• HOME
 • »
 • NEWS
 • »
 • india
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • News18
 • Last Updated :
 • Share this:
  1. മരട് ഫ്ലാറ്റ് പൊളിക്കാനുള്ള ടെൻഡറിൽ 13 കമ്പനികൾ; നഗരസഭാസെക്രട്ടറിയെ ഫ്ളാറ്റുടമകൾ തടഞ്ഞു

  മരടിലെ ഫ്ലാറ്റുകളിൽനിന്ന് പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ നഗരസഭാ സെക്രട്ടറിയെ ഫ്ലാറ്റുടമകൾ തടഞ്ഞു.
  പ്രതിഷേധത്തെത്തുടർന്ന് ഗേറ്റിനു പുറത്ത് നോട്ടീസ് പതിപ്പിച്ച് കണക്കെടുക്കാതെ സെക്രട്ടറി മടങ്ങി.
  ഫ്‌ളാറ്റുകള്‍ സംബന്ധിച്ച വസ്തുതകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം കേന്ദ്ര സര്‍ക്കാരിനെ നേരില്‍ കണ്ട് ധരിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
  മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നഗരസഭയുടെ ടെൻഡറിൽ താൽപര്യം അറിയിച്ച് 13 കമ്പനികൾ.
  കേരളത്തിന് പുറത്തുള്ളവയാണ് കമ്പനികള്‍.
  പട്ടിക നാളെ മരട് നഗരസഭ പരിശോധിക്കും.
  ഏത് കമ്പനിയെ ഫ്ലാറ്റ് പൊളിക്കാൻ തെരഞ്ഞെടുക്കണം എന്നത് വിദഗ്ധ സമിതി തീരുമാനിക്കും.

  2. മരട് ഫ്ലാറ്റ്: പ്രധാനമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിടാതെ മൂന്നുപേർ; യുഡിഎഫ് എം.പിമാർക്കിടയിൽ ഭിന്നത

  കേരളത്തിലെ ലോക്സഭാംഗങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ മൂന്ന് യുഡിഎഫ് എംപിമാർ ഒപ്പിട്ടില്ല.
  നിയമലംഘകർക്കെതിരെ കർശന നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടാത്തതിനാലാണ് ഒപ്പിടാത്തതെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി.
  മരടിലെ ഫ്ലാറ്റ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ നിന്നുമുള്ള എംപിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്.
  സിപിഎം അംഗം എ എം ആരിഫ് ഉൾപ്പെടെ 17 ലോക്സഭാംഗങ്ങൾ കത്തിൽ ഒപ്പുവെച്ചു.
  കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
  എന്നാൽ യുഡിഎഫ് എംപിമാരായ ടിഎൻ പ്രതാപനും എൻ കെ പ്രേമചന്ദ്രനും രാഹുൽ ഗാന്ധിയും നിവേദനത്തിൽ ഒപ്പുവെച്ചില്ല.
  വിഷയത്തിൽ വ്യത്യസ്ത നിലപാടുള്ളതിനാലാണ് ഒപ്പ് വെക്കാതിരുന്നതെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. മരടിൽ വീടുകൾ നഷ്ടപ്പെടുന്നവരോട് അനുഭാവമുണ്ടെങ്കിലും നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് നിലപാടെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി.

  3. പാലാരിവട്ടം പാലം: ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പുതുക്കിപ്പണിയും

  ചെന്നൈ IIT റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ ശ്രീധരനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
  റിപ്പോർട്ടിൽ തകർച്ച നേരിട്ട പാലം പുനരുദ്ധരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
  അടിസ്ഥാനപരമായി പാലത്തിനു ബലക്ഷയം ഉണ്ട്.
  പുനരുദ്ധാരണമോ, ശക്തിപ്പെടുത്താലോ ഫലപ്രദമാകില്ല.
  സ്ഥായിയായ പരിഹാരമായി പാലം പുതുക്കിപ്പണിയണം.
  സാങ്കേതിക മികവുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
  മേൽനോട്ടത്തിനും വിദഗ്ധ ഏജൻസിയുണ്ടാവും.
  ഒക്ടോബർ ആദ്യ വാരം നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിടുന്നു.

  4. സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് RBI ഗവർണർ

  ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.
  CNBC- TV18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
  രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.
  ആർബിഐ 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രവചിച്ചത്.
  5.5 ശതമാനത്തിലും താഴേക്ക് പോകുമെന്ന് ആരും കരുതിയതല്ല.
  2019-20 സാമ്പത്തിക വർഷത്തിലെ 5.5 ശതമാനം വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞതാണ്.
  നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

  5. കേരളാ കോണ്‍ഗ്രസിലെ ഭിന്നത പ്രധാന വിഷയമെന്ന് ന്യൂസ് 18 സർവേ

  പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ഭിന്നത പ്രധാന വിഷയമെന്ന് ന്യൂസ് 18 സർവേ.
  സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തപ്പെടും.
  ശബരിമല/പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് 11.9 ശതമാനം പേർ
  മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വോട്ടെടുപ്പിൽ നിർണായകമാകുമെന്ന് 5.8 ശതമാനം പേർ
  കേന്ദ്രസർക്കാർ നയങ്ങൾ ചർച്ചയാകുമെന്ന് 6.4 ശതാമനം പേരും പറഞ്ഞു.

  6. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിൽ

  നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഹർജിയിൽ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു.
  ദിലീപ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നും ആവശ്യം.
  തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും ദൃശ്യങ്ങൾ ദുരുപയോഗം ചെയതേക്കാമെന്നും അപേക്ഷയിൽ പറയുന്നു.
  സ്വകാര്യത മൗലികാവകാശമാണെന്ന് വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
  അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും.
  അപേക്ഷക്കൊപ്പം ചില സുപ്രധാന രേഖകളും തെളിവുകളും നടി സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്.
  മുദ്രവെച്ച കവറിലാണ് ഈ രേഖകൾ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയത്.

  7. വടക്കാഞ്ചേരി പീഡനക്കേസ്: അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്

  വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ ഉൾപ്പെട്ട വിവാദമായ വടക്കാഞ്ചേരി പീഡന കേസിലെ ആഭ്യന്തര വകുപ്പിന്റെ അന്തിമ റിപ്പോർട്ടാണ് പുറത്തുവന്നത്.
  പരാതി വ്യാജമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
  പരാതി ഉന്നയിച്ച യുവതിയും ഭർത്താവും സി.പി.എം കൗൺസിലർ ജയന്തന് മൂന്നര ലക്ഷം രൂപ രേഖകളില്ലാതെ കടമായി നൽകിയിരുന്നു.
  ഇത് പലപ്പോഴായി ചോദിച്ചിട്ടും നൽകാത്തതും യുവതിയുടെ ഭർത്താവിന് നേരെയുണ്ടായ മർദ്ദനത്തിലുണ്ടായ വിരോധവുമാണ് പരാതിക്കു കാരണമെന്നാണ് കേസ് അന്വേഷിച്ച ജി. പൂങ്കുഴലി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
  എഫ്.ഐ.ആർ തെറ്റാണെന്ന് കാണിച്ചു കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
  ഇതിനിടെ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിനെതിരെ അനിൽ അക്കര എം.എൽ.എ രംഗത്ത് വന്നു.
  കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചിരുന്നെന്ന് അനിൽ അക്കര എം.എൽ.എ ആരോപിച്ചു.
  2016ലാണ് പരാതിക്കടിസ്ഥാനമായ ആരോപണം ഉയർന്നത്.
  തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയായിരുന്നു ആരോപണം.

  8. പി എസ് സി പരീക്ഷകൾ മലയാളത്തിൽ

  പി എസ് സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
  അടുത്തതായി നടക്കാൻ പോകുന്ന KAS പരീക്ഷക്ക് ഉൾപ്പെടെ മലയാളത്തിൽ ചോദ്യപേപ്പർ നൽകണമെന്ന നിർദ്ദേശം സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്.
  മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം.
  ഒരു ഭാഷയ്ക്കും സർക്കാർ എതിരല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
  മലയാളത്തെ ചവിട്ടിത്താഴ്ത്തി മറ്റു ഭാഷകൾ പഠിക്കുകയല്ല വേണ്ടത്.
  സാങ്കേതിക പദങ്ങൾക്കായി വിജ്ഞാന ഭാഷ നിഘണ്ടു നിർമ്മിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി.
  മുഖ്യമന്ത്രിയുടെ വാക്ക് മുഖവിലയ്‌ക്കെടുത്ത് സമരം നിര്‍ത്തിവച്ചതായി ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.

  9. ജമ്മു കശ്മീരിൽ സാധാരണ ജീവിതം ഉറപ്പാക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി

  കശ്മീരിലെ സ്ഥിതിഗതികൾ വ്യക്തമാക്കാൻ ജമ്മു കശ്മീർ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
  ആവശ്യമെങ്കിൽ കശ്മീരിൽ നേരിട്ട് പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി മുന്നറിയിപ്പ് നൽകി.
  കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കശ്മീർ സന്ദർശിക്കാൻ കോടതി അനുമതി നൽകി.
  കുട്ടികളുടെ അനധികൃത തടങ്കൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം നടക്കവെ ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല എന്ന് സാമൂഹ്യ പ്രവർത്തക ഏനാക്ഷി ഗാംഗുലിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു.
  ഈ പരാതിയിലാണ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി റിപ്പോർട്ട് തേടിയത്.
  നാഷണൽ കോൺഫറന്സ് നേതാവ് ഫറുക്ക് അബ്ദുളള വീട്ടു തടങ്കലിലാണന്ന എംഡിഎംകെ നേതാവ് വൈക്കോയുടെ ഹർജിയിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു.

  10. 'കന്നഡ മുഖ്യഭാഷ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

  ഹിന്ദി മുഖ്യഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിനെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രംഗത്ത്.
  രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു.
  കർണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യം.
  ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
  ഒറ്റ രാജ്യം, ഒറ്റ ഭാഷ എന്ന മുദ്രാവാക്യമുയർത്തിയാണ് മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്ന് ഹിന്ദി ദിവസിനോടനുബന്ധിച്ച് അമിത് ഷാ ട്വീ​റ്റ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
  കർണാടകത്തിൽ വിവിധ സംഘടനകൾ വിമർശനവുമായി തെരുവിൽ ഇറങ്ങിയതിനു പിന്നാലെയാണ് ബി.ജെ.പിയുടെ മുതിർന്ന നേതാവു കൂടിയായ മുഖ്യമന്ത്രിതന്നെ അമിത് ഷായെ തള്ളി രംഗത്തുവന്നത്.

  First published: