കനേഡിയൻ ഡോക്യുമെന്ററി സംവിധായകൻ അസ്വീകാര്യമായ നിലയിൽ ഹിന്ദു ദേവതയായ കാളിയെ ചിത്രീകരിച്ചു എന്ന വിവാദത്തിനു ശേഷം സമാനമായ ഒരു വിവാദം ആസാമിൽ നിന്നും ഉണ്ടായിരിക്കുന്നു. ശനിയാഴ്ച രാവിലെ 8:30 ന് ആസാമിലെ നാഗൂൺ ടൗണിലൂടെ റോയൽ എൻഫീൾഡിൽ പാർവ്വതിയെ പിന്നിൽ ഇരുത്തി ശിവൻ പ്രത്യക്ഷപ്പെട്ടു.
വണ്ടിയുടെ ഇന്ധനം തീരുന്നത് വരെ എല്ലാം സ്വാഭാവികമായിരുന്നു. എന്നാൽ പെട്ടന്ന് ബുള്ളറ്റ് വഴിയിൽ നിന്നതിൽ പാർവ്വതി പരിഭവിച്ചു. ഇത് പിന്നീട് ശിവനും പാർവ്വതിയും തമ്മിലുള്ള ഒരു തർക്കത്തിലേക്ക് വഴിതിരിഞ്ഞു. വിലക്കയറ്റത്തേക്കുറിച്ചും പണപ്പെരുപ്പത്തേക്കുറിച്ചുമൊക്കെയായി വാദപ്രതിവാദങ്ങൾ. പ്രമേയത്തിലേക്ക് കാണികളുടെ ശ്രദ്ധയാകർഷിക്കുവാനുള്ള ഒരു ക്രിയാത്മക പ്രതിഷേധമായിരുന്നു ഇതെന്നാണ് അഭിനേയതാക്കൾ പറയുന്നത്.
ശിവനായ് വേഷമിട്ട ബ്രിനിച ബോറയെ പിന്നീട് ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു ആരാധനാമൂർത്തികളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ചില ഹൈന്ദവ സംഘടനകൾ ഭീഷണി മുഴക്കി. പാർവ്വതിയായി വേഷമണിഞ്ഞ നടി, പരിസ്മിത ദാസ് തങ്ങൾ എന്തുകൊണ്ടാണ് ഇത്തരമൊരു അവതരണത്തിനു തീരുമാനിച്ചത് എന്നതിനേക്കുറിച്ച് വ്യക്തമാക്കി:
"ജനം സാധാരണയായി അവബോധ ജാഥകളെയൊന്നും കാര്യമായി എടുക്കുന്നില്ല. മാത്രവുമല്ല ഒരു പതിവ് പ്രതിക്ഷേധം സംഘടിപ്പിക്കണമെങ്കിൽ അതിന് ഒരുപാട് തയ്യാറെടുപ്പുകൾ ആവശ്യമായി വരുന്നതാണ്. അതുകൊണ്ട് ഞങ്ങൾ ജനങ്ങൾക്ക് താല്പര്യം തോന്നുന്നതും മനസ്സിലാവുന്നതുമായ ആകർഷണീയ രീതി തിരഞ്ഞെടുത്തു. അവർ പറഞ്ഞു.
ജനങ്ങളുടെ ദുരിതങ്ങളേക്കുറിച്ചും പ്രശ്നങ്ങളേക്കുറിച്ചും ഭഗവാൻ ശിവനോട് പറഞ്ഞതിന്‌റെ പേരിൽ ബോറ ഇപ്പോൾ തടവിലാണ്. വേറിട്ട അവതരണം ഈ വിഷയത്തിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നാണ് ഇവർ കരുതുന്നത്.
എന്നിരുന്നാലും എല്ലാവരും ഇതിനെ ഒരു ക്രിയാത്മക പ്രതിക്ഷേധമായി കണക്കാക്കുന്നില്ല. ഈ സംഭവത്തേ തുടർന്ന് വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദളും പോലുള്ള ഹിന്ദു സംഘടനകൾ ഇവർക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ഹിന്ദു ദേവനേയും ദേവതയേയും മോശമായി ചിത്രീകരിച്ചു എന്ന പേരിലാണ് കേസ് നൽകിയിട്ടുള്ളത്. ''ഞങ്ങൾ ഇത്തരം പ്രകടനങ്ങളെ സഹിക്കുന്നതല്ല. ഞങ്ങൾ ഉദാരചിന്താഗതിക്കരാണ് എന്നാൽ അത് മുതലെടുക്കുവാൻ ആരെയും അനുവദിക്കുന്നതല്ല. ഒരു പ്രതിക്ഷേധത്തിന് ഞങ്ങൾ എതിരല്ല എന്നാൽ അതിന് ഹിന്ദു ദേവീദേവന്മാരെ ഉപയോഗിച്ചതിലാണ് ഞങ്ങളുടെ പ്രശ്നം" - നാഗോൺ വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറി പ്രദീപ് ശർമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.