• HOME
  • »
  • NEWS
  • »
  • india
  • »
  • Ugandan Woman Arrested | വയറിനുള്ളിൽ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം; ഉഗാണ്ടൻ യുവതി അറസ്റ്റിൽ

Ugandan Woman Arrested | വയറിനുള്ളിൽ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം; ഉഗാണ്ടൻ യുവതി അറസ്റ്റിൽ

എയര്‍പോര്‍ട്ടില്‍ വെച്ച് യുവതിയുടെ അസ്വാഭാവികമായ ശരീരചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അവരെ സമീപിച്ചു.

  • Share this:
ഇന്ത്യയിലേക്ക് 14 കോടി രൂപയുടെ കൊക്കെയ്ന്‍ (Cocaine) കടത്തിയതിന് ഉഗാണ്ടന്‍ യുവതിയെ (Ugandan Woman) അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ (Delhi Airport) കസ്റ്റംസ് ഉദ്യോഗസ്ഥരാണ് (Customs Officers) യുവതിയെ അറസ്റ്റ് ചെയ്തത്. കൊക്കെയ്ന്‍ നിറച്ച് പ്രത്യേകമായി രൂപകല്പന ചെയ്ത 91 പെല്ലറ്റുകളാണ് ഉഗാണ്ടന്‍ യുവതി ഇന്ത്യയിലേക്ക് കടത്താനായി വിഴുങ്ങിയിരുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് യുവതിയുടെ അസ്വാഭാവികമായ ശരീരചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അവരെ സമീപിച്ചു. പക്ഷേ, യുവതി സഹായം സ്വീകരിക്കാൻ വിസമ്മതിക്കുകയും സംസാരിക്കാൻ വിമുഖത കാണിക്കുകയും ചെയ്തു. എന്നാൽ, അസ്വസ്ഥമായ രീതിയിൽ ശരീരചലനങ്ങള്‍ പ്രകടിപ്പിക്കുന്നത് തുടർന്നതാണ് സംശയത്തിന് ഇടയാക്കിയതെന്ന് കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യാത്രക്കാരിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുള്ള വഴിയിലേക്ക് കടക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞു നിർത്തുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അവര്‍ മയക്കുമരുന്ന് നിറച്ച 91 ഗുളികകള്‍ വിഴുങ്ങിയതായി സമ്മതിച്ചു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി യുവതിയെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായി 91 ഗുളികകളും പുറത്തെടുക്കുകയായിരുന്നു എന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.

ക്യാപ്‌സ്യൂളുകള്‍ പുറത്തെടുക്കുന്ന പ്രക്രിയ ദിവസങ്ങളോളമാണ് നീണ്ടുനിന്നത്. 992 ഗ്രാം ഭാരമുള്ള വെളുത്ത പൊടിയാണ് ക്യാപ്‌സ്യൂളുകളില്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. വിശദമായ പരിശോധനയില്‍ അത് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തിയതായി കസ്റ്റംസിന്റെ പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാരിയില്‍ നിന്ന് പിടികൂടിയ മൊത്തം കൊക്കെയ്നിന് രാജ്യാന്തര വിപണിയില്‍ 14 കോടിയോളം രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ക്യാപ്‌സ്യൂളുകള്‍ പൂർണമായി പുറത്തെടുക്കുകയും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ യുവതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഉഗാണ്ടൻ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം നടക്കുന്ന രണ്ടാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്. ഡിസംബര്‍ 9 ന് ലാഗോസില്‍ നിന്ന് ദുബായ് വഴി ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ യുവതിയില്‍ നിന്ന് 2.8 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. അതിന് മുമ്പ് ഒരു ഉഗാണ്ടന്‍ പൗരനെയും സമാനമായ രീതിയില്‍ മയക്കുമരുന്ന് കടത്തിന് പിടികൂടിയിരുന്നു.

ഈ വര്‍ഷം ഡല്‍ഹി വിമാനത്താവളത്തില്‍ മയക്കുമരുന്ന് പിടികൂടുന്ന 24-ാമത്തെ കേസാണിത്. ഈ കേസുകളുമായി ബന്ധപ്പെട്ട് മൊത്തം 32 യാത്രക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ പിടികൂടിയ ആകെ മയക്കുമരുന്നിന് 845 കോടിയിലധികം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.
Published by:Sarath Mohanan
First published: