നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

  top news

  top news

  • News18
  • Last Updated :
  • Share this:
   1. കശ്മീർ ഉഭയകക്ഷി പ്രശ്നം; മധ്യസ്ഥത വേണ്ടെന്ന് മോദി; നിലപാട് തിരുത്തി ട്രംപ്

   ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
   ഫ്രാൻസിലെ ബിയാറിറ്റ്സിൽ ജി7 ഉച്ചക്കോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്‌.
   കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് മോദി ആവര്‍ത്തിച്ചു.
   വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന അഭിപ്രായമാണ് ട്രംപും പങ്കുവച്ചത്‌.
   ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ നല്ലൊരു തീരുമാനത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.

   2. അധിക കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തീരുമാനം

   മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ആർബിഐ ബോർഡിന്റെ തീരുമാനം.
   കേന്ദ്രസർക്കാരിന് 1,76,051 കോടി രൂപ കൈമാറാനാണ് റിസർവ് ബാങ്ക് ബോർ‍ഡ് തീരുമാനിച്ചത്.
   2018-19 സാമ്പത്തിക വർഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപ (ഇസിഎഫ്) ഉൾപ്പെടെയാണിത്.
   റിസർവ് ബാങ്കിന്റെ നീക്കിയിരിപ്പ് സർക്കാരിന് കൈമാറുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ബിമൽ ജലാൻ സമിതി അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
   കേന്ദ്ര ബാങ്ക് നിലനിര്‍ത്തേണ്ട മൂലധന അനുപാതം എത്രയെന്ന് പഠിക്കുകയായിരുന്നു സമിതിയുടെ ചുമതല.
   കേന്ദ്ര ബാങ്ക് സൂക്ഷിക്കേണ്ട റിസര്‍വ് ഫണ്ടിനെ ചൊല്ലി നേരത്തെ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തകര്‍ക്കമുണ്ടായിരുന്നു.
   റിസര്‍വ് ബാങ്കിന്റെ പക്കലുളള അധിക മൂലധനം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

   3. യുഡിഎഫിന് തലവേദനയായി കേരള കോൺഗ്രസിലെ പോര്; പാലായിലെ സ്ഥാനാർഥി കാര്യത്തിൽ തീരുമാനമായില്ല

   ജോസ് കെ മാണി -ജോസഫ് വിഭാഗങ്ങളുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു.
   ‌തർക്കം പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച .
   വിജയസാധ്യതയെ ബാധിക്കരുതെന്ന് ഇരുവിഭാഗത്തിനും മുന്നറിയിപ്പ്.
   പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 9 അംഗ സമിതി.
   സ്ഥാനാർഥിയെ നിർണയിക്കാനുളള അധികാരം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് ജോസഫ് വിഭാഗം അംഗീകരിക്കുന്നു.
   എന്നാൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് പാർട്ടി ചെയർമാനായ പി ജെ ജോസഫ് ആയിരിക്കണം എന്നാണ് ആവശ്യം.
   അങ്ങനെയെങ്കിൽ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിൽക്കുന്ന കേസിൽ ഇത് ജോസഫിന് അനുകൂലമായി വ്യാഖ്യാനിക്കപ്പെടും.
   അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ല.

   4. പാലായിലെ സ്ഥാനാര്‍ഥിയെ ചൊല്ലി എന്‍ സി പി നേതാക്കള്‍ പലതട്ടില്‍

   സീറ്റ് വേണമെന്ന ആവശ്യം പാര്‍ട്ടി ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി ന്യൂസ് 18 നോട് പറഞ്ഞു.
   സ്ഥാനാര്‍ഥിയായി പാലാ ബ്ലോക്ക് കമ്മിറ്റി നിര്‍ദ്ദേശിച്ചത് തന്റെ പേരാണെന്ന് മാണി സി കാപ്പന്‍ പറയുന്നു.
   28 നു ചേരുന്ന സംസ്ഥാന സമിതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ വ്യക്തമാക്കിയത്.
   അതേസമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജനും പറഞ്ഞു.

   5. മഞ്ചേശ്വരം ഉള്‍പ്പെടെ ഒഴിവുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബറിൽ

   സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
   മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചത് ജൂണിലായതിനാല്‍ നവംബര്‍ വരെ തെരഞ്ഞെടുപ്പിന് സമയമുണ്ട്.
   ഒക്ടോബറില്‍ വിജ്ഞാപനം വരികയും നവംബറില്‍ തെരഞ്ഞെടുപ്പ് നടുത്തുകയും ചെയ്യാനാണ് സാധ്യതയെന്ന് ടിക്കാറാം മീണ പറഞ്ഞു.
   പാലാ ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്നും മീണ വ്യക്തമാക്കി.
   പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തിനുപിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം ടിക്കാറാംമീണ തള്ളി.
   പാലായില്‍ മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കും
   തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പാലായെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനു കഴിയില്ല.

   6. ശബരിമലയിലെ പൊലീസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി; ലോക്കപ്പ് മർദനത്തിൽ വിമർശനവും

   നാട് കുരുതിക്കളമാക്കാന്‍ വന്നവരെ തടഞ്ഞ പൊലീസിനെ നാടിനു വേണ്ടി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
   വര്‍ഗീയ കോമരങ്ങള്‍ പൊലീസിനെ ആക്രമിച്ചിട്ടും അവര്‍ നിയന്ത്രണം പാലിച്ചു.
   ‌കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
   കൊല്ലത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   എന്നാൽ പൊലീസ് സേന ചിലപ്പോള്‍ ദുഷ്പേരുണ്ടാക്കുന്നു.
   ലോക്കപ്പ് മര്‍ദനം പൊലീസിന്റെ മറ്റൊരു മുഖമായി. അതിന്റെ കാരണം ആലോചിക്കണം.
   പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   7. ഐഎൻഎക്സ് മീഡിയ കേസ്: മുൻ ധനമന്ത്രി പി ചിദംബരത്തെ നാല് ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു

   കേസിലെ മറ്റ് പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു.
   ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ലെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
   അതേ സമയം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസിൽ ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നാളത്തേക്ക് നീട്ടി.

   8. സിസ്റ്റർ അഭയ കേസ്: വിചാരണ വേളയിൽ സാക്ഷി കൂറുമാറി

   അമ്പതാം സാക്ഷി സിസ്റ്റർ അനുപമയാണ് മൊഴി മാറ്റിയത്.
   അഭയയുടെ മഠത്തിലെ അന്തേവാസിയായിരുന്നു സിസ്റ്റർ അനുപമ.
   സംഭവ ദിവസം അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കോൺവെന്റിലെ അടുക്കളയിൽ കണ്ടുവെന്നായിരുന്നു അനുപമയുടെ ആദ്യ മൊഴി.
   എന്നാൽ വിചാരണ വേളയിൽ മൊഴി മാറ്റിയതോടെ സാക്ഷി കൂറ് മാറിയതായി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രഖ്യാപിച്ചു.
   കൊലപാതകം നടന്നു 27 വർഷത്തിന് ശേഷം ആരംഭിച്ച വിചാരണയിൽ ഇന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. മറ്റ് രണ്ട് സാക്ഷികൾ നേരത്തെ മരിച്ചതിനാൽ സിസ്റ്റർ അനുപമയെ മാത്രമാണ് ഇന്ന് വിസ്തരിച്ചത്.
   ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി എന്നിവർക്കെതിരെയാണ് കേസിൽ വിചാരണ.
   രണ്ടു ഘട്ടമായി നടത്തിയ അന്വേഷണത്തിൽ 177 സാക്ഷികളാണുള്ളത്.

   9. നിരവധിപേർ ചേർന്നു പീഡിപ്പിച്ചു; കോഴിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ

   കോഴിക്കോട് പേരാമ്പ്രയിൽ കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.
   കേസിൽ പേരാമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്തു.
   തണ്ടോറപ്പാറ സ്വദേശികളായ മാണിക്കോത്ത് ഷെഫീഖ്, പീടികയുള്ള പറമ്പത്ത് ജുനൈദ്, പാറാടിക്കുന്നുമ്മൽ മുഹമ്മദ് അൻഷിഫ് എന്നിവരെയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.

   10. ബൂംറയും രഹാനെയും കസറി; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 318 റൺസ് ജയം

   അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്.
   കേവലം ഏഴ് റൺസ് മാത്രം വിട്ട് നൽകിയാണ് ബുംറ അഞ്ച് വിക്കറ്റ് കൊയ്തത്.
   രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ 100 റൺസിന് എറിഞ്ഞിട്ട ഇന്ത്യ ഒരു ദിവസം ബാക്കി നിൽക്കേയാണ് 318 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയത്.
   ഇശാന്ത് ശർമ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി.
   419 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നിരയിൽ 38 റൺസെടുത്ത കെമാർ റോച്ചിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.
   നേരത്തെ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ മികവിൽ 343 റൺസെടുത്ത ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
   ഹനുമാ വിഹാരി 93 റൺസും വിരാട് കോലി 51 റൺസും നേടിയിരുന്നു.

   First published:
   )}