• HOME
  • »
  • NEWS
  • »
  • india
  • »
  • Pradhan Mantri Sangrahalaya | മുൻ പ്രധാനമന്ത്രിമാർക്ക് സമർപ്പണം; 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

Pradhan Mantri Sangrahalaya | മുൻ പ്രധാനമന്ത്രിമാർക്ക് സമർപ്പണം; 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

പ്രത്യയശാസ്ത്രമോ അധികാര കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിവിധ വെല്ലുവിളികളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിമാർ എങ്ങനെയാണ് രാജ്യത്തെ നയിച്ചത് എന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • Share this:
    രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന 'പ്രധാനമന്ത്രി സംഗ്രഹാലയ' (Pradhan Mantri Sangrahalaya) മ്യൂസിയത്തിന്റെ (museum) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നിർവഹിച്ചു. ഉദ്ഘാടന ശേഷം പ്രവേശന ടിക്കറ്റ് എടുത്ത് മ്യൂസിയം മുഴുവൻ നടന്നു കണ്ടതിനു ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ബി ആർ അംബേദ്കറുടെ (BR Ambedkar) ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം.

    പ്രത്യയശാസ്ത്രമോ അധികാര കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിവിധ വെല്ലുവിളികളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിമാർ എങ്ങനെയാണ് രാജ്യത്തെ നയിച്ചത് എന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും മ്യൂസിയത്തിലുണ്ട്.

    ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് വിശദമായി എടുത്ത് കാട്ടുന്ന പഴയ നെഹ്‌റു മ്യൂസിയവും സംഗ്രഹാലയയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതും ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ നിരവധി സമ്മാനങ്ങളും നവീകരിച്ച ആദ്യ ബ്ലോക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 43 ​ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്.

    ഡൽഹിയിലെ തീൻ മൂർത്തി എസ്റ്റേറ്റിൽ ആണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 10,491 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. മ്യൂസിയത്തിന്റെ നിർമാണത്തിനായി മരങ്ങൾ മുറിക്കുകയോ പറിച്ചു നടുകയോ ചെയ്തിട്ടില്ല. ഹോളോഗ്രാമുകൾ, വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, മൾട്ടി-ടച്ച്, മൾട്ടിമീഡിയ, ഇന്ററാക്ടീവ് കിയോസ്‌ക്കുകൾ, കമ്പ്യൂട്ടറൈസ്ഡ് കൈനറ്റിക് ശിൽപങ്ങൾ, സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ, ഇന്ററാക്ടീവ് സ്‌ക്രീനുകൾ, എക്‌സ്പീരിയൻഷ്യൽ ഇൻസ്റ്റലേഷനുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം മ്യൂസിയത്തിലുണ്ട്. ഏപ്രിൽ 21 മുതൽ മ്യൂസിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

    വിവിധ ബ്ലോക്കുകളിലായി പണികഴിപ്പിച്ച മ്യൂസിയം രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം ലോകരാഷ്‌ട്രങ്ങളുമായി അതാത് കാലത്ത് ഇന്ത്യയ്‌ക്കും ഭരണാധികാരികൾക്കുമുണ്ടായിരുന്ന ബന്ധവും തുറന്നുകാട്ടുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

    ജവഹർലാൽ നെഹ്റുവിന്റെ പേരിൽ അറിയപ്പെടുന്ന തീൻ മൂർത്തി ഭവനോടു ചേർന്ന് ബി.ജെ.പി സർക്കാർ പ്രധാനമന്ത്രി സംഗ്രാലയ നിർമ്മിക്കുന്നതിനെതിരെ വിമർനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടമാണ് തീൻ മൂർത്തി ഭവൻ. ഒന്നാം ലോകമഹായുദ്ധത്തിലെ മരിച്ച സൈനികരുടെ ഓർമ്മക്കായാണ് ഈ കെട്ടിടം ആദ്യം പണിതത്. ഇതിന്റെ കവാടത്തിനു പുറത്ത് മൂന്ന് പ്രതിമകൾ നിൽക്കുന്നതിനാലാണ് മൂന്ന് പ്രതിമകൾ ഉള്ള കെട്ടിടം എന്ന അർത്ഥത്തിൽ തീൻ മൂർത്തി ഭവൻ എന്ന പേര് വന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഈ കെട്ടിടം ബ്രിട്ടീഷ് ഇന്ത്യയുടെ കമാണ്ടർ ഇൻ ചീഫ് ആണ് ഉപയോഗിച്ചിരുന്നത്. 1947 നു ശേഷം ഇത് പ്രധാനമന്ത്രിയുടെ വസതിയായി ഉപയോഗിച്ചു. പിന്നീട് നെഹ്രുവിന്റെ മരണത്തിനു ശേഷം ഇത് ഒരു സ്മാരകം ആയി നിലനിർത്തുകയായിരുന്നു.
    Published by:Naveen
    First published: