• HOME
 • »
 • NEWS
 • »
 • india
 • »
 • Goa Elections 2022 | റിസോർട്ട് രാഷ്ട്രീയം ആവർത്തിക്കുമോ? തന്ത്രങ്ങൾ മെനയാൻ DK ശിവകുമാറിനെ ഗോവയിലേക്കയച്ച് കോൺഗ്രസ്

Goa Elections 2022 | റിസോർട്ട് രാഷ്ട്രീയം ആവർത്തിക്കുമോ? തന്ത്രങ്ങൾ മെനയാൻ DK ശിവകുമാറിനെ ഗോവയിലേക്കയച്ച് കോൺഗ്രസ്

വോട്ടെണ്ണല്‍ ദിവസത്തിന് മുമ്പായി പാര്‍ട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ച സംഘത്തെയാണ് പാർട്ടി ഗോവയിലേക്ക് അയച്ചിരിക്കുന്നത്

 • Share this:
  കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ (DK Sivakumar) വീണ്ടും പ്രശ്‌നപരിഹാരത്തിനായി എത്തുന്നു. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ 'അവസാന ആശ്രയം' എന്ന നിലയ്ക്കാണ് അദ്ദേഹം തീരദേശ സംസ്ഥാനമായ ഗോവയിലേക്ക് (Goa) എത്തുന്നത്. ഗോവയിലെ കോണ്‍ഗ്രസ് (Congress), ബിജെപി (BJP) നേതാക്കള്‍ തങ്ങളുടെ എംഎല്‍എമാരെ അടുത്തുള്ള റിസോര്‍ട്ടുകളിലേക്ക് മാറ്റാനുള്ള തിരക്കിലാണിപ്പോള്‍. ഒരു റിസോര്‍ട്ടിനുള്ളില്‍ പൂട്ടിയിട്ടിട്ടാണെങ്കിലുംഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

  പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള കടമ നിർവഹിക്കാൻ താന്‍ ഗോവയിലുണ്ടാകുമെന്ന് ശിവകുമാര്‍ ന്യൂസ് 18നോട് സ്ഥിരീകരിച്ചു. ''കര്‍ണ്ണാടകയില്‍ നിന്നുള്ള മുഴുവന്‍ നേതാക്കളും കഠിനാധ്വാനം ചെയ്യുകയും അവരുടെ കഴിവിന്റെ പരമാവധി പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ എന്റെ നേതാക്കളെ സഹായിക്കാന്‍ അയല്‍ സംസ്ഥാനത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി ഞാന്‍ അവിടെ ഉണ്ടാകും,'' അദ്ദേഹം പറഞ്ഞു. നേരത്തെ കര്‍ണാടകയിലെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ ബിജെപിയിലേക്ക് കൂറുമാറുന്നതിൽനിന്ന് രക്ഷിക്കാന്‍ ശിവകുമാര്‍ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

  2017ല്‍ കോണ്‍ഗ്രസ് സ്വയം കാലിടറി വീഴുകയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. ആ അവസ്ഥ ആവര്‍ത്തിക്കരുതെന്ന് ഉറച്ചാണ് പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരത്തെയും ദിനേഷ് ഗുണ്ടുറാവുവിനെയും സഹായിക്കാന്‍ ഇത്തവണ ശിവകുമാറിനെയും പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

  40 നിയമസഭാ സീറ്റുകളുള്ള, ചെറുതും എന്നാൽ നിര്‍ണായകവുമായ സംസ്ഥാനത്തെ ഭരണം പിടിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്ത്രങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വോട്ടെണ്ണല്‍ ദിവസത്തിന് മുമ്പായി പാര്‍ട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ച സംഘത്തെയാണ് പാർട്ടി ഗോവയിലേക്ക് അയച്ചിരിക്കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും കൂറുമാറ്റങ്ങള്‍ തടയുന്നതിനുമായി ചിദംബരവും ഗുണ്ടുറാവുവും മാസങ്ങളായി ഗോവയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

  ഗോവയുടെ നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഗോവ ബിജെപി അധ്യക്ഷൻ സദാനന്ദ് തനവാഡെയും പ്രധാനമന്ത്രി മോദി യോഗത്തിന് വിളിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് പോയിരുന്നു. എന്നാൽ ഗോവയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാനും തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം പാർട്ടിയുടെ തന്ത്രങ്ങൾ മെനയാനും സാവന്തും തനവാഡെയും മുംബൈയിലേക്ക് മാറിയതായി ബി.ജെ.പി വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.

  2017ലെ തെരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും (40ൽ 17 സീറ്റുകൾ നേടി) സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. അന്ന് മൂന്ന് മുൻ മുഖ്യമന്ത്രിമാരായ ലൂയിസിഞ്ഞോ ഫലീറോ, ദിഗംബർ കാമത്ത്, പ്രതാപ്‌സിംഗ് റാണെ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിരുന്നത്.

