• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാധ്യമങ്ങളിലെ ബലാൽസംഗ വാർത്തകളെക്കുറിച്ച് പഠനം


Updated: July 17, 2018, 7:27 PM IST
മാധ്യമങ്ങളിലെ ബലാൽസംഗ വാർത്തകളെക്കുറിച്ച് പഠനം

Updated: July 17, 2018, 7:27 PM IST
#അഷിത പി എസ്

ന്യൂഡൽഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നത് ഏറെ പ്രസക്തമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ലൈംഗിക ചൂഷണ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത് എത്രത്തോളം സഹിഷ്ണുതയോടെയാണെന്ന് കണ്ടെത്താന്‍ യുനെസ്‌കോയുടെ സഹായത്തോടെ ഒരു പഠനം നടപ്പാക്കുകയാണ്. ഇംഗ്ലണ്ടിലെ ബോണ്‍മൗത്ത് സര്‍വകലാശാലാ മാധ്യമപഠന വിഭാഗത്തിലെ ഡോ. ചിന്തു ശ്രീധരനും സഹപ്രവർത്തകൻ ഡോ. എയ്നർ തോർസനുമാണ് 'ബലാത്സംഗത്തിനെതിരായ മാധ്യമ ഇടപെടല്‍' പഠനത്തിന് നേതൃത്വം നല്‍കുന്നത്.

കേരളാ പൊലീസിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ഞെട്ടലുണ്ടാക്കുന്ന വര്‍ധനവാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ 600 ശതമാനത്തിലേറെ വര്‍ധിച്ചു. 2017ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 1,101 കേസുകള്‍. സ്ത്രീകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗകേസുകളിൽ ഉണ്ടായ വര്‍ധന 360 ശതമാനമാണ്. ബിഷപ്പും വൈദികരും കുറ്റവാളികളായ ലൈംഗിക പീഡന വാര്‍ത്തകള്‍ വരെ ഉയര്‍ന്നുവരുന്നു. ദൈവികവും മതപരവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് കുറ്റവാളികളെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നു. ഇത് വിറ്റഴിക്കാവുന്ന വിഷയമാണെന്നത് കണക്കിലെടുത്ത് അമിതാവേശത്തോടെയുള്ള വാര്‍ത്തകള്‍ മറ്റൊരു ഭാഗത്ത് നിന്നും വരുന്നു.
Loading...

"മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗ വാര്‍ത്തകളും സഹിഷ്ണുതയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് ആളുകളുടെ മനസില്‍ അത് തങ്ങി നില്‍ക്കുന്നത്" - കേന്ദ്രമന്ത്രി മനേക ഗാന്ധി.

ഇവിടെയാണ് യുനസ്‌കോയുടെ സഹകരണത്തോടെ ബോണ്‍മൗത്ത് സര്‍വകലാശാല നടത്തുന്ന പഠനത്തിന്‍റെ സാധ്യതയേറുന്നത്. ബലാത്സംഗ വാര്‍ത്തകളെ മിതത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാണ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്. കൃത്യമായ ബോധവത്കരണമില്ലായ്മയാണോ അടിസ്ഥാനപരമായ പ്രശ്‌നമെന്നാണ് പരിശോധിക്കുന്നത്.

'ബലാത്സംഗത്തിനെതിരായ മാധ്യമ ഇടപെടല്‍' - പഠനവുമായി യുനെസ്കോ


2012 ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷമാണ് ബലാത്സംഗ വാര്‍ത്തകള്‍ വളരെ പ്രാധാന്യത്തോടെ കൊടുക്കേണ്ടതാണ് എന്ന നിലപാടിലേക്ക് ദേശീയമാധ്യമങ്ങള്‍ എത്തിയത്. അതിനു മുമ്പ് അവയെല്ലാം പ്രാദേശികവാര്‍ത്തകളിലെ 'വെറും' പീഡന വാര്‍ത്തകള്‍ മാത്രമായിരുന്നു. എന്നാല്‍, സൂര്യനെല്ലി ബലാത്സംഗ കേസോടെ കേരളത്തില്‍ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളെ പ്രാധാന്യത്തോടെ കാണാന്‍ തുടങ്ങിയിരുന്നു. അതേസമയം, സൂര്യനെല്ലി കേസ് മുതല്‍ തന്നെ ബലാത്സംഗത്തെ അതിജീവിച്ചവള്‍ക്കെതിരെയും കേരളത്തിലെ മാധ്യമങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്. രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ ഔന്നത്യമാണ് സൂര്യനെല്ലി കേസില്‍ ചില പ്രതികളെ വേട്ടയാടുന്നതില്‍ നിന്ന് മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയത്.

