• HOME
  • »
  • NEWS
  • »
  • india
  • »
  • PayCM Poster | കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

PayCM Poster | കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണമാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററിലൂടെ ഉന്നയിക്കാൻ ശ്രമിച്ചതെങ്കിലും പൊതുസ്ഥലം വൃത്തികേടാക്കിയതിനുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്

  • Last Updated :
  • Share this:
    ബെംഗളൂരു: കർണ്ണാടക സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം പേർത്ത് പോസ്റ്റർ പതിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ‘പേസിഎം’, ‘40% ഇവിടെ സ്വീകരിക്കും’ എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേർത്ത് പോസ്റ്റർ പതിപ്പിച്ചതിനാണ് കോൺഗ്രസ് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ക്യൂ ആർ കോഡിൻ്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്.

    സമൂഹമാധ്യമ വിഭാഗം മുൻ തലവൻ ബിആർ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാർട്ട്മെൻ്റിൽ നിന്നാണ് രാത്രി 2 മണിയോടെ പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാർ ചേർന്ന് ഇദ്ദേഹത്തെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിഭ്രാന്തയായ ഇദ്ദേഹത്തിൻ്റെ ഭാര്യ കോൺഗ്രസ് സമൂഹമാധ്യമ ടീമിനെയും മറ്റ് നേതാക്കളെയും ബന്ധപ്പെട്ടെന്ന് ടീമിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

    സോഷ്യൽ മീഡിയ ടീമിലെ പ്രമുഖനായ ഡിഎ ഗഗൻ യാദവാണ് പിടിയിലായ മറ്റൊരു നേതാവ്. കോൺഗ്രസ് നേതാവ് ഡി എ ഗോപാലിൻ്റെ മകനും മുൻ മന്ത്രി എ കൃഷ്ണപ്പയുടെ അനന്തിരവനുമാണ് ഗഗൻ. കെ ആർ പുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ സദാശിവ് നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു എന്നാണ് വിവരം. രണ്ടു നേതാക്കളെയും പോലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

    Also Read- 'പേ സിഎം ചെയ്യൂ, മുഖ്യമന്ത്രിയെ സഹായിക്കൂ'; കർണാടക മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം

    മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണമാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററിലൂടെ ഉന്നയിക്കാൻ ശ്രമിച്ചതെങ്കിലും പൊതുസ്ഥലം വൃത്തികേടാക്കിയതിനുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

    രാത്രി നടന്ന നാടകീയമായ അറസ്റ്റ് അധികം വൈകാതെ തന്നെ കോൺഗ്രസ് വൃത്തങ്ങൾ അറിഞ്ഞു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ എല്ലാ പ്രവർത്തകരെയും ഇത് അറിയിക്കുകയും ചെയ്തു. ബിആർ നായിഡുവിനെ അറസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച് കെപിസിസി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടുകാർ പരിഭ്രാന്തരാണെന്നും മാധ്യമ പ്രതിനിധികൾ ഹൈ ഗ്രൗണ്ട്സിന് അടുത്തെത്തണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.

    പേസിഎം പോസ്റ്ററുകൾ പതിച്ചവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് കമ്മീഷണർ സി എച്ച് പ്രതാപ് റെഡ്ഡി പറഞ്ഞിരുന്നു. പൊതുസ്ഥലം വികൃതമാക്കൽ നിരോധന നിയമപ്രകാരം ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    സെൻട്രൽ ഡിവിഷൻ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സമാന പോസ്റ്ററുകൾ തങ്ങളുടെ മേഖലകളിൽ ഉണ്ടെങ്കിൽ കണ്ടെത്തണമെന്ന് മറ്റു സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. ഇതനുസരിച്ചാണ് ഹൈ ഗ്രൗണ്ട്സ് പോലീസും സദാശിവ് നഗർ പോലീസും കേസ് രജിസ്റ്റർ ചെയ്തത്. അതിനെ തുടർന്നായിരുന്നു നേതാക്കന്മാരെ അറസ്റ്റ് ചെയ്തത്. ഇതിനു പുറമേ ശേഷാദ്രിപുരം പോലീസും കേസെടുത്തിട്ടുണ്ട്.

    നഗരത്തിൻ്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ സർക്കാരിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പോസ്റ്ററുകൾ പതിച്ചവരെ കണ്ടെത്താനായി സിസിടിവി അടക്കം പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ച പോസ്റ്ററുകൾ പലയിടങ്ങളിലും നഗരസഭാ അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്.
    Published by:Rajesh V
    First published: