കോയമ്പത്തൂര്‍: സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മര്‍ദിച്ച ട്രാഫിക് പോലീസുകാരന് അറസ്റ്റില്‍. കോയമ്പത്തൂര്‍ പീളമേട് പോലീസ് സ്റ്റേഷന് സിഗ്നല്‍ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗനല്ലൂര്‍ സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ നീലാമ്പൂര്‍ സ്വദേശി മോഹനസുന്ദരം (32) ആണ് മര്‍ദനത്തിനിരയായത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പീളമേട് ജങ്ഷനില്‍ റോഡിലുടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ സ്കൂള്‍ ബസിടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയി. ഇതുകണ്ട മോഹനസുന്ദരം ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരന് ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ പോലീസുണ്ടെന്നും ബസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാന്‍ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മര്‍ദനം. ഇതിനിടെ വഴിയാത്രക്കാരില്‍ ചിലര്‍ സംഭവം മൊബൈല്‍ഫോണില്‍ പകര്‍ത്തി. വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
തുടര്‍ന്ന് മോഹനസുന്ദരം സിറ്റി പോലീസ് കമീഷണര്‍ ഓഫിസില്‍ പരാതി നല്കി. സംഭവമറിഞ്ഞയുടന്‍ സതീഷിനെ പോലീസ് കണ്ട്രോള് റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. ഇതേ റൂട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കടന്നുപോകാനിരിക്കെ മോഹനസുന്ദരം സ്കൂള്‍ ബസ് തടഞ്ഞ് ഗതഗാതക്കുരുക്ക് സൃഷ്ടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് കോണ്‍സ്റ്റബിള്‍ സതീഷ് മൊഴി നല്കി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.