• HOME
 • »
 • NEWS
 • »
 • india
 • »
 • ഡൽഹി മദ്യനയക്കേസ്: ടിആർഎസ് നേതാവ് കെ. കവിതയ്ക്ക് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യൽ ഡിസംബർ ആറിന്

ഡൽഹി മദ്യനയക്കേസ്: ടിആർഎസ് നേതാവ് കെ. കവിതയ്ക്ക് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യൽ ഡിസംബർ ആറിന്

ഡിസംബര്‍ ആറിന് ഹൈദരാബാദിലെയോ ഡൽഹിയിലെയോ വസതിയിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം

 • Share this:

  ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അംഗവും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയ്ക്ക് സിബിഐ നോട്ടീസ് അയച്ചു. ഡിസംബര്‍ ആറിന് ഹൈദരാബാദിലെയോ ഡൽഹിയിലെയോ വസതിയിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.

  മുന്‍ എംപി കൂടിയായ കവിത ഇപ്പോള്‍ തെലങ്കാനയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്. കേന്ദ്ര ഏജന്‍സികളായ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും അടക്കമുള്ളവ തങ്ങളുടെ പാര്‍ട്ടി അംഗങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും എന്ത് അന്വേഷണവും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും കവിത പറഞ്ഞിരുന്നു.

  ‘ഞങ്ങള്‍ എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഈ ഏജന്‍സികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നേതാക്കളുടെ പ്രതിഛായ തകര്‍ക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള അജന്‍ഡയാണ് ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ അത് തള്ളുക തന്നെ ചെയ്യും,’ കവിത പറഞ്ഞു.

  അതേസമയം, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചുവെന്നും ഡിസംബര്‍ 6ന് ഹൈദരാബാദിലെ തന്റെ വസതിയില്‍ വച്ച് സംസാരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നും കവിത പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും കേസിനെ സംബന്ധിച്ച തന്റെ വിശദീകരണമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടതെന്നും കവിത പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ വീട്ടില്‍ വെച്ച് സംസാരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞതായും കവിത മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

  Also read: ‘ഹിന്ദുപെൺകുട്ടികളെ 18 വയസിൽ വിവാഹം കഴിപ്പിക്കണം; ഫലഭൂയിഷ്ഠമായ മണ്ണിലേ വിളവുണ്ടാകൂ’; ആസാം എംപി

  അതേസമയം, ഡല്‍ഹി മദ്യക്കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. കേസില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിക്കുന്നെന്ന് പറഞ്ഞ കവിത ബിജെപി നേതാക്കളായ എംപി പര്‍വേഷ് വര്‍മ്മ, മജീന്ദര്‍ സിര്‍സ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞിരുന്നു.

  ഏഴ് പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നവംബര്‍ 25നാണ് സിബിഐ ഡല്‍ഹി മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് സൗത്ത് ഗ്രൂപ്പില്‍ നിന്ന് (ശരത് റെഡ്ഡി, കെ കവിത, മഗുണ്ട ശ്രീനിവാസുലു എന്നിവർ നിയന്ത്രിക്കുന്ന സംഘം) എഎപി നേതാക്കള്‍ക്ക് വേണ്ടി വിജയ് നായര്‍ക്ക് 100 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അമിത് അറോറ ഉള്‍പ്പെടെയുള്ളവരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  ചോദ്യം ചെയ്യലിനിടെ ഈ വിവരങ്ങള്‍ അമിത് അറോറ തന്നെയാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് സിബിഐ പറയുന്നു. അറോറയുടെ മൊഴിയില്‍ നിന്നാണ് കവിതയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതും അവര്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളാണെന്ന് തിരിച്ചറിഞ്ഞതും എന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  അതേസമയം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 2021-22 കാലത്തെ ഡല്‍ഹി ജിഎന്‍സിറ്റിയുടെ മദ്യ നയവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിലാണ് സിസോദിയ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

  Summary: TRS leader K. Kavitha served notice by the Central Bureau of Investigation regarding the Delhi liquor scam

  Published by:user_57
  First published: