• HOME
  • »
  • NEWS
  • »
  • india
  • »
  • TUNNEL CONNECTING DELHI LEGISLATIVE ASSEMBLY TO RED FORT FOUND

ഡൽഹി നിയമസഭയിൽ നിന്ന് ചെങ്കോട്ടയിലേക്ക് 'രഹസ്യതുരങ്കം'; ചിത്രങ്ങൾ കാണാം

സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള സംഘർഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമിച്ചതാകാം തുരങ്കം എന്നാണ് കരുതുന്നത്

Image: ANI

Image: ANI

  • Share this:
    ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ നിന്നും കണ്ടെത്തിയ തുരങ്കം നീളുന്നത് ചെങ്കോട്ട വരെ. ഡൽഹി നിയമസഭാ അംഗങ്ങളാണ് ഈ 'രഹസ്യതുരങ്കം' കണ്ടെത്തിയത്. സ്പീക്കർ റാം നിവാസ് ഗോയലാണ് മാധ്യമങ്ങളോട് തുരങ്കം കണ്ടെത്തിയ വാർത്ത അറിയിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാകാം തുരങ്കം എന്നാണ് കരുതുന്നത്.

    സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള സംഘർഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമിച്ചതാകാം തുരങ്കം എന്നാണ് കരുതുന്നതെന്ന് സ്പീക്കർ റാം നിവാസ് എഎൻഐയോട് പറഞ്ഞു.

    1993 ൽ താൻ എംഎൽഎ ആയിരുന്ന കാലത്ത് നിയമസഭയിൽ നിന്നും ചെങ്കോട്ട വരെ നീളുന്ന തുരങ്കത്തെ കുറിച്ച് കേട്ടിരുന്നു. ഇതിനെ കുറിച്ചുള്ള ചരിത്രത്തെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും വ്യക്തത ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തുരങ്കത്തിന്റെ കവാടമാണ് കണ്ടെത്തിയിരിക്കുന്നത്. മെട്രോ പദ്ധതികളും മലിനജല കുഴികളും കാരണം തുരങ്കത്തിന്റെ വഴി തകർന്നിരിക്കുന്നതിനാൽ കൂടുതൽ കുഴിച്ച് നോക്കിയിട്ടില്ലെന്നും സ്പീക്കർ അറിയിച്ചു.






    1912 ൽ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതിന് ശേഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായി പ്രവർത്തിച്ചിരുന്നത് ഇന്നത്തെ ഡൽഹി നിയമസഭാ മന്ദിരമാണ്. 1926 ൽ ഇത് കോടതിയാക്കി മാറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ കോടതിയിലേക്ക് കൊണ്ടുവന്നിരുന്നത് ഈ തുരങ്കം വഴിയാണെന്നാണ് കരുതപ്പെടുന്നത്.


    നിയമസഭാ മന്ദിരത്തിൽ കഴുമരമുള്ള മുറിയുള്ളതായി തങ്ങൾക്കെല്ലാം അറിവുണ്ടായിരുന്നെങ്കിലും അതൊരിക്കലും തുറന്നുനോക്കിയിരുന്നില്ല. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന അവസരത്തിൽ ആ മുറി തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരമായി ആ മുറി സ്മാരകമാക്കി മാറ്റാനാണ് പദ്ധതിയെന്നും സ്പീക്കർ വ്യക്തമാക്കി.



    ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ഡൽഹി നിയമസഭാ മന്ദിരത്തിന് ഏറെ ബന്ധമുണ്ട്. അതിനാൽ തന്നെ അടുത്ത സ്വാതന്ത്ര്യ ദിനത്തോടെ ഈ മുറി നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും സ്പീക്കർ അറിയിച്ചു.
    Published by:Naseeba TC
    First published:
    )}