• HOME
  • »
  • NEWS
  • »
  • india
  • »
  • യോഗിയുടെ 'കിളി' പോയി; മുസ്ലിംലീഗിനെതിരായ 'വൈറസ്' ട്വീറ്റ് മരവിപ്പിച്ചു

യോഗിയുടെ 'കിളി' പോയി; മുസ്ലിംലീഗിനെതിരായ 'വൈറസ്' ട്വീറ്റ് മരവിപ്പിച്ചു

ബിജെപിയോട് അനുഭാവമുള്ള 31 ട്വിറ്റർ ഹാൻഡിലുകളിലെ ലീഗിനെതിരായ 34 ട്വീറ്റുകൾ മരവിപ്പിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • Last Updated :
  • Share this:
    എം ഉണ്ണികൃഷ്ണൻ

    ന്യൂഡൽഹി: മുസ്ലിം ലീഗിന് എതിരായ വൈറസ് പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിലും നടപടി. മുസ്ലിം ലീഗ് വൈറസാണെന്ന് ആരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. മുസ്ലിം ലീഗിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് ട്വിറ്റർ നടപടി. ബിജെപിയോട് അനുഭാവമുള്ള 31 ട്വിറ്റർ ഹാൻഡിലുകളിലെ ലീഗിനെതിരായ 34 ട്വീറ്റുകളാണ് മരവിപ്പിച്ചത്.

    വർഗീയ പരാമർശങ്ങൾക്ക് പ്രചാരണ വിലക്ക് നേരിടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇരട്ട പ്രഹരമാണ് സമൂഹ മാധ്യമത്തിലെ നടപടി. മുസ്ലിം ലീഗ് വൈറസ് ആണെന്നും ഇന്ത്യ വിഭജനത്തിന് കാരണം ലീഗ് ആണെന്നുമായിരുന്നു
    ഏപ്രിൽ അഞ്ചാം തിയതി യോഗിയുടെ വിവാദ ട്വീറ്റ്. ഇതടക്കമുള്ള പരാമർശങ്ങൾക്ക് യോഗിയെ കമ്മീഷൻ മൂന്ന് ദിവസത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് മുസ്ലിം ലീഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യോഗിയുടെ രണ്ടു ട്വീറ്റുകൾ മരവിപ്പിക്കാൻ കമ്മീഷൻ ട്വിറ്ററിന് നിർദേശം നൽകിയത്. ട്വീറ്റുകൾ മരവിപ്പിച്ചതായാണ് ഇപ്പോൾ ട്വിറ്റർ അറിയിപ്പ്.

    പച്ച പതാക ചൂണ്ടിക്കാട്ടി ലീഗിന് പാകിസ്ഥാൻ ബന്ധം ആരോപിക്കുന്ന 34 ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഗ്വി, നടി കൊയ്‌ന മിത്ര, എൻഡിഎ എംഎൽഎ എം എസ് സിർസ എന്നിവരുടെ ട്വീറ്റുകളും ഇതിൽ ഉൾപ്പെടും. പച്ച പതാകയുള്ള റാലിയുടെ ദൃശ്യങ്ങൾ സഹിതമുള്ള ഗിരി രാജ് സിംഗിന്റെ ട്വീറ്റ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി റീ ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിൽ വൻ പ്രചാരണം നേടുന്ന ട്വീറ്റുകൾ മുസ്ലിം ലീഗിനെതിരെ തെറ്റിദ്ധാരണ പടർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലീഗ് പരാതി.

    First published: