ഹൈദരാബാദ്: ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ട് ഇലക്ട്രിക് ബൈക്കുകൾക്ക് തീപിടിച്ചു. കുഷൈഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആർക്കും പരിക്കില്ല. ഹരി ബാബു എന്നയാൾ അടുത്തിടെ വാങ്ങിയ രണ്ട് ഇലക്ട്രിക് ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിയോടെ വീടിന് മുന്നിൽ രണ്ട് ബൈക്കുകളും ചാർജ്ജ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വലിയ സ്‌ഫോടന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് വന്നപ്പോഴാണ് ഇരുചക്രവാഹനങ്ങളും കത്തിനശിക്കുന്നത് കണ്ടത്. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും രണ്ടു ബൈക്കും പൂർണമായും കത്തിനശിച്ചിരുന്നു. സമീപത്തെ വൈദ്യുത കമ്പിയിലേക്കും തീ പടർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു
മൂന്ന് ദിവസത്തിനിടെ ഹൈദരാബാദിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച വനസ്ഥലിപുരം എൻജിഒ കോളനിയിൽ ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. പാർക്ക് ചെയ്തിരുന്ന ബൈക്ക് ചാർജ് ചെയ്യുന്നതിനായി കോട്ടേശ്വര് റാവു എന്നയാൾ സ്വിച്ച് ഓൺ ചെയ്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും പുതിയ സംഭവങ്ങളാണിത്. ജൂൺ എട്ടിന് തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്കിന് തീപിടിച്ച് ഒരു വീട് കത്തിനശിച്ചു.
മെയ് 11 ന് ഹൈദരാബാദിൽ ഒരു ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു. ആളപായമുണ്ടായില്ല. ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വീട്ടിൽ ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ ഏപ്രിൽ 19 ന് തെലങ്കാനയിലെ നിസാമാബാദ് പട്ടണത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ചാർജ് ചെയ്തിരുന്ന ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്, ഇക്കാര്യം അന്വേഷിക്കാൻ കേന്ദ്രം അടുത്തിടെ തെലങ്കാന സംസ്ഥാന സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electric Vehicle, Ev