ന്യൂഡൽഹി: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം സോണിയ ഗാന്ധിയിൽ അടിച്ചേൽപ്പിച്ചത് അനീതിയാണെന്ന് ഡോ. ശശി തരൂർ എം.പി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങി വരാൻ സാധ്യതയുണ്ടെന്നും News 18 ന് നൽകിയ അഭിമുഖത്തിൽ തരൂർ സൂചന നൽകി. കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ ഗാന്ധി കുടുംബത്തിന് ഒരു 'പ്രത്യേക സ്ഥാനവും' അതിനൊരു 'നല്ല കാരണ'വുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് ഭരണകക്ഷി. ആ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പ്രാദേശിക കക്ഷികളുമായി ചേർന്ന് സഖ്യമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് കോൺഗ്രസ് നിഷ്ക്രിയമാണെന്ന് പറയാനാകില്ല. കോൺഗ്രസ് നിഷ്ക്രിയമാണെന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചോദ്യത്തിനുള്ള മറുപടിയായി തരൂർ ചൂണ്ടിക്കാട്ടി.
വോട്ടർമാർക്കിടയിലേക്ക് പാർട്ടിയുടെ സന്ദേശം ഫലപ്രദമായി എത്തിക്കാൻ സംഘടനാ സംവിധാനം ശക്തമാക്കണമെന്നതാണ് ഡൽഹിയിലെ തോൽവി നൽകുന്ന പാഠം. അതേസമയം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശേഷിയുള്ള ഒരു സ്ഥിരം അധ്യക്ഷനെ കണ്ടെത്തുന്നതോടെ ഈ പ്രശ്നങ്ങളൊക്കെ എളുപ്പത്തിൽ പരിഹരിക്കപ്പെടാവുന്നതേയുള്ളൂവെന്നും തരൂർ ചൂണ്ടിക്കാട്ടി
സോണിയ ഗാന്ധിയെ പാർട്ടി അധ്യക്ഷയാക്കിയത് താൽക്കാലിക നടപടിയായിരുന്നു. അവർ ഈ സ്ഥാനത്തും നിന്നും പിൻവാങ്ങി രണ്ടുവർഷത്തിനു ശേഷം പാർട്ടിയെ പുരുജ്ജീവിപ്പിക്കാനുള്ള ചുമതല വീണ്ടും ഏൽപ്പിച്ചത് അനീതിയാണ്. ഇത് ഞങ്ങളിൽ പലരും ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വീണ്ടും പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നു തന്നെയാണ് കോൺഗ്രസിലെ പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പാർട്ടിയെ ഒന്നിച്ച് അണിനിരത്താനും പുനരുജ്ജീവിപ്പിക്കാനുമുള്ള ശേഷിയും കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. എന്നാൽ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ലെങ്കിൽ പകരം മറ്റൊരാളെ അധ്യക്ഷനായി കണ്ടെത്തേണ്ടി വരുമെന്നും തരൂർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.