അഗർത്തല: ത്രിപുരയിൽ 55 സീറ്റിൽ ബിജെപി മത്സരിക്കും. 5 സീറ്റ് സഖ്യകക്ഷിയും ഗോത്രവർഗ സംഘടനയുമായ ഐപിഎഫ്ടിക്ക് നൽകും. കഴിഞ്ഞ തവണ ഐപിഎഫ്ടിക്ക് 9 സീറ്റ് നൽകിയിരുന്നു. 54 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അടുത്ത മാസം 16നാണ് നിയമസഭയിലെ 60 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി മണിക് സാഹയ്ക്ക് പുറമേ കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി പ്രതിമ ഭൗമിക്, ബിജെപി സംസ്ഥാന അധ്യക്ഷൻ രജീബ് ഭട്ടാചാര്യ, വെള്ളിയാഴ്ച സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎ മൊബോഷർ അലിഎന്നിവർ പട്ടികയിലുണ്ട്.
Also Read- സിപിഎം-കോൺഗ്രസ് സഖ്യത്തിനിടെ ത്രിപുരയിൽ CPM എംഎൽഎയും കോൺഗ്രസ് നേതാവും BJPയിലേക്ക്
നിലവിലെ മന്ത്രിമാർക്കെല്ലാം സീറ്റ് ലഭിച്ചപ്പോൾ 6 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി. 11 വനിതകൾ പട്ടികയിലുണ്ട്.
കഴിഞ്ഞ വർഷം ബിപ്ലബ് ദേവിനെ മാറ്റി മുഖ്യമന്ത്രിയായ മണിക് സാഹ ബൊർദോവാലി ടൗൺ സീറ്റിൽത്തന്നെ മത്സരിക്കും. ബിപ്ലബ് ദേവ് ഇപ്പോൾ രാജ്യസഭാംഗമാണ്. ബിപ്ലബിന്റെ മണ്ഡലമായിരുന്ന ബനമാലിപുരിൽ സംസ്ഥാന അധ്യക്ഷൻ രജീബ് ഭട്ടാചാര്യയാണ് സ്ഥാനാർത്ഥി.
2018 ൽ സിപിഎം മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനോടു തോറ്റ ധൻപുരിൽ തന്നെ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് വീണ്ടും ജനവിധി തേടും. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ത്രിപുര മണ്ഡലത്തിൽ നിന്ന് പ്രതിമ ജയിച്ചിരുന്നു. മൊബോഷർ അലി സിപിഎം ടിക്കറ്റിൽ വിജയിച്ച കൈലാഷഹർ മണ്ഡലത്തിൽ നിന്നു തന്നെ മത്സരിക്കും.
സഖ്യമുണ്ടാക്കിയെങ്കിലും ഐപിഎഫ്ടിയുടെ ആവശ്യമായ പ്രത്യേക ടിപ്രലാൻഡ് സംസ്ഥാനം അംഗീകരിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. പുതിയ ഗോത്രവർഗ സംഘടനയായ ടിപ്ര മോതയുമായി ലയന ചർച്ചകൾ തുടരുമെന്ന് ഐപിഎഫ്ടിയും സൂചിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.