തൃണമൂല്‍ കോണ്‍ഗ്രസില്‍ (Trinamool Congress) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടിക്കുള്ളില്‍ പോരിന് വഴിവെച്ചിരിക്കുന്നത്. അനന്തരവന് കൂടിയായ അഭിഷേക് ബാനര്‍ജി (abhishek banerjee) ഉള്‍പ്പെട്ട ദേശീയ സമിതി പാര്‍ട്ടി ചെയര്‍പേഴ്സണും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി (Mamata Banerjee) പിരിച്ചുവിട്ടതാണ് പുതിയ കലഹത്തിന്റെ കാരണമായി പറയുന്നത്. തൃണമൂല്‍ സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ 20 അംഗ പ്രവര്‍ത്തക സമിതിക്കും മമത രൂപം നല്കി. പുതിയ ദേശീയ സമിതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലെ തന്റെ അധികാരസ്ഥാനം ഉറപ്പിക്കുന്നതിനായി മമത നടത്തിയ നീക്കമാണ് പുതിയ നടപടിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
പാര്‍ട്ടി ദേശീയ സെക്രട്ടറിയും യുവതലമുറയിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ശ്രദ്ധാകേന്ദ്രവുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം യുവ നേതാക്കള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. എങ്കിലും നിശബ്ദമായാണ് ഇവര്‍ ഇതുവരെ പ്രതിഷേധം അറിയിച്ചിരുന്നത്. ഒരാള്‍ക്ക് ഒരുപദവി എന്ന പാര്‍ട്ടി നയം മമത ചില ആളുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തി എന്ന വിമര്‍ശനം അഭിഷേക് ബാനര്‍ജി അടക്കമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ദേശീയ സമിതി പിരിച്ചുവിട്ടതെന്നും സൂചനയുണ്ട്.
മമത രൂപംകൊടുത്ത പുതിയ പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കളായ അമിത് മിത്ര, പാർത്ഥ ചാറ്റർജി, സുബ്രത ഭക്ഷി, അനുബ്രത മൊണ്ഡൽ, ഫിർഹാദ് ഹക്കീം തുടങ്ങിയവർക്കൊപ്പം അഭിഷേക് ബാനർജിയും അംഗമാണെന്നതും ശ്രദ്ധേയമാണ്. രാജ്യസഭ നേതാവ് ഡെറക് ഒബ്രിയൻ, മുതിർന്ന എംപി സുഗത റോയി എന്നിവരെ ഈ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടില്ല.
ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കും: മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി
ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി (Pushkar Singh Dhomi).
ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടന്‍ തന്നെ യൂണിഫോം സിവില്‍ കോഡിന്റെ (UCC) കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ രൂപീകരിക്കുമെന്ന് ധാമി പറഞ്ഞു. നിയമജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടുന്ന സമിതിയായിരിക്കും സർക്കാർ രൂപികരിക്കുക. ഇത് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. അദ്ദേഹം പറഞ്ഞു.
വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്മാര്ക്കും ഒരേ നിയമങ്ങളാവും ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്തുക. ഇത് തങ്ങളുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിഫോം സിവില്‍ കോഡ് സംസ്ഥാനത്ത് സാമൂഹിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിനും ലിംഗനീതിയും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു സിവില്‍ കോഡ് നടപ്പാക്കി രാജ്യത്തിന് മുന്നില്‍ മാതൃക കാട്ടിയ ഗോവയിലെ സര്‍ക്കാറാണ് ഉത്തരാഖണ്ഡിലെ ബിജെപിയുടെ ഈ തീരുമാനത്തിന് പിന്നിലെ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.