മുംബൈ: ടിവി സീരിയൽ നടിയെ ഷൂട്ടിങ് ലൊക്കേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് സംഭവം. ടെലിവിഷൻ താരമായ തുനിഷ ശർമ്മയാണ് മരിച്ചത്. ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഷൂട്ടിങ് സെറ്റിലെ വാഷ് റൂമിൽ പോയ 20കാരിയായ തുനിഷ ശർമ്മ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവർ താരത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലെവ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ബാർവെയും സംഘവും ഷൂട്ടിങ് ലൊക്കേഷനിലെത്തി പരിശോധന നടത്തി. സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇവർ ആത്മഹത്യ ചെയ്തതാകാമെന്നാണ് സെറ്റിലുണ്ടായിരുന്നവർ മൊഴി നൽകിയത്.
എന്നാൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. നടിയുടെ മൊബൈൽ ഫോൺ ഉൾപ്പടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Also Read- നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ മരണം; ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ്
അലി ബാബ ദസ്താൻ-ഇ-കാബൂൾ എന്ന ഷോയിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഷോയിൽ ഷെഹ്സാദി മറിയമായാണ് തുനിഷ അഭിനയിച്ചു. സോണി ടിവി ഷോയായ ‘മഹാരണ പ്രതാപ്’ എന്ന ഷോയിൽ ബാലതാരമായി അഭിനയിച്ചു, അവിടെ ചന്ദ് കൻവാറിന്റെ വേഷം ചെയ്തു. അതിനുശേഷം, നിരവധി ഷോകളിലും ബോളിവുഡ് സിനിമകളിലും അവർ അഭിനയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.