• HOME
 • »
 • NEWS
 • »
 • india
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ....

top news

top news

 • News18
 • Last Updated :
 • Share this:
  1. ഹോട്ടൽമുറികളുടെ ജി.എസ്.ടി നിരക്ക് കുറച്ചു; കഫീൻ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും

  ഗോവയിൽ ചേർന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗൺസിൽ യോഗത്തിലാണ് തീരുമാനം.
  7500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി.
  7500 രൂപയിൽ കുറവു വാടകയുള്ള മുറികൾക്ക് 18ൽ നിന്ന് 12 ശതമാനമായും കുറച്ചു.
  1000 രൂപ വരെ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി ഈടാക്കില്ല.
  കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും.
  ഇവയുടെ ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി.
  12 ശതമാനം സെസും ഏർപ്പെടുത്തി.
  ഇതോടെ ആകെ നികുതി നിരക്ക് 40 ശതമാനമായി.
  റെയിൽവേ വാഗണുകൾക്കുള്ള ജി.എസ്.ടി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.

  2. കോർപറേറ്റ് നികുതി വെട്ടിക്കുറച്ചു; ഓഹരി വിപണി കുതിച്ചുയർന്നു

  പുതുതായി ആരംഭിക്കുന്ന കമ്പനികളുടെ നികുതിയും 15 ശതമാനമാക്കി കുറച്ചു.
  വിപണിയിലെ മാന്ദ്യം മറികടക്കുന്നതിന് വേണ്ടിയാണ് പുതിയ പ്രഖ്യാപങ്ങളെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.
  മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓഹരി വിപണി കുതിച്ചുയർന്നു.
  സെൻസെ‌ക്സ് 900 പോയിന്റുകൾ ഉയർന്നപ്പോൾ നിഫ്റ്റി 10,900 മാർക്കിലെത്തി.
  നിലവിൽ സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും പറ്റാത്ത കമ്പനികളുടെ കോർപറേറ്റ് നികുതി 30 ൽ നിന്നും 22 ശതമാനമാക്കിയാണ് വെട്ടിക്കുറച്ചത്.
  സർച്ചാർജുകൾ അടക്കം ഈ കമ്പനികൾ 25.2 ശതമാനം നികുതി അടച്ചാൽ മതി.
  1961ലെ ഇൻകം ടാക്‌സ് നിയമത്തിൽ ഇതിന് വേണ്ടി ഭേദഗതി കൊണ്ടുവരും.
  വ്യവസായ വളർച്ചയും നിക്ഷേപവും ശക്തമാക്കുന്നതിന് വേണ്ടി നിയമത്തിൽ പുതിയ ഭേദഗതികൾ ഉൾപ്പെടുത്തും.
  കമ്പനികൾ മുൻകൂറായി അടച്ച അധിക നികുതി തിരികെ നൽകും.

  3. ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമാക്കി പാലായിൽ മുന്നണികളുടെ കൊട്ടിക്കലാശം

  ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ആയതിനാലാണ് പരസ്യപ്രചാരണം ഒരു ദിവസം മുമ്പ് അവസാനിപ്പിച്ചത്.
  ഭരണപ്രതിപക്ഷ മുന്നണി നേതാക്കൾ പാലായിൽ തമ്പടിച്ചപ്പോൾ പ്രവർത്തകർക്കും ആവേശം ഇരട്ടിയായി.
  മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നിന്നും വന്ന ചെറു സംഘങ്ങൾ നഗരത്തിൽ കേന്ദ്രീകരിച്ചു.
  പാലാ വിധിയെഴുതാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
  ഇനിയുള്ള മണിക്കൂറുകളിൽ വീടുസന്ദർശനമടക്കം നടത്തി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാകും സ്ഥാനാർഥികളും പ്രവർത്തകരും.
  തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
  വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.

  4. മരട് വിഷയത്തിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

  മരട് ഫ്ലാറ്റ് പൊളിക്കണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ.
  സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി പറയുന്നു.
  അതേസമയം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
  മരട് കേസിൽ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.
  കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട നടപടികളും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

  5. പാലാരിവട്ടം പാലം ക്രമക്കേട്: ഫയലുകൾ കണ്ടിട്ടില്ലെന്ന മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് വി കെ ഇബ്രാഹിം കുഞ്ഞ്

  ഫയലുകൾ കണ്ടിട്ടുണ്ടെന്നും മുൻകൂർ പണം അനുവദിച്ചത് സർക്കാറിന്റെ നയപരമായ തീരുമാന പ്രകാരമാണെന്നും ഇബ്രാഹിം കുഞ്ഞ്.
  എട്ടേക്കാൽ കോടി രൂപ മുൻകൂറായി നൽകിയതിന്റെ നോട്ടോ ഫയലോ താൻ കണ്ടിട്ടില്ലെന്നാണ് കഴിഞ്ഞ മാസം 31ന് മുൻ മന്ത്രി പറഞ്ഞത്.
  എന്നാൽ ഇന്ന് ഇബ്രാഹിംകുഞ്ഞ് മലക്കം മറിഞ്ഞു.
  മുൻകൂർ പണം നൽകാനുള്ള ഫയൽ താൻ കണ്ടിരുന്നുവെന്നും ഒരു മന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ചു എന്നും അദ്ദേഹം പറയുന്നു.
  എന്നാൽ ഇക്കാര്യം മന്ത്രിസഭ അറിഞ്ഞിരുന്നില്ലെന്ന വൈരുധ്യവും ഇബ്രാഹിം കുഞ്ഞിന്റെ വാക്കുകളിലുണ്ട്.
  അതേസമയം, ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ് സംഘം.
  ടി ഒ സൂരജ് ഹൈക്കോടതിയിൽ നൽകിയ വിവരങ്ങളും സര്‍ക്കാർ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
  ഇതിന് ശേഷമാകും ഇ ബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുക.
  അടുത്ത ആഴ്ച ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

  6. ചെറുപുഴയിലെ കരാറുകാരന്റെ മരണം: വഞ്ചനാകുറ്റത്തിന് കോൺഗ്രസ് നേതാക്കളടക്കം അഞ്ചുപേർ അറസ്റ്റിൽ

  മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ, സി ഡി സ്കറിയ എന്നിവരാണ് അറസ്റ്റിലായത്.
  വഞ്ചനാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
  ചെറുപുഴ സ്വദേശി ജോസഫിനെയെ ഈ മാസം ആദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
  ജോസഫിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
  കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം.
  മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

  7. മോഷ്ടിക്കപ്പെട്ടത് വിമാന വാഹിനി കപ്പൽ വിക്രാന്തിന്റെ ഡിസൈൻ; സംഭവം അതീവഗൗരവതരമെന്ന് ഡിജിപിക്ക് റിപ്പോർട്ട്

  കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമിക്കുന്ന വിമാന വാഹിനി കപ്പല്‍ വിക്രാന്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിന്റെ ഡിസൈൻ.
  യന്ത്ര സാമഗ്രി വിന്യാസവും രൂപരേഖയും രേഖപ്പെടുത്തിയ കപ്പലിലെ കമ്പ്യൂട്ടറുകളിലാണ് മോഷണം നടന്നത്.
  സംഭവം അതീവ ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ ഡിജിപി ലോക്നാഥ് ബെഹ്‌റക്ക് റിപ്പോർട്ട്‌ നൽകി.
  കപ്പലിൽ നിന്ന് 4 ഹാർഡ് ഡിസ്കുകളും പ്രൊസസ്സറും റാമുമാണ് മോഷണം പോയത്.
  രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കപ്പലിലെ കമ്പ്യൂട്ടറുകളിലാണ് മോഷണം നടന്നത്.
  മോഷണം നടത്തിയത് ഷിപ്പ്യാർഡിലെ ജീവനക്കാരെന്നാണ് സംശയം.
  സി ഐ എസ് എഫിന്റെ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷിത മേഖലയിൽ പുറത്ത് നിന്ന് ആർക്കും കടന്നു കയറാൻ സാധിക്കില്ലെന്നിരിക്കെയാണ് ഇത്തരത്തിലൊരു സംശയം അന്വേഷണ സംഘം വച്ചു പുലർത്തുന്നത്.
  ഇതിന്റെ അടിസ്ഥാനത്തിൽ കപ്പൽ നിർമാണത്തിലേർപ്പെട്ടിട്ടുള്ള 52 ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

  8. ചരിത്രമെഴുതി അമിത് പാംഗൽ; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

  റഷ്യയിൽ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അമിത് പാംഗൽ ഫൈനലിലെത്തി.
  സെമിയിൽ കസാഖിസ്ഥാൻ താരം സേകൻ ബിബോസിനോവിനെ തോൽപിച്ചാണ് അമിത് ഫൈനലിലെത്തിയത്.
  52 കിലോ വിഭാഗത്തിലാണ് അമിതിന്റെ നേട്ടം.
  ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് അമിത്.
  നാളെയാണ് ഫൈനൽ.
  ഒളിംപിക് സ്വർണ മെഡൽ ജേതാവായ ഉസ്ബെക്കിസ്ഥാന്റെ ഷഖോബിഡിൻ സോയിറോവാണ് ഫൈനലിലെ എതിരാളി.
  അതേസമയം, മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന മനീഷ് കൗശിക് സെമിയിൽ പരാജയപ്പെട്ടു.
  ക്യൂബയുടെ ലോക ഒന്നാം നമ്പർ താരമാണ് മനീഷിനെ തോൽപ്പിച്ചത്. തോറ്റെങ്കിലും സെമിയിലെത്തിയ മനീഷിന് വെങ്കലം ലഭിക്കും.

  9. കിഫ്ബി ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

  പാലായിലെ തെരഞ്ഞെടുപ്പ് വേദിയിലാണ് കിഫ്ബി ആരോപണങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
  കിഫ്ബി ഓഡിറ്റ് നടത്തുന്നതിന് സർക്കാർ എതിരല്ല.
  നേരത്തെ ഇക്കാര്യം വ്യക്തമാക്കിയതാണെങ്കിലും ചിലർ തെറ്റായ പ്രചരണം നടത്തുന്നു.
  കിഫ് ബിയെ തകർക്കാനാണ് പ്രതിപക്ഷ നീക്കം എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
  കിഫ്ബി യിൽ ഓഡിറ്റ് നടത്താമെന്ന് പ്രഖ്യാപിക്കുന്നത് അല്ലാതെ സർക്കാർ ഇതിന് നടപടി സ്വീകരിക്കുന്നില്ല എന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
  അഴിമതി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ നേതാവിനെ ആരോപണം.
  മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടന്ന് കെപിസിസി പ്രസിഡന്റും ആരോപിച്ചു.
  കിഫ്ബിയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി.

  10. കാലിക്കറ്റ് സർവകലാശാലയിലെ ജാതിയധിക്ഷേപം: അധ്യാപകരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

  ബോട്ടണി വിഭാഗത്തിലെ അധ്യാപിക ഡോ. ഷെമീന, മലയാള വിഭാഗം മേധാവി എൽ. തോമസ് കുട്ടി എന്നിവരോടാണ് അവധിയിൽ പോകാൻ വൈസ് ചാൻസലർ നിർദ്ദേശം നൽകിയത്.
  ഇരുവർക്കുമെതിരെ ഗവേഷക വിദ്യാർഥികളാണ് പരാതി നൽകിയത്.
  പരാതിയിൽ ഡോക്ടർ ഷംസാദ് ഹുസൈൻ കൺവീനറായ സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
  ഏഴ് ദിവസത്തിനകം ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
  ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്യാംപസിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തിയിരുന്നു.

  First published: