ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയ്ക്ക് മറ്റേതൊരു ദിവസവും പോലെ ഒന്ന് മാത്രമായിരുന്നു ജനുവരി 11. ശ്യാമലിമ അപ്പാർട്ട്മെന്റിൽ ബഹുനില ഫ്ലാറ്റിന്റെ തറക്കല്ലിട്ട അദ്ദേഹം ഗൂർഖാബസ്തിയിലെ സംസ്ഥാന ഭരണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്തു, സ്കൂൾ ഓഫ് ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻ ആൻഡ് വാട്ടർവേയ്സ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു, പിന്നീട് മജ്ലിഷ്പൂരിൽ നിന്ന് ഖയേർപൂർ മണ്ഡലത്തിലേക്കുള്ള ‘ജൻ വിശ്വാസ് യാത്ര’യിൽ പങ്കെടുത്തു.
ഇതിനിടെയാണ് സാഹ തന്റെ ‘പഴയ ജോലിസ്ഥലമായ’ ത്രിപുര മെഡിക്കൽ കോളേജിൽ എത്തിയത്. അവ 10 വയസ്സുള്ള ഒരു ആൺകുട്ടിക്ക് ദന്ത ശസ്ത്രക്രിയ നടത്തി. തനിക്ക് ഏറ്റവും ‘സന്തോഷം’ നൽകിയ കാര്യമായാണ് അദ്ദേഹം അത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
അടുത്തിടെ 70 വയസ്സ് തികഞ്ഞ സാഹ നേരത്തെ ഒരു ദന്തഡോക്ടറായി പ്രവർത്തിച്ചിരുന്നു. പട്നയിലെ ഗവൺമെന്റ് ഡെന്റൽ കോളേജിൽ നിന്നും ലഖ്നൗവിലെ കിംഗ് ജോർജസ് മെഡിക്കൽ കോളേജിൽ നിന്നും ഡെന്റൽ സർജറിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മാണിക് സാഹ താൻ നടത്തിയ ശസ്ത്രക്രിയ വിവരങ്ങൾ ട്വിറ്ററിൽ കുറിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ട് ഒന്നുമുണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.
Happy to conduct a surgery for Oral Cystic Lesion of 10-year-old Akshit Ghosh at my old workplace Tripura Medical College.
There was no difficulty in performing the surgery though it was after a long gap. The patient is in good condition now. pic.twitter.com/GfzZ4CeVVD
— Prof.(Dr.) Manik Saha (@DrManikSaha2) January 11, 2023
“എന്റെ പഴയ ജോലിസ്ഥലമായ ത്രിപുര മെഡിക്കൽ കോളേജിൽ 10 വയസ്സുള്ള അക്ഷിത് ഘോഷിന്റെ ഓറൽ സിസ്റ്റിക് ലെസിയോണിനുള്ള ശസ്ത്രക്രിയ നടത്തിയതിൽ സന്തോഷമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. രോഗി ഇപ്പോൾ നല്ല നിലയിലാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ത്രിപുര മെഡിക്കൽ കോളേജിലും അഗർത്തലയിലെ ഡോ. ബി.ആർ.എ.എം. ടീച്ചിംഗ് ഹോസ്പിറ്റലിലും മാണിക് സർക്കാർ ഡെന്റൽ സർജറി പഠിപ്പിച്ചിട്ടുമുണ്ട്.
2016ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന മാണിക് സാഹ കഴിഞ്ഞ വർഷം മേയിലാണ് ബിപ്ലബ് കുമാർ ദേബിന് പകരം ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഈ വർഷം ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ നേടിയാണ് ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചത്. ത്രിപുരയിൽ അധികാരം നിലനിർത്തുക എന്നതാണ് മാണിക് സാഹയുടെ മുന്നിലുള്ള ലക്ഷ്യം. പ്രധാന പ്രതിപക്ഷമായ സിപിഎം ഇത്തവണ നഷ്ട്ടപെട്ട അധികാരം തിരിച്ച് പിടിക്കാൻ എല്ലാ ശ്രമവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപി യ്ക്കെതിരെ പരമാവധി വോട്ട് സമാഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇന്നലത്തെ പ്രതികരണം. കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യതയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് ത്രിപുര ഭരണം ബിജെപിയ്ക്ക് നിലനിർത്താൻ മണിക് സാഹയുടെ ജനകീയ മുഖം സഹായകമാകും എന്നാണ് ബിജെപി ക്യാമ്പ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.