ഗായകൻ സിദ്ധു മൂസേവാലയുടെ (Sidhu Moose Wala) കൊലപാതകത്തിൽ ഉൾപ്പെട്ട സംഘവും പഞ്ചാബ് പോലീസും തമ്മിൽ അമൃത്സറിൽ നടന്ന ഏറ്റുമുട്ടലിൽ കൊലപാതകത്തിന് കാരണമായ രണ്ടുപേർ മരിച്ചു. അട്ടാരി അതിർത്തിക്കടുത്തുള്ള ഹോഷിയാർ നഗർ ഗ്രാമത്തിൽ നടന്ന വെടിവയ്പിൽ മൊത്തം നാല് ഗുണ്ടാസംഘ അംഗങ്ങൾ വെടിയേറ്റ് മരിച്ചു.
ഇവരിൽ മൻപ്രീത് സിംഗ് എന്ന മന്നു കുസ, ജഗ്രൂപ് സിംഗ് രൂപ എന്നീ പേരുള്ള രണ്ട് ഗുണ്ടകളാണ് മൂസേവാലയെ കൊലപ്പെടുത്തിയത്. അതിനുശേഷം അവർ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂൺ 21ന് മോഗ ജില്ലയിലെ സമൽസറിൽ ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് വെടിയൊച്ചകൾ കേൾക്കാമായിരുന്നു. ഗ്രാമത്തിൽ കനത്ത പോലീസ് സേനയെ വിന്യസിച്ച് പ്രദേശം വളയുകയും, നാട്ടുകാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒരു സ്വകാര്യ മാധ്യമ ചാനലിലെ സിക്കന്ദർ മാട്ടു എന്ന വീഡിയോ ജേർണലിസ്റ്റിന് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് പരിക്കേറ്റു.
മൂസേവാലയെ വധിച്ച മന്നുവും രൂപയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനാൽ ഓപ്പറേഷൻ വിജയകരമായി അവസാനിച്ചതായി വെടിവയ്പ്പിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത എഡിജിപി ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ് (എജിടിഎഫ്) പ്രമോദ് ബാൻ പറഞ്ഞു. “മൂസേവാല കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് ഷാർപ്പ് ഷൂട്ടർമാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് എകെ 47, പിസ്റ്റൾ എന്നിവയും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. മൂന്ന് പോലീസുകാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ മാൻസ ജില്ലയിൽ മെയ് 29നായിരുന്നു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു സംഭവം. മഹീന്ദ്ര ഥാർ ജീപ്പിൽ യാത്ര ചെയ്തിരുന്ന മൂസേവാലയുടെ ബന്ധുവിനും സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റു. 28 കാരനായ മൂസേവാല അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മൻസയിൽ നിന്ന് മത്സരിക്കുകയും AAP നേതാവ് വിജയ് സിംഗ്ലയോട് പരാജയപ്പെടുകയും ചെയ്തു.
കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
പാർട്ടിയിൽ ചേർന്നതിന് ശേഷം പഞ്ചാബ് കോൺഗ്രസ് മൂസേവാലയെ യുവാക്കളുടെ ഐക്കണും 'അന്താരാഷ്ട്ര വ്യക്തിത്വവും' ആയി ഉയർത്തിക്കാട്ടി. അദ്ദേഹത്തിന്റെ അമ്മ മാൻസാ ജില്ലയിലെ മൂസ ഗ്രാമത്തിലെ സർപഞ്ചാണ്. അച്ഛൻ മുൻ സൈനികനാണ്.
തന്റെ പാട്ടുകളിൽ അക്രമവും തോക്ക് സംസ്‌കാരവും പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് മൂസേവാലയ്ക്ക് പല കോണുകളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും യുവാക്കൾക്കിടയിൽ അദ്ദേഹം ആരാധകരെ നേടിയെടുത്തു. 'സഞ്ജു' എന്ന ഗാനത്തിലൂടെ അക്രമം പ്രോത്സാഹിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മുഗളർക്കെതിരെ പോരാടിയ സിഖ് യോദ്ധാവ് മൈ ഭാഗോയ്‌ക്കെതിരെ 'എതിർപ്പുള്ള' വാക്കുകൾ ഉപയോഗിച്ച് അവരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിഖ് സംഘടനകൾ മൂസേവാലയോട് രോഷം പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.