  അതേസമയം ബിജെപി അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും നേതൃത്വത്തിൽ കോൺഗ്രസിലെ സംഘർഷം മുതലെടുത്തു.

  ബിജെപിക്ക് വേണ്ടി എംഎൽഎമാരെ പിടിക്കാനും സർക്കാർ രൂപീകരിക്കാനുമായി പരീക്കർ ബിജെപിയുടെ 13 എംഎൽഎമാർക്കൊപ്പം ഡോണ പോളയിലെ ഒരു പഞ്ചനക്ഷത്ര റിസോർട്ടിൽ തമ്പടിച്ചു.

  ഗോവയിൽ മന്ത്രിസഭയുണ്ടാക്കൽ പ്രതിസന്ധിയിലായതോടെ മൂന്ന് എംഎൽഎമാർ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും പോലുള്ള പ്രാദേശിക പാർട്ടികളുമായി ബിജെപി സംഖ്യമുണ്ടാക്കി. ഗഡ്കരി ഗോവയിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ എംജിപിയും ജിഎഫ്പിയുമായി യോജിച്ച് സർക്കാർ രൂപീകരിക്കാൻ തീരുമാനമെടുത്ത വിവരം ബി.ജെ.പി ഹൈക്കമാൻഡിനെ അറിയിച്ചു. അങ്ങനെ എൻസിപി, എംജിപി, ജിഎഫ്പി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെ മാർച്ച് 14ന് പരീക്കർ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

  എന്നാൽ ഇത്തവണ ഗോവയിൽ കോൺഗ്രസിന് വേണ്ടി ഗഡ്കരിയുടെ റോൾ ഏറ്റെടുത്തിരിക്കുന്നത് ശിവകുമാറാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ട വീര്യവും പാർട്ടിയോടുള്ള വിശ്വസ്തതയും പാർട്ടിക്കാർ ഏറെ ബഹുമാനിക്കുന്ന ഗുണങ്ങളാണ്. ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ പിടിച്ചെടുക്കുകയാണ് കോൺഗ്രസിന്റെ ഇത്തവണത്തെ ലക്ഷ്യം. കഴിഞ്ഞ തവണ, ഗോവ ഫോർവേഡിന്റെ വിജയ് സർദേശായിയെയും എംജിപിയുടെ സുധിൻ ധവാലിക്കറെയും ആകർഷിക്കാൻ ബിജെപിക്ക് മതിയായ സമയം ലഭിക്കുകയും കോൺഗ്രസിന് വിലപ്പെട്ട സമയം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

  ശിവകുമാറിന് കാര്യങ്ങൾ എങ്ങനെ മാറ്റാൻ കഴിയും എന്നതിന്റെ ഒരു ഉദാഹരണമാണ് 2018ൽ കർണാടകയിൽ സംഭവിച്ചത്. ഇത്തരത്തിൽ ഒരു മാറ്റം ഗോവയിലും പ്രതീക്ഷിക്കാം. കർണാടക നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കർണാടക ബിജെപി 105 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 78 സീറ്റുകളും ജെഡി(എസ്) ന് 37 സീറ്റുകളും മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിൽ എത്താൻ എട്ട് സീറ്റ് കുറവായതിനാൽ ബിജെപി എംഎൽഎമാരുടെ പിന്തുണ തേടി. എന്നാൽ എംഎൽഎമാരെ ബെംഗളൂരുവിന് പുറത്ത് പാർപ്പിച്ച ശിവകുമാർ എംഎൽഎമാരെ നിരീക്ഷിക്കുകയും അവരുടെ കുടുംബാംഗങ്ങളുമായി പോലും ബന്ധപ്പെടാതിരിക്കാൻ അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി വയ്ക്കുകയും ചെയ്തു.

  2019 ജൂലൈയിൽ യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പിലേയ്ക്ക് നീങ്ങിയപ്പോഴും ശിവകുമാർ ഇടപെടുകയും രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരായ പ്രതാപ് ഗൗഡ പാട്ടീലിനെയും ആനന്ദ് സിംഗിനെയും ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് അവർ ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കുകയും ചെയ്തു.

  നിലവിൽ സുപരിചിതമായ "റിസോർട്ട് രാഷ്ട്രീയത്തിനൊപ്പം" കോൺഗ്രസ് തങ്ങളുടെ ഗോവ സ്ഥാനാർത്ഥികളെ പാർട്ടിയോടുള്ള കൂറ് പുലർത്തുന്ന കാര്യത്തിൽ പ്രതീകാത്മകമായെങ്കിലും പ്രതിജ്ഞയെടുപ്പിച്ചിട്ടുണ്ട്.

  രോഹിണി സ്വാമി 
  First published: