എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് (Draupadi Murmu) പിന്തുണയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ (Uddhav Thackeray). ആദിവാസി ജനതയ്ക്കിടയിൽ നിന്നുമൊരു വനിത രാഷ്ട്രപതിയാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയെ പിന്താങ്ങുന്ന പ്രതിപക്ഷ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് മുർമുവിനെ പിന്തുണക്കാനുള്ള താക്കറെയുടെ തീരുമാനം.
"ശിവസേന എംപിമാർ എന്റെ മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല. എന്നാൽ അവർ അഭ്യർത്ഥിച്ചിരുന്നു. അവരുടെ നിർദ്ദേശം പരിഗണിച്ച് ഞങ്ങൾ ദ്രൗപതി മുർമുവിന് രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണ നൽകാൻ പോകുന്നു," ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിലെ ശിവസേനയുടെ 18 ലോക്‌സഭാ എംപിമാരിൽ 13 പേരും ചൊവ്വാഴ്ച നടന്ന ഒരു സുപ്രധാന യോഗത്തിൽ പങ്കെടുത്തു. അവരിൽ ഭൂരിഭാഗവും രാഷ്‌ട്രപതി സ്ഥാനത്തേക്ക് ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
യോഗത്തിൽ രാജ്യസഭാ എം.പി. സഞ്ജയ് റാവത്ത് യശ്വന്ത് സിൻഹയെ ശക്തമായി പിന്തുണച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നത് ബിജെപിയെ പിന്തുണയ്ക്കുന്നു എന്നല്ല അർത്ഥമാക്കുന്നതെന്നും സമ്മർദത്തിന് വഴങ്ങി ശിവസേന തലവൻ ഒരു തീരുമാനവും എടുക്കുത്തിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
"കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്ന വിഷയം ചർച്ച ചെയ്യപ്പെട്ടു. എല്ലാവരുടെയും അഭിപ്രായം ഞങ്ങൾ മനസ്സിലാക്കുന്നു. ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുക എന്നതിനർത്ഥം ബിജെപിയെ പിന്തുണയ്ക്കുക എന്നല്ല. ശിവസേനയുടെ റോൾ ഒന്നുരണ്ട് ദിവസത്തിനകം വ്യക്തമാകും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. രാജ്യത്ത് പ്രതിപക്ഷം നിലനിൽക്കണം. യശ്വന്ത് സിൻഹയോടും ഞങ്ങൾക്ക് ഐക്യമുണ്ട്. ജനങ്ങൾക്ക് എന്ത് തോന്നുന്നുവോ അതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കേണ്ടത്," റാവത്ത് പറഞ്ഞു.
പ്രതിഭാ പാട്ടീലിനേയും പ്രണവ് മുഖർജിയേയും പാർട്ടി മുമ്പ് പിന്തുണച്ചിട്ടുണ്ടെന്നും അത്തരം തീരുമാനങ്ങൾ എടുക്കുന്ന പാരമ്പര്യം പാർട്ടിക്കുണ്ടെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
ചില പാർട്ടി എംഎൽഎമാരും നേതാക്കളും, പ്രത്യേകിച്ച് ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും, ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിവസേനയുടെ നേതൃത്വത്തോട് മുർമുവിന്റെ പശ്ചാത്തലം കണക്കിലെടുത്ത് അവരെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു.
സേന ഔപചാരികമായി മുർമുവിനെ പിന്തുണച്ചാൽ, ഏകനാഥ് ഷിൻഡെ ക്യാമ്പും ബിജെപിയുമായി സമവായത്തിന് വാതിലുകൾ വീണ്ടും തുറന്നേക്കുമെന്ന് എംപിമാർ മുൻ മുഖ്യമന്ത്രി താക്കറെയോട് സൂചന നൽകിയതായി അറിയുന്നു. പാർട്ടിയുടെ 19 എംപിമാരിൽ 12 പേരും യോഗത്തിൽ പങ്കെടുത്തിരുന്നു.
മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ച ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലേക്ക് ഭൂരിഭാഗം എംഎൽഎമാരും കൂറുമാറിയ ശേഷം ശിവസേന രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സമയത്താണ് എൻഡിഎയുടെ മുർമുവിന് പിന്തുണ നൽകാനുള്ള ഉദ്ധവിന്റെ തീരുമാനം.
രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ എംപിമാരും എംഎൽഎമാരും അടങ്ങുന്ന 4,809 അംഗങ്ങൾ വോട്ട് ചെയ്യുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും. ജൂലൈ 21ന് രാജ്യതലസ്ഥാനത്ത് വോട്ടെണ്ണൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.