1. ചന്ദ്രയാൻ 2 ചന്ദ്രനെ തൊടാൻ മണിക്കൂറുകൾ മാത്രം; കാത്തിരിപ്പിൽ രാജ്യം
ഇന്ത്യയുടെ അഭിമാനമുയർത്താൻ ചന്ദ്രയാൻ 2 ശനിയാഴ്ച പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും.
ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് രാജ്യം.
വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനിൽ ഇറക്കാനായാൽ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
ചന്ദ്രന്റെ 30 കിലോമീറ്റർ ഉപരിതലത്തിൽനിന്നാണ് പേടകത്തിന്റെ സോഫ്ട് ലാൻഡിംഗ് ആരംഭിക്കുന്നത്.
ഇതിന് 15 മിനിട്ടോളം സമയമെടുക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.ശിവൻ വ്യക്തമാക്കി.
ഈ 15 മിനിട്ടുകള്‍ ഇസ്രോയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്.
ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്നത്.
അന്തരീക്ഷമില്ലാത്തതിനാൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് പേടകം സുരക്ഷിതമായി ഇറക്കേണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർഥികളും വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ് തത്സമയം കാണാൻ ISRO ആസ്ഥാനത്തെത്തും.
2. മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി
എങ്ങനെ പൊളിക്കണമെന്ന് പഠിക്കാന്‍ ചെന്നൈ ഐഐടിയെ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന മറുപടിയുമായി ഇനി വന്നുപോകരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ നാന്നൂറോളം ഫ്ളാറ്റുകൾ 20ന് മുന്‍പു പൊളിക്കണം.
അഞ്ചാമത്തെ ഫ്ളാറ്റ് സമുച്ചയത്തിനായി അനുമതി തേടിയ സ്ഥലത്ത് ഒരു നിര്‍മാണവും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
12 മുതല്‍ 19 നിലകള്‍ വരെയുള്ള കെട്ടിടങ്ങളാണ് ശേഷിക്കുന്ന 14 ദിവസംകൊണ്ട് പൊളിക്കേണ്ടത്.
മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയവും ബോധപൂര്‍വ്വം തീരദേശ പരിപാലന നിയമം ലംഘിച്ചു എന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
3. കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ; സത്യപ്രതിജ്ഞ മലയാളത്തിൽ
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തു.
രാജ്ഭവൻ അങ്കണത്തിലെ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ആരിഫ് മുഹമ്മദ് ഖാൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പതിവുകൾ തെറ്റിച്ച് മലയാളത്തിലായിരുന്നു ഗവർണറുടെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഗവർണർക്ക് ആശംസകളർപ്പിച്ചു.
കേരളത്തിൻറെ സമഗ്ര ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം മന്ത്രി കെ.ടി ജലീൽ ഗവർണർക്ക് സമ്മാനിച്ചു.
ഭാര്യ രേഷ്മ ആരിഫും, മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ 22ാമത്തെ ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ.
4. ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ
ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവരും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ശബരിമല ക്ഷേത്രത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
ശബരിമലയിലെ വിഷയങ്ങളില്‍ ദേവപ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് പന്തളം രാജ കുടുംബാംഗം രേവതി നാൾ പി. രാമവർമ രാജ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ഈ ഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
നിയമനിർമാണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഹർജി നാലാഴ്ചത്തേക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.
5. PSC പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളെ വീണ്ടും പരീക്ഷ എഴുതിക്കും
ജയിലിൽ പരീക്ഷ നടത്താൻ കോടതിയോട് അനുമതി തേടി.
ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി.
ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ബൗദ്ധിക നിലവാരം അളക്കുന്നതിനായാണ് പരീക്ഷ വീണ്ടും നടത്തുന്നത്.
ഇതിനായി അന്വേഷണസംഘം തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി തേടി.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷയുടെ തിയതിയും സമയവും നിശ്ചയിക്കും.
നേരത്തെ പ്രതികളോട് പി.എസ്.സി ചോദ്യപേപ്പറില്‍നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
6. സിപിഎം കളമശേരി ഏരിയാ സെക്രട്ടറിയുടെ ഫോൺസംഭാഷണത്തിൽ അന്വേഷണം
കളമശ്ശേരി എസ് ഐ അമൃത് രംഗനും സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള വിവാദ ഫോണ്‍ സംഭാഷണത്തില്‍ പൊലീസിന്റെ വകുപ്പുതല അന്വേഷണം.
എറണാകുളം ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
ഔദ്യോഗിക നമ്പറില്‍ നിന്നും സക്കീര്‍ ഹുസൈനുമായുള്ള സംഭാഷണം എസ് ഐ റെക്കോഡ് ചെയ്ത് പുറത്തുവിട്ടെന്ന ആരോപണത്തിലാണ് പ്രധാനമായും
അന്വേഷണം നടക്കുക.
അന്വേഷണത്തില്‍ ആരോപണം തെളിഞ്ഞാല്‍ അച്ചടക്ക ലംഘനത്തിന് എസ് ഐ അമൃത് രംഗനെതിരെ വകുപ്പുതല നടപടിയുണ്ടാകും.
7. യുഡിഎഫിന് തലവേദനയായി ജോസ് -ജോസഫ് പോര്
തെരഞ്ഞെടുപ്പ് കൺവെൻഷനിലെ കൂക്കുവിളിക്ക് പിന്നാലെ പി ജെ ജോസഫിനെതിരെ കടുത്ത വിമർശനവുമായി കേരള കോൺഗ്രസ്സിന്റെ മുഖപത്രം പ്രതിച്ഛായ.
സ്ഥാനാർഥി നിർണയത്തിൽ ചോര പൊടിയുന്നത് കാത്തിരുന്ന കുറുക്കൻ ആണ് ജോസഫ് എന്നാണ് പ്രതിച്ഛായയുടെ പരോക്ഷവിമർശനം.
ജോസ് കെ മാണിയെ വാനോളം പുകഴ്ത്തുന്ന ലേഖനത്തിൽ പേര് പരാമർശിക്കാതെയാണ് ജോസഫിനെതിരായ ആക്രമണങ്ങൾ.
ജോസ് കെ മാണിക്ക് പക്വതയില്ലന്ന് പിജെ ജോസഫ് തിരിച്ചടിച്ചു.
ലേഖനം വിവാദമായതോടെ പരാമർശങ്ങളെ തള്ളി ജോസ് കെ മാണി രംഗത്തെത്തി.
8. സംസ്ഥാനത്ത് ഓണത്തിന് ശേഷം പാല്‍ വില കൂടും
സെപ്റ്റംബര്‍ 21 മുതല്‍ ലിറ്ററിന് നാല് രൂപ വീതം വർധിപ്പിക്കാനാണ് ധാരണ.
മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വർധിപ്പിച്ച വിലയുടെ 83 ശതമാനം ക്ഷീരകര്‍ഷകന് നല്‍കും.
നിലവില്‍ അര ലിറ്റര്‍ നീല കവര്‍ പാലിന് 21 രൂപ എന്നത് 23 രൂപയാകും.
മഞ്ഞ കവര്‍ പാലിന് 19.50 രൂപ എന്നത് 21.50 രൂപയായും വർധിക്കും.
ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി ചൂണ്ടികാട്ടിയാണ് പാല്‍വില വർധിപ്പിക്കണമെന്ന ആവശ്യം മില്‍മ മുന്നോട്ട് വച്ചത്.
ചെയര്‍മാന്‍ മാരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിൽ വിലവർധിപ്പിക്കാമെന്ന ധാരണയിലെത്തി.
16ന് ചേരുന്ന മില്‍മ ബോര്‍ഡ് യോഗത്തിന് ശേഷം വിലവര്‍ധനവ് പ്രഖ്യാപിക്കും.
9. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് CBI; റിപ്പോര്‍ട്ട് മടക്കി കോടതി
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല ആത്മഹത്യയാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി മടക്കി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സി.ബി.ഐ റിപ്പോര്‍ട്ട് മടക്കിയത്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കണ്ടെത്തലുകള്‍ സാധൂകരിക്കാന്‍ പതിനഞ്ചിലധികം രേഖകള്‍ കൂട്ടിച്ചേര്‍ത്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മോഷണക്കുറ്റത്തിന് പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് 2014 മേയിലാണ് മരിച്ചത്.
ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ശ്രീജിവ് പിന്നീട് മരിച്ചു.
ഇതു കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്.
10. വിവാദ ചികിത്സകൻ മോഹനൻ വൈദ്യന്റെ ചികിത്സാകേന്ദ്രം അടച്ചുപൂട്ടി
കായംകുളത്തെ ചികില്‍സാ കേന്ദ്രമാണ് അടച്ചുപൂട്ടി സീൽ ചെയ്തത്.
വൈകുന്നേരം 5 മണിക്ക് മുമ്പ് ചികിത്സാ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു.
ഇത് പാലിക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ, ജീവനക്കാരെ പുറത്താക്കി ചികിത്സാ കേന്ദ്രം സീൽ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Evening digest, India news, Kerala news, News headline, Pala ByElection, Top news