• HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്ത് കോവിഡ് കുറയുന്നു; ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന

രാജ്യത്ത് കോവിഡ് കുറയുന്നു; ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പ് ലിമിറ്റഡ് (ഐആർസിടിസി) വഴി ടിക്കറ്റുകളുടെ ബുക്കിംഗ് മെയ് മാസത്തിൽ പ്രതിദിനം 500,000 ടിക്കറ്റുകളായി കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രതിദിനം 800,000 ടിക്കറ്റുകൾ വരെ ഉയർത്തി.

News 18

News 18

  • Share this:
ഇന്ത്യയിലുടനീളം കൊറോണ വൈറസ് കേസുകൾ കുറയുകയും അതിന്റെ ഫലമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ യാത്രകൾക്കും മറ്റുമായി ട്രെയിനുകളെ ആശ്രയിക്കാൻ തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ യാത്ര ശേഷി വർദ്ധിപ്പിച്ചു. ഭൂരിഭാഗം ട്രെയിനുകളും പ്രധാനപ്പെട്ട റൂട്ടുകളിൽ ഓടിത്തുടങ്ങിയതിനാൽ ഇത് നിരവധി യാത്രക്കാർക്ക് ആശ്വാസമായി. മാർച്ച് മുതൽ ട്രയിനുകളിൽ യാത്രക്കാരുടെ എണ്ണം 80% ആയി ഉയർന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

മണി കൺട്രോളിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ഏകദേശം 1,490 മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 947 പാസഞ്ചർ ട്രെയിനുകളും ഇന്ത്യൻ റെയിൽ‌വേ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പ് ലിമിറ്റഡ് (ഐആർസിടിസി) വഴി ടിക്കറ്റുകളുടെ ബുക്കിംഗ് മെയ് മാസത്തിൽ പ്രതിദിനം 500,000 ടിക്കറ്റുകളായി കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രതിദിനം 800,000 ടിക്കറ്റുകൾ വരെ ഉയർത്തി. ഏകദേശം 90 ശതമാനം ടിക്കറ്റുകളും ഐആർസിടിസി പോർട്ടൽ വഴിയാണ് ബുക്ക് ചെയ്യുന്നതെന്നും മന്ത്രാലയം വെളിപ്പെടുത്തി.

ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസ്ഥാന സർക്കാരുകളുമായി ഇതിനകം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വകുപ്പുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആളുകളുടെ ആവശ്യത്തെ അടിസ്ഥാനമാക്കി ട്രെയിനുകൾ പൂർണ്ണമായും പുനരാരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ഇന്ത്യൻ റെയിൽ‌വേ ക്രമരഹിതമായ പരിശോധനകളും നിയന്ത്രണ മേഖലകളിൽ പരിശോധനകളും നടത്തുന്നുണ്ട്. ഉത്സവ സീസണിൽ ട്രെയിനുകളുടെ ആവശ്യം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read- മമതയുടെ വരവ് ഇന്ദ്രപ്രസ്ഥം പിടിക്കാനോ? ; നരേന്ദ്ര മോദി മുതല്‍ സോണിയ ഗാന്ധി വരെയുള്ള പ്രമുഖരുമായുളള കൂട്ടിക്കാഴ്ചക്ക് പിന്നലെ ലക്ഷ്യം എന്ത്

കൂടാതെ, ഇന്ത്യയിലുടനീളം പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യതകളും റെയിൽ‌വേ ചർച്ച ചെയ്യുന്നുണ്ട്. ഡൽഹിയിൽ നിന്ന് പൽവാൾ, മഹേന്ദ്രഗഡ്, സോണിപത്, ഗുരുഗ്രാം തുടങ്ങി വിവിധ നഗരങ്ങളിലേക്കുള്ള ലോക്കൽ സബർബൻ ട്രെയിൻ സർവീസ് അടുത്ത മാസം മുതൽ പുനരാരംഭിക്കുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം.

മുമ്പ്, ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 32,768.97 കോടി രൂപയുടെ കുറവ് ഉണ്ടായതായി പ്രഖ്യാപിച്ചിരുന്നു. ഈ താരതമ്യം 2019-20 ൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗമാണ് വരുമാനം കുറയാൻ മറ്റൊരു പ്രധാന കാരണം.

കഴിഞ്ഞ ദിവസം ഉത്തര മധ്യ റെയിൽവേ, പ്രയാഗ് രാജ്, ഉത്തർപ്രദേശ് ഡിവിഷൻ എന്നിവിടങ്ങളിൽ തൊഴിൽ പരിശീലനത്തിന് ഇന്ത്യൻ റെയിൽവേ അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപ്രന്റീസുകൾക്കുള്ള 1664 ഒഴിവുകൾ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നികത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 2-നും സെപ്റ്റംബർ 1-നും ഇടയിൽ ഉത്തര മധ്യ റെയിൽവേയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 15 വയസിനും 24 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
Published by:Anuraj GR
First published: