അബിർ ഘോഷാൽ
ഒരു ദശാബ്ദത്തിലേറെയായി പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ് നന്ദിഗ്രാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ നടന്ന തിരഞ്ഞെടുപ്പു പോരാട്ടം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നന്ദിഗ്രാമിലെ റെയിൽവേ ലൈനിന്റെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ഈ റെയിൽവേ വരാൻ കാരണക്കാർ ആരാണ്? ആർക്കാണ് അതിന്റെ ക്രെഡിറ്റ് തുടങ്ങിയ കാര്യങ്ങളെച്ചൊല്ലിയാണ് ഇപ്പോളിവിടെ തർക്കം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതു സംബന്ധിച്ച് വാക്പോര് രൂക്ഷമായിക്കഴിഞ്ഞു.
2010ൽ അന്നത്തെ റെയിൽവേ മന്ത്രി മമത ബാനർജിയാണ് നന്ദിഗ്രാമിലെ റെയിൽവേ പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് നിർമാണം മുടങ്ങി. സ്റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും നിർമിച്ചെങ്കിലും ട്രെയിനുകൾ ഓടിയില്ല. നന്ദിഗ്രാമിലെ ജനങ്ങൾക്ക് ഈ റെയിൽവേയിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പതിമൂന്നു വർഷത്തിന് ശേഷം ഇപ്പോൾ വീണ്ടും പണി പുനരാരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്.
നിലവിൽ ബിജെപിയുടെ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിലെ എംഎൽഎ. എന്നാൽ റെയിൽവേയുടെ നിർമാണത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതിനെച്ചൊല്ലിയാണ് തർക്കം. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് പദ്ധതിക്ക് മേൽനോട്ടം വഹിച്ചതായി ബിജെപി എംപി ദിവ്യേന്ദു അധികാരി ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു.
Also Read- ചെന്നൈ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; ഏപ്രിൽ 20 ന് രാജ്യാന്തര സർവീസ് ട്രയൽ റൺ
”പ്രദേശത്ത് ഞങ്ങൾ സർവേ നടത്തുകയാണ്. അതിനു ശേഷം, റിപ്പോർട്ട് റെയിൽവേ മന്ത്രാലയത്തിന് അയക്കും. പദ്ധതിക്കായി എത്ര തുക ചെലവാകും എന്നതിനെക്കുറിച്ചുള്ള ബജറ്റും തയ്യാറാക്കും. റെയിൽവേ മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയതിനാൽ തന്നെ നിർമാണ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഫീൽഡ് സർവേ ആണ് ആരംഭിക്കുന്നത്”, സൗത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ ആദിത്യ ചൗധരി പറഞ്ഞു,
2021ൽ മമത ബാനർജിക്കെതിരെ വിജയം നേടിയതിനു ശേഷം നന്ദിഗ്രാം നിവാസികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ നന്ദിഗ്രാം എംഎൽഎയും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി റെയിൽവേ മന്ത്രാലയവുമായി പലതവണ ചർച്ച നടത്തിയെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ മറുവശത്ത്, 2010 മുതൽ മുടങ്ങിക്കിടക്കുന്ന റെയിൽവേ നിർമാണം യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഫലമാണെന്ന് തൃണമൂൽ കോൺഗ്രസും അവകാശപ്പെടുന്നു. നന്ദിഗ്രാം റെയിൽവേ പദ്ധതിയുടെ ക്രെഡിറ്റ് മമതാ ബാനർജിക്ക് അവകാശപ്പെട്ടതാണെന്നും ഇവർ പറയുന്നു. നന്ദിഗ്രാമിന്റെ മൊത്തത്തിലുള്ള വികസനം കണക്കിലെടുത്ത് റെയിൽവേ ലൈൻ ആരംഭിക്കാൻ കേന്ദ്രത്തോട് പലതവണ അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന് തൃണമൂൽ എംപിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ സഹോദരനുമായ ദിബ്യേന്ദു അധികാരി പറഞ്ഞു.
2010ൽ, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നു നിലവിലെ മുഖ്യമന്ത്രി മമത ബാനർജി. നന്ദിഗ്രാമിൽ പുതിയ റെയിൽവേയുടെ നിർമാണം ഉദ്ഘാടനം ചെയ്തത് മമതയാണ്. പിന്നീട് റെയിൽവേയുടെ നിർമാണം നിയമപരമായ ചില പ്രശ്നങ്ങളിൽ അകപ്പെട്ട് മുടങ്ങിപ്പോയി. ഈ റെയിൽപാതക്കായി നീണ്ട നാളത്തെ കാത്തിരിപ്പിലാണ് നന്ദിഗ്രാമിലെ ജനങ്ങൾ.
അന്ന് ഒരുമിച്ച് പ്രവർത്തിച്ചിരുന്നവർ ഇന്ന് വിപരീത ധ്രുവങ്ങളിലാണെന്ന് സിപിഎം നേതാവ് പരിതോഷ് പട്നായക് പ്രതികരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് റെയിൽവേ നിർമാണത്തിന്റെ ക്രെഡിറ്റ് എടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. നന്ദിഗ്രാമിലെ ജനങ്ങൾ ഒരു നുണയും വിശ്വസിക്കില്ല. റെയിൽവേ ലൈനിന്റെ നിർമാണം പൂർത്തിയായാലേ ജനങ്ങൾക്ക് ആശ്വാസമാകൂ എന്നും പരിതോഷ് പട്നായക് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.