സുപ്രീം കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു. സുപ്രീം കോടതിയിലെ ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മാസമാണ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ വിരമിച്ചത്. ഇക്കാലയളവില്‍ ജസ്റ്റിസ് നസീര്‍ 93 വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുത്തലാഖ്, അയോധ്യ കേസ്, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ എന്നിവയുള്‍പ്പെടെ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചുകളുടെ ഭാഗമായിരുന്നു ജസ്റ്റിസ് നസീര്‍.
അയോധ്യ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ ഉണ്ടായിരുന്നവരിൽ, വിരമിച്ച ശേഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിയമനം ലഭിക്കുന്ന മൂന്നാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് നസീര്‍. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. 1958 ജനുവരി അഞ്ചിന് ജനിച്ച ജസ്റ്റിസ് നസീര്‍ മംഗലാപുരം ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര ലോ കോളേജില്‍ നിന്നാണ് നിയമം പഠിച്ചത്.
2003ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം ഒരു വര്‍ഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി. 2017-ല്‍ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് നസീര്‍, ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാതെ നേരിട്ട് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മൂന്നാമത്തെ ജഡ്ജി കൂടിയാണ്.
ജസ്റ്റിസ് എസ്. അബ്ദുൽ നസീറിന്റെ സുപ്രധ്രാന വിധികള്‍
ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിന് പുറമെ, ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. സി പി രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.