• HOME
  • »
  • NEWS
  • »
  • india
  • »
  • Road Accident | പാമ്പിനെ റോഡിൽ കണ്ട് ഭയന്ന ട്രക്ക് ഡ്രൈവർ ബ്രേക്ക് ചവിട്ടി; വാഹനങ്ങള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്

Road Accident | പാമ്പിനെ റോഡിൽ കണ്ട് ഭയന്ന ട്രക്ക് ഡ്രൈവർ ബ്രേക്ക് ചവിട്ടി; വാഹനങ്ങള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്

വില്ലുപുരം ജില്ലയ്ക്ക് സമീപം ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ വെച്ചാണ് പാമ്പ് റോഡ് മുറിച്ചു കടക്കുന്നത് ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്

  • Last Updated :
  • Share this:
    അര്‍ച്ചന ആര്‍

    തമിഴ്‌നാട്ടില്‍ (Tamil Nadu) ദേശീയ പാതയിലുണ്ടായ (National Highway) കൂട്ട അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പാമ്പ് കുറുകെ കടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിർത്തുകയും പിന്നാലെയുണ്ടായിരുന്ന വാഹനങ്ങള്‍ അപകടത്തിൽപ്പെടുകയുമായിരുന്നു. ജനുവരി നാലിന് ചൊവ്വാഴ്ചയായിരുന്നു സംഭവം.

    വില്ലുപുരം (Villupuram) ജില്ലയ്ക്ക് സമീപം ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ വെച്ചാണ് പാമ്പ് റോഡ് മുറിച്ചു കടക്കുന്നത് ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ടത്തോടെ ട്രക്കിന് തൊട്ടുപിന്നാലെയുണ്ടായിരുന്ന സര്‍ക്കാര്‍ ബസും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് ആളുകള്‍ക്ക് പരിക്കേൽക്കുകയായിരുന്നു.

    ടണ്‍ കണക്കിന് ഇരുമ്പ് റോളറുകളുമായി ചെന്നൈ തുറമുഖത്ത് നിന്ന് തൂത്തുക്കുടി ജില്ലയിലേക്ക് പോകുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. വില്ലുപുരത്തിനടുത്ത് പേരങ്കിയൂരില്‍ വച്ചാണ് പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവര്‍ കണ്ടത്. പാമ്പിനെ കണ്ട് ഭയന്ന ഉടന്‍ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു.

    അതോടെ ട്രക്കിലുണ്ടായിരുന്ന അയൺ റോളറുകൾ റോഡിലേക്ക് ഉരുണ്ടുവീഴാൻ തുടങ്ങി. തൊട്ടു പിന്നിലുണ്ടായിരുന്ന ബസിന്റെ ഡ്രൈവർ ട്രക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് ഇടത്തേക്ക് തിരിഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ എതിര്‍വശത്തേക്ക് കടന്നു. അരസൂരില്‍ നിന്ന് പിടഗം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട സര്‍ക്കാര്‍ ബസിൽ ചെന്നിടിച്ചതോടെയാണ് കൂട്ട അപകടം ഉണ്ടായത്.

    അപകടത്തില്‍ ഓട്ടോ തകരുകയും ഓട്ടോ ഡ്രൈവറുടെ കാലിന് സാരമായ പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഡ്രൈവറും കണ്ടക്ടറുമടക്കം ബസിലുണ്ടായിരുന്ന പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശവാസികൾ മുണ്ടിയമ്പാക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് മധുര ജില്ലയിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ എക്സ്പ്രസ് ബസാണ് അപകടത്തിൽപ്പെട്ടത്.

    അപകടത്തെ തുടര്‍ന്ന് രണ്ട് ദേശീയ പാതകളിലെയും (ചെന്നൈ-ട്രിച്ചി, സേലം-ചെന്നൈ) ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സംഭവത്തില്‍ തിരുനാവലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.

    അതേസമയം കഴിഞ്ഞ ദിവസം വില്ലുപുരത്തിന്റെ സമീപ ജില്ലയായ തിരുവണ്ണാമലൈയില്‍ ജല്ലിക്കട്ടിന്റെ ഭാഗമായ ഊര്‍ തിരുവിഴക്കിടെ കാളകള്‍ വിരണ്ടോടി അന്‍പതോളം പേര്‍ക്ക് അപകടം സംഭവിച്ചിരുന്നു. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാന്‍ ആചാരപരമായി നടത്തുന്ന പരിശീലന ചടങ്ങാണിത്. തിരുവണ്ണാമലൈയിലെ ആറണി, കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടത്തിയത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
    Published by:Jayashankar AV
    First published: