിയന്ത്രണരേഖക്ക് സമീപമുള്ള രജൗരി മേഖലയിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വച്ചായിരുന്നു പാക് ആക്രമണം.
    തോക്കും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ ലാൻസ് നായിക് സന്ദീപ് ഥാപ (35) ആണ് കൊല്ലപ്പെട്ടത്.
    രാവിലെ 6.30 ഓടെയാണ് പ്രകോപനം ഒന്നും കൂടാതെ തന്നെ പാക് സേനയുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായതെന്നാണ് സേനാവൃത്തങ്ങൾ പറയുന്നത്.
    നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് പാകിസ്ഥാൻ ആരോപിച്ചിരുന്നു.
    ഇതിന് പിന്നാലെയാണ് അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരിക്കുന്നത്.

    2. പണപ്പിരിവിൽ ഓമനക്കുട്ടൻ നിരപരാധി; മാപ്പ് പറഞ്ഞ് സർക്കാർ

    ദുരിതാശ്വാസക്യാമ്പില്‍ ഓമനക്കുട്ടൻ അനധികൃതമായി പണം പിരിച്ചിട്ടില്ലെന്ന് സർക്കാർ
    ഓമനക്കുട്ടനോട് സർക്കാർ മാപ്പു പറഞ്ഞു.
    ഓമനക്കുട്ടനെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ റവന്യൂസെക്രട്ടറി നിര്‍ദേശം നല്‍കി.
    സിപിഎമ്മും സസ്പെൻഷൻ നടപടി പിന്‍വലിച്ചു.
    തെറ്റുചെയ്തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.
    ഓമനക്കുട്ടനെതിരേ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.
    ചേര്‍ത്തല അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പിലുള്ളവര്‍ ഒറ്റക്കെട്ടായി ഓമനക്കുട്ടനു വേണ്ടി രംഗത്തെത്തി.
    തുടര്‍ന്നാണ് സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയതും തെറ്റുതിരുത്തിയതും.

    3. ദീപാ മാലിക്കിനും ബജ്റംഗ് പുനിയക്കും ഖേല്‍രത്ന; മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന

    പാരാലിമ്പിക്സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം.
    മലയാളി അത്‌ലറ്റ് മുഹമ്മദ് അനസും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അർജുന പുരസ്കാരത്തിനും അര്‍ഹരായി.
    ഒളിംപിക്സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവല്‍ ഫെഡ്രിക്സ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹനായി.
    2016ലെ പാരാലിമ്പിക്സില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി നേടിയിരുന്നു.
    പാരാലിമ്പിക്സില്‍ മെഡ‍ല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ.
    രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബജ്റംഗ് പുനിയയെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
    65 കിലോഗ്രാം വിഭാഗത്തില്‍ നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് ബജ്റംഗ്.
    400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് മുഹമ്മദ് അനസിനെത്തേടി രാജ്യത്തിന്റെ അംഗീകാരം എത്തുന്നത്.

    4. ഭൂദാനത്ത് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹം കൂടി കണ്ടെത്തി

    ജവാനായ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയവയിൽ ഒരെണ്ണം.
    ഇതോടെ മരണസംഖ്യ 40 ആയി. ഇനി 19 പേരെയാണ് കണ്ടെത്താനുള്ളത്.
    മഴ മാറി നിന്ന സാഹചര്യത്തിൽ 15 ഹിറ്റാച്ചികൾ ഉപയോഗിച്ച് അപകടമുണ്ടായ എല്ലാ സ്ഥലത്തും തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്.
    അതേ സമയം റഡാർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്താൻ ഹൈദരാബാദിൽ നിന്നുള്ള ആറംഗ സംഘം നിലമ്പൂരിലെത്തി.
    നാളെയാണ് റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തുക.
    പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നാളെയും തുടരും.
    ഇന്ന് നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.
    ഇടയ്ക്കിടെ പെയ്യുന്ന മഴ തിരച്ചിലിന് തടസമാവുന്നുണ്ട്.
    ഇനി ഏഴ് പേരെയാണ് കണ്ടെത്താനുള്ളത്.

    5. കണ്ണൂർ കോർപറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി

    മേയർ ഇ പി ലതക്ക് എതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
    ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതൻ പി കെ രാഗേഷ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
    55 അംഗ കൗൺസിലിൽ 28 വോട്ടുകൾ നേടിയാണ് യു ഡി എഫിന്റെ അവിശ്വാസ പ്രമേയം പാസായത്.
    രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാർമികമായും ശരിയല്ലെന്ന് മേയർ സ്ഥാനം നഷ്ടമായ ഇ പി ലത പ്രതികരിച്ചു.
    ഡെപ്യൂട്ടി മേയർ സ്ഥാനം പി കെ രാഗേഷ് രാജി വെയ്ക്കണമെന്ന് എം വി ജയരാജൻ ആവശ്യപ്പെട്ടു.
    എം വി ജയരാജന്റെ ആരോപണം ബാലിശമെന്ന് കെ സുധാകരൻ തിരിച്ചടിച്ചു.
    കോർപറേഷന്റെ മേയർ സ്ഥാനത്തേക്ക് സുമ ബാലകൃഷ്ണനെയാണ് കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നത്.

    6. ലൂസി കളപ്പുരക്കൽ മഠം വിട്ടപോകണമെന്ന ആവശ്യവുമായി സഭ രംഗത്ത്

    മകളെ കൂട്ടികൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സന്യാസിനി സമൂഹം ലൂസി കളപ്പുരക്ക‌ലിന്റെ അമ്മക്ക് കത്ത് നൽകി.
    നടപടിക്കെതിരെ വത്തിക്കാന് പരാതി അയച്ചതായി സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു.
    സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ചായിരുന്നു എഫ് സി സി സന്യാസിനി സമൂഹത്തിൽ നിന്നും സിസ്റ്റർ ലൂസി കളപ്പുരക്കലിനെ പുറത്താക്കുന്നത്.
    ആക്ഷേപമുണ്ടെങ്കിൽ പത്ത് ദിവസത്തിനകം പൗരസ്ത്യ തിരുസംഘത്തിന് പരാതി നൽകാമെന്ന വ്യവസ്ഥയോടെയായിരുന്നു പുറത്താക്കൽ.
    ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ലൂസിയുടെ അമ്മ റോസമ്മക്ക് സഭ കത്തയച്ചിരിക്കുന്നത്.
    17ന് മുമ്പായി സിസ്റ്റർ താമസിക്കുന്ന കാരക്കാമൂല മഠത്തിൽ നിന്നും മകളെ കൊണ്ട് പോകണമെന്ന് കത്തിൽ പറയുന്നു.
    സഭാചട്ടങ്ങൾ ലംഘിച്ചതിനാണ് പുറത്താക്കിയതെന്നും തിരുത്തൽ നിർദേശിച്ചിരുന്നുവെങ്കിലും ലൂസി കളപ്പുര അനുസരിക്കാൻ തയാറായില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കത്തയച്ച് തന്നെയും അമ്മയെയും അപമാനിച്ചുവെന്ന് ലൂസി കളപ്പുരക്കൽ പറഞ്ഞു.

    7. സിപിഐ നേതാക്കൾക്കെതിരായ ലാത്തിചാർജിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ഡിജിപി

    പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും ഡിജിപി സർക്കാരിനെ അറിയിച്ചു.
    ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിലാണ് എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള നേതാക്കൾക്കെതിരെ പൊലീസ് ലാത്തി ചാർജ് നടത്തിയത്.
    കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു.
    നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
    എന്നാൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിലപാട്.
    സംഭവം അന്വേഷിച്ച കളക്ടറുടെ റിപ്പോർട്ടിൻമേലാണ് ഡിജിപി അഭിപ്രായം രേഖപ്പെടുത്തിയത്.
    പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.
    അതേസമയം, മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് സിപിഐ നേതാക്കൾ പറഞ്ഞത്.

    8. ഗാഡ്ഗിൽ റിപ്പോർട്ട് ഗൗരവമായി എടുക്കണമെന്ന് മുല്ലപ്പള്ളി; റിപ്പോർട്ട്‌ അപ്രസക്തമെന്ന് ഡീൻ കുര്യാക്കോസ്

    കേരളം നേരിട്ട പ്രളയത്തിന്റേയും ഉരുള്‍പ്പൊട്ടല്‍ അടക്കമുള്ള പ്രകൃതിദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൗരവമായി എടുക്കണമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ.
    ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കാന്‍ തയാറാകണം.
    വര്‍ഷങ്ങളായി മലയോര മേഖലകളില്‍ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുള്ളത്.
    അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയെയോ റിസോര്‍ട്ട് ഉടമകളെയോ സഹായിക്കാന്‍ വേണ്ടിയല്ല യുഡിഎഫ് സര്‍ക്കാര്‍ നിലപാട് എടുത്തത്.
    പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇനിയൊരു കടന്നാക്രമണവും കയ്യേറ്റവും അനുവദിക്കാനാവില്ലെന്നും മുല്ലപ്പളളി പറഞ്ഞു.
    അതേസമയം, ഗാഡ്ഗിൽ റിപ്പോർട്ട്‌ അപ്രസക്തമെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു.
    ഗാഡ്ഗിൽ റിപ്പോർട്ട്‌ ചർച്ച ചെയ്ത് ഒഴിവാക്കിയതാണ്.
    കസ്തൂരി രംഗൻ റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കർഷകരെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

    9. മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചിത്രവാദവുമായി പൊലീസ്

    കേസെടുക്കാൻ വൈകിയത് പരാതി നൽകാൻ വൈകിയത് കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്.
    ഏഴ് മണിക്കൂർ കഴിഞ്ഞാണ് സിറാജ് മാനേജ്മെന്റ് പരാതി നൽകിയത്.
    രക്തപരിശോധന നടത്താൻ ഡോക്ടർമാർ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
    തിരുവനന്തപുരം സിജെഎം കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

    10. ഡൽഹി എയിംസിൽ വൻതീപിടിത്തം

    അഞ്ചുമണിയോടെ തീപിടിത്തം ഉണ്ടായത്.
    പടർന്നു പിടിച്ച തീ കെടുത്താന്‍ അഗ്നിരക്ഷാസേനയുടെ 39 വാഹനങ്ങളാണു സ്ഥലത്തെത്തിയത്.
    തീപിടിത്തത്തിൽ‌ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടുകളില്ല.
    ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്താണു തീപിടിത്തം തുടങ്ങിയത്.
    ഉടൻ തന്നെ കെട്ടിടത്തിൽനിന്ന് ആൾക്കാരെ ഒഴിപ്പിച്ചു.
    തീപിടിത്തമുണ്ടായ കെട്ടിടത്തിൽ രോഗികളെ ചികിത്സിക്കുന്നില്ല.
    ഡോക്ടർമാരുടെ മുറികളും ഗവേഷണ ലാബുകളുമാണ് ഈ കെട്ടിടത്തിലുള്ളത്.

    First published: