• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീണ്ടും ബിപ്ലവ് കുമാർ; താറാവ് നീന്തുന്ന വെള്ളത്തിലെ ഓക്സിജൻറെ അളവ് കൂടുമെന്ന് ത്രിപുര മുഖ്യൻ


Updated: August 28, 2018, 3:23 PM IST
വീണ്ടും ബിപ്ലവ് കുമാർ; താറാവ് നീന്തുന്ന വെള്ളത്തിലെ ഓക്സിജൻറെ അളവ് കൂടുമെന്ന് ത്രിപുര മുഖ്യൻ

Updated: August 28, 2018, 3:23 PM IST
അഗർത്തല: താറാവുകൾ നീന്തുന്ന വെള്ളത്തിലെ ഓക്സിജൻ അളവ് താനേ വർധിക്കുമെന്ന കണ്ടെത്തലുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. രുദ്രസാനഗറിലെ പരമ്പരാഗത വള്ളം കളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ബിപ്ലവ് കുമാറിന്റെ പ്രസ്താവന. ത്രിപുരയിലെ ഗ്രാമീണർക്ക് താറാവുകളെ വിതരണം ചെയ്യുമെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി, ഇത് ഗ്രാമീണ സാമ്പത്തികവ്യവസ്ഥ മെച്ചപ്പെടുമെന്നും പറഞ്ഞു.

'തടാകങ്ങൾക്ക് സമീപം കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് 50,000 താറാവുകളെ വിതരണം ചെയ്യാൻ ആലോചിക്കുന്നു. ഗ്രാമങ്ങളിലും തടാകങ്ങളുടെ സമീപമുള്ള വിനോദസഞ്ചാര മേഖലകളിലും താറാവുകളെ വിതരണം ചെയ്യും. പ്രകൃതി ഭംഗി വർധിക്കുന്നതിനൊപ്പം ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയും മെച്ചപ്പെടും' - ബിപ്ലവ് കുമാർ പറഞ്ഞു. ഇതിനുശേഷമാണ് താറാവ് വളർത്തലിന്റെ ഗുണഗണങ്ങളെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

' വെള്ളത്തിൽ താറാവ് നീന്തുമ്പോൾ അതിലെ ഓക്സിജന്റെ അളവ് താനേ വർധിക്കും. ഓക്സിജൻ പുനസംസ്കരിക്കപ്പെടും. ജലത്തിലെ മത്സ്യങ്ങൾക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും. പക്ഷികൾ വെള്ളത്തിൽ കാഷ്ഠിക്കുന്നതും നല്ലതാണ്. ഇത് മത്സ്യകൃഷിക്ക് ഗുണം ചെയ്യും. മത്സ്യങ്ങൾ വളരെ പെട്ടെന്ന് വളരും. അതും പൂർണമായി ജൈവ രീതിയിൽ തന്നെ'- ബിപ്ലവ് കുമാർ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ വാദത്തിന് യാതൊരു ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ത്രിപുര യുക്തിവാദ് വികാസ് മഞ്ച നേതാവ് മിഹിർ ലാൽ റോയ് പറഞ്ഞു. ജലത്തിൽ ചലനമുണ്ടാകുമ്പോൾ വായുവിന്റെ സാന്നിധ്യം വർധിക്കും. എന്നാൽ താറാവ് നീന്തുന്നത് കാരണം ഓക്സിജൻ അളവ് വർധിക്കുമെന്നതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് ത്രിപുര കോണ്‍ഗ്രസ് പാർട്ടിയും രംഗത്തെത്തി. ആയിരക്കണക്കിനുപേരുടെ ഉപജീവനമാർഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു. അതേസമയം സിപി.എം സംസ്ഥാന സെക്രട്ടറി ബിജൻ ധാർ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു.

നേരത്തെ മഹാഭാരതകാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന പ്രസ്താവനയും സിവിൽ എഞ്ചിനീയർമാർ സിവിൽ സർവീസിലേക്ക് വരണമെന്നും എന്നാൽ മെക്കാനിക്കൽ എഞ്ചിനീയർമാർ വരരുതെന്നുമുള്ള പ്രസ്താവനയും ട്രോളന്മാർ ഏറ്റെടുത്തിരുന്നു. യുവാക്കൾ സർക്കാർ ജോലിക്ക് ശ്രമിക്കാതെ മുറുക്കാൻ‌ കട തുടങ്ങണമെന്ന ദേബിന്റെ ഉപദേശവും രാജ്യത്താകെ ചർ‌ച്ചയായി. ത്രിപുര മുഖ്യന്റെ പുതിയ പ്രസ്താവനയും ട്രോളന്മാർ ഏറ്റെടുക്കുമെന്നുറപ്പാണ്.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