കൊച്ചിയില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ ആരെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് വാര്‍ത്തകള്‍ വന്നത്. കോടതി ഉത്തരവുകളെ കണക്കിലെടുത്ത് പിന്നീട് ആക്രമിക്കപ്പെട്ട നടി എന്ന പ്രയോഗത്തിലേക്ക് ചുരുക്കിയെങ്കില്‍ കൂടിയും ലംഘിക്കപ്പെട്ടത് മാധ്യമ ധാര്‍മികതയാണ്. വിദേശവനിതയുടെ കൊലപാതകത്തിലും ഈ തെറ്റ് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ രൂപം കൊണ്ടു. കോടതി വിചാരണയ്ക്ക് മുമ്പു തന്നെ ദിലീപിനെ കുറ്റവാളിയാക്കുന്ന മാധ്യമവിചാരണകളും നടന്നു. ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകളാണ് സെന്‍സേഷണലിസത്തില്‍ മുന്‍പന്തിയില്‍.

ജിഷ കേസിലെ റിപ്പോർട്ടുകളാണ് ബലാത്സംഗ വാർത്തകളിൽ മാധ്യമങ്ങളുടെ പെരുമാറ്റം എന്ന വിശകലനത്തിന്‍റെ സാധ്യത തുറന്നതെന്ന് ​ഡോ. ചിന്തു ശ്രീധരൻ പറയുന്നു. ''ബലാത്സംഗ വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മീഡിയ ലിറ്ററസി പ്രോഗ്രാം കൂടിയാണിത്. വാർത്ത എന്താണോ അതുപോലെ സ്വീകരിക്കുന്നതിന് പകരം വാർത്തയിൽ നിന്ന് എന്താണ് ഉൾക്കൊള്ളേണ്ടത് എന്ന തരത്തിൽ വിമർശനാത്മകമായി കൂടി സമീപിക്കാൻ പ്രാപ്തമാക്കുകയു൦ ചെയ്യുന്ന ഒന്ന്. ഭാവിയിൽ മറ്റ് മാധ്യമസ്ഥാപനങ്ങൾക്ക് കൂടി സ്വീകരിക്കത്തക്ക വിധത്തിലുള്ള ഒരു മാതൃകയായാണ് ഞങ്ങൾ ഇതിനെ കാണുന്നത്'', പഠനത്തെക്കുറിച്ച് ചിന്തു വ്യക്തമാക്കുന്നു.

യുനെസ്കോ പഠനത്തിനായി ന്യൂസ് ട്രാക്കർ എന്ന വെബ്‌സൈറ്റും തയ്യാറായിട്ടുണ്ട്


ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയായ 21കാരിയായ പെണ്‍കുട്ടി കോടതിയോട് അഭ്യർഥിച്ചത് മാധ്യമദൃഷ്ടിയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തണമെന്നായിരുന്നു. കത്വയില്‍ മുസ്ലിം പെണ്‍കുട്ടി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ രാഷ്ട്രീയവും മത-വര്‍ഗീയ ഘടകങ്ങളുമെല്ലാം വാര്‍ത്തയെ സ്വാധീനിച്ചു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രവും വിശദാംശങ്ങളും പരസ്യപ്പെടുത്തുന്ന തെറ്റ് ആവര്‍ത്തിച്ചു. ഗ്രാമീണ മേഖലകളിലുണ്ടാകുന്ന പല ക്രൂര ബലാത്സംഗവാര്‍ത്തകളും ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകളില്‍ ഒതുങ്ങുകയാണ് ഇന്ത്യയില്‍.

പെണ്‍കുട്ടിയെ ഇരയെന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് മാറി അതിജീവിച്ചവളെന്ന് വിളിക്കുന്ന സംസ്‌കാരത്തിലേക്ക് മാധ്യമങ്ങള്‍ കടന്നെങ്കിലും, വാര്‍ത്താ എഴുത്തില്‍ ആ മിതത്വം ഉണ്ടായിട്ടില്ല. അവിടെയാണ് ബലാത്സംഗ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത മാര്‍ഗനിര്‍ദേശങ്ങളം ബോധവത്കരണവും ലക്ഷ്യമാക്കിയുള്ള ഈ പഠനത്തിന്‍റെ പ്രാധാന്യവും.

ബോണ്‍മൗത്ത് സര്‍വകലാശാലയും അശോക സർവകലാശാലയും സംയുക്തമായി www.newstracker.maar.in എന്ന വെബ്‌സൈറ്റ് ഈ പഠനത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കാനായി സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഉപവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളും റിപ്പോര്‍ട്ടുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. നോയ്ഡയിലെ Amity School of Communication, ബാംഗ്ലൂരിലെ Docfort Meducation, പൂനെ Symbiosis School for Liberal Arts, മദ്രാസ് സർവകലാശാല എന്നിവയും ന്യൂസ് ട്രാക്കറിന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്​.
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