ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, ഡൽഹിയിലെ നിർമാൻ വിഹാർ നിവാസിയായ പ്രതിയായ 27 കാരൻ തന്റെ ബിഎംഡബ്ല്യു (BMW) കാർ, മാരുതി വാഗൺ ആറിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഗൺ ആർ കാർ മറിഞ്ഞ് റോഡരികിൽ ഉറങ്ങുകയായിരുന്നവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ലോധി റോഡ് മേൽപ്പാലത്തിനു താഴെയുള്ള നടപ്പാതയിൽ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
അപകടമുണ്ടാക്കിയ ബിഎംഡബ്ല്യൂ കാർ നിർത്താതെ ഓടിച്ചുപോയി. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ആറുവയസ്സുകാരി റോഷിനിയും അവളുടെ പത്തുവയസ്സുള്ള സഹോദരൻ അമീറും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. വാഗൺ ആർ കാർ ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പുലർച്ചെ 4.30ഓടെ സാമ്രാട്ട് ഹോട്ടലിൽ നിന്ന് ലോധി റോഡ് വഴി സൂര്യ ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാഗൺ ആറിന്റെ ഡ്രൈവർ യതിൻ കിഷോർ ശർമ്മ പോലീസിനോട് പറഞ്ഞു. എതിരെ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ തന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് യതിൻ കിഷോർ പറഞ്ഞു. ദൃക്സാക്ഷിയും പൂർണമായി പ്രവർത്തനക്ഷമമായ സിസിടിവി ക്യാമറയും ഇല്ലാത്ത സാഹചര്യത്തിൽ പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും വെല്ലുവിളിയാണെന്ന് പോലീസ് പറയുന്നു.
സംഭവത്തിന് ശേഷം കറുത്ത നിറത്തിലുള്ള ബിഎംഡബ്യു കാർ ഏത് വഴിയാണ് പോയതെന്ന് കണ്ടെത്താനായിരുന്നു പൊലീസ് ശ്രമം. ഒബ്റോയ് ഹോട്ടൽ, ലോധി റോഡ്, ബാരാപുള്ള റോഡ്, ലജ്പത് റായ് മാർഗ് എന്നിവിടങ്ങളിലേക്ക് റോഡിൽ സ്ഥാപിച്ചിട്ടുള്ള 60-70 ക്യാമറകളിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഒരു ക്യാമറയിൽ, അപകടത്തിന് ശേഷം ബിഎംഡബ്യു കാർ നിസാമുദ്ദീനിലെ നീല ഗുംബദിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതായി എൻഡിടിവിയോട് റിപ്പോർട്ട് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണ നഗറിൽ താമസിക്കുന്ന ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറാണതെന്ന് കണ്ടെത്തിയത്. നോയിഡയിലെ സെക്ടർ 63 ലെ ഒരു വർക്ക്ഷോപ്പിൽ തന്റെ കാർ അനന്തരവൻ സാഹിലിനു നൽകിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി.
നോയിഡയിൽ വസ്ത്രനിർമ്മാണ ബിസിനസ്സ് നടത്തുന്ന പ്രതി സഹിൽ നാരംഗിനെ നിർമാൻ വിഹാറിലെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന ബിഡബ്ല്യുഎം പിടിച്ചെടുക്കുകയും ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം, താനും അമ്മാവനും എയർപോർട്ടിൽ നിന്ന് വരികയായിരുന്നുവെന്നും താനാണ് കാർ ഓടിച്ചിരുന്നതെന്നും സാഹിൽ വെളിപ്പെടുത്തി. പുതുതായി വാങ്ങിയ കാർ അമിത വേഗത്തിൽ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.