രോഗിയായ ആദിവാസി യുവതിയെ മൂന്ന് കിലോമീറ്ററോളം ഡോളിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾ. പാറകൾ നിറഞ്ഞ കുത്തനെയുള്ള ഇറക്കങ്ങൾ താണ്ടിയാണ് ഇവർ ആശുപത്രിയിലെത്തിയത്. തമിഴ്നാട്ടിലെ (Tamilnadu) വെല്ലൂരിലുള്ള ആനക്കട്ട് മേഖലയിലെ അത്തിയൂർ ഗ്രാമത്തിലാണ് സംഭവം.31 കാരിയായ സൗന്ദര്യയെ ആണ് അടുത്തുള്ള കുറുമലൈ ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കൾ ചുമലിലേറ്റി എത്തിച്ചത്.
എന്നാൽ അതിയൂർ ഗ്രാമവാസികൾക്ക് ഇത് പുതുമയുള്ള സംഭവമല്ല. ഇങ്ങനെ ദുർഘട വഴികൾ താണ്ടിയാണ് ഇവർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. നല്ല റോഡോ ആരോഗ്യ സംവിധാനങ്ങളോ ഈ പ്രദേശത്തില്ല.
“ഞങ്ങളുടെ ഈ കുഗ്രാമത്തിൽ റോഡ് സൗകര്യമില്ല, അതുകൊണ്ടു തന്നെ ഞങ്ങൾ പലപ്പോഴും സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഇതുപോലെയാണ് ആശുപത്രികളിലേക്കും മറ്റും കൊണ്ടുപോകുന്നത്'', സൗന്ദര്യയുടെ ബന്ധുവായ സി. കുപ്പുസാമി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നല്ലൊരു റോഡിന്റെ അപര്യാപ്തത മൂലം വിദ്യാർഥികളുടെ പഠനം പോലും വഴി മുട്ടി നിൽക്കുകയാണെന്നും സർക്കാർ ഉടൻ ഇതിനൊരു പരിഹാരം കാണണമെന്നും കുപ്പുസാമി കൂട്ടിച്ചേർത്തു.
സൗന്ദര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വെല്ലൂർ ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഭാനുമതി പറഞ്ഞു. ''നല്ലൊരു റോഡില്ലാത്തതിനാൽ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ പോലും പ്രയാസമാണ്. ഇപ്പോൾ ഞങ്ങൾ കുറുമലയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (PHC) താൽക്കാലിക ഉപകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസവും മെഡിക്കൽ സംഘങ്ങൾ ഇവിടെ എത്തുന്നുണ്ട്. രാഷ്ട്രീയ ബൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) ടീമുകളും ഹോസ്പിറ്റൽ ഓൺ വീൽസ് ടീമുകളും പതിവായി ആശുപത്രി സന്ദർശിക്കുന്നുണ്ട്,” ഭാനുമതി കൂട്ടിച്ചേർത്തു.
ആനക്കട്ട് മേഖലയിലെ പല ആദിവാസി ഗ്രാമങ്ങളിലും ഇതുപോലെ റോഡ് സൗകര്യമോ ലിങ്ക് റോഡുകളും ഇല്ലാത്തതിനാൽ മെഡിക്കൽ സേവനങ്ങൾ ലഭിക്കുന്നതിനും വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകുന്നതിനും അപകടകരമായ വഴികളിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
സ്‌കൂളുകൾ വീണ്ടും തുറന്നതോടെ കുറുമലയിലെ സർക്കാർ സ്‌കൂളിലിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക പിഎച്ച്‌സി കേന്ദ്രത്തിന്റെ പ്രവർത്തനം നിന്നതായി അതിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം അണ്ണാമലൈ പറഞ്ഞു.
തുടർച്ചയായ അവധി ദിനങ്ങൾ ആയതിനാൽ പിഎച്ച്സി ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ കുറുമല സന്ദർശിച്ചിട്ടില്ലെന്ന് കളക്ടർ കുമാരവേൽ പാണ്ഡ്യൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി ഒരു പിഎച്ച്‌സി നിർമിക്കാൻ തങ്ങൾ പദ്ധതി തയ്യാറാക്കുന്നതായും കലക്ടർ പറഞ്ഞു. "കുറുമലയിലേക്ക് റോഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്, പക്ഷേ അവിടെ നിന്ന് ആദിവാസി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൾ സ്ഥാപിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി വേണം. കുത്തനെയുള്ള ചെരിഞ്ഞ പ്രദേശങ്ങളിൽ ഇത്തരം ലിങ്ക് റോഡുകൾ നിർമിക്കുന്നതിന് വെല്ലുവിളികളുണ്ട്. നാലു ചക്ര വാഹനങ്ങൾക്ക് ആ റോഡുകളിൽ കയറാൻ കഴിയില്ല, ഞങ്ങൾ മറ്റ് റൂട്ടുകളിൽ നിന്നുള്ള സാധ്യതകൾ പഠിക്കുകയാണ്," കലക്ടർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആനക്കട്ടിന് സമീപമുള്ള അല്ലേരിയിലെ ജടയ്യൻകൊല്ലൈ ആദിവാസി ഗ്രാമത്തിൽ നിന്നും ഗർഭിണിയായ യുവതിയെ ഇത്തരത്തിൽ ഡോളിയിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.