നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Free Electricity Supply | വര്‍ഷം മുഴുവനും തടസമില്ലാതെ സൗജന്യ വൈദ്യുതി വിതരണം; മാതൃകയായി ഒരു ഗ്രാമം

  Free Electricity Supply | വര്‍ഷം മുഴുവനും തടസമില്ലാതെ സൗജന്യ വൈദ്യുതി വിതരണം; മാതൃകയായി ഒരു ഗ്രാമം

  ഗ്രാമവാസികള്‍ക്ക്ഇപ്പോള്‍ വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ട്. കഥയുടെ ബാക്കി അറിയാം...

  News18

  News18

  • Share this:
   ഷാരൂഖ് ഖാന്റെ സ്വദേശ് (Swades) എന്ന സിനിമ ഓര്‍ക്കുന്നുണ്ടോ? അതില്‍ അദ്ദേഹം സ്വന്തമായി ഒരു ജലവൈദ്യുത സജ്ജീകരിച്ച് തന്റെ ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി (Electricity) എത്തിക്കുന്നുണ്ട്. സമാനമായ രീതിയിൽ കര്‍ണാടകയിലെ (Karnataka) ഒരു ചെറിയ ഗ്രാമം തങ്ങളുടെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് സ്വന്തമായി ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ദക്ഷിണ കന്നഡയുടെയും മടിക്കേരി ജില്ലയുടെയും അതിര്‍ത്തിയിലുള്ള ചെമ്പു എന്ന ഗ്രാമം ഇക്കാര്യത്തില്‍ മികച്ച ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.

   ഈ കൊച്ചു ഗ്രാമത്തിന് ഇതുവരെ ഒരു വിതരണക്കാരില്‍ നിന്നും വൈദ്യുതി ലഭിച്ചിട്ടില്ല. ഒടുവില്‍ അവര്‍ കാര്യങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യാന്‍ തീരുമാനിച്ചു. നിബിഡ വനങ്ങളാലും ധാരാളം അരുവികളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ചെമ്പു. ഗ്രാമത്തിന് ചുറ്റുമുള്ള ഭൂമി വനം വകുപ്പിന്റേതായതിനാൽ മംഗലാപുരം ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന് ഗ്രാമത്തിൽ നിയമപരമായി വൈദ്യുത തൂണുകള്‍ സ്ഥാപിക്കാൻ കഴിയില്ല. വനംവകുപ്പിന്റെ അനുമതി പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. പക്ഷെ ചെമ്പുവിലെ ഗ്രാമവാസികള്‍ക്ക്ഇപ്പോള്‍ വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ട്. അത്ഭുതം തോന്നുന്നുണ്ടോ? കഥയുടെ ബാക്കി അറിയാം..

   ഗ്രാമവാസികള്‍ അരുവികളില്‍ നിന്ന് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം ഗ്രാമത്തിൽ തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് തിരിച്ചുവിട്ടു. ശക്തിയോടെ വെള്ളം വീഴുമ്പോള്‍ കറങ്ങുന്ന ചെറിയ ടര്‍ബൈനുകള്‍ അവിടെ സ്ഥാപിച്ചിരുന്നു. തുടർന്ന് ടര്‍ബൈനുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ജനറേറ്റര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു! ഗ്രാമത്തിലെ 80% വീടുകളും ഈ രീതിയിൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ചെറുകിട ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് അവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വായ്പകളും സബ്സിഡിയും ലഭിക്കുന്നതിന് സഹായിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തും നിര്‍ണായക പങ്ക് വഹിച്ചു.

   മുഴുവന്‍ ജലവൈദ്യുത ഉല്‍പ്പാദന സജ്ജീകരണത്തിനും കൂടി ഏകദേശം മുപ്പതിനായിരം മുതല്‍ അമ്പത്തിനായിരം രൂപ വരെ ചിലവ് വരും. മഴക്കാലത്ത് ഗ്രാമവാസികള്‍ രാവും പകലും മിക്കവാറും സമയവും ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നു. വേനല്‍ക്കാലത്ത്, അവര്‍ വെള്ളം അവരുടെ വയലുകളിലേക്ക് വിടുകയും രാത്രിയില്‍ അവരുടെ വീട്ടുമുറ്റത്തേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ജലത്തെ വിവേകപൂര്‍വമായ രീതിയില്‍ കാര്‍ഷിക, വൈദ്യുതി ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഗ്രാമവാസികള്‍ അവരുടെ ആവശ്യാനുസരണം 1 കെവി, 2 കെവി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

   ''ഞങ്ങളുടെ വീടുകളിൽ ഇപ്പോള്‍ ലൈറ്റുകള്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, വാട്ടര്‍ പമ്പ്, വെറ്റ് ഗ്രൈന്‍ഡര്‍, റഫ്രിജറേറ്റര്‍, ഫാന്‍, ടെലിവിഷന്‍ തുടങ്ങി ആവശ്യമായ എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമുണ്ട്. ഈ വസ്തുക്കള്‍ സ്വന്തമാക്കുക എന്നത് നേരത്തെ ഞങ്ങളെ സംബന്ധിച്ചിടത്തോളംആഡംബരമായിരുന്നു. വില താങ്ങാനാവാത്തത് കൊണ്ടല്ല, വൈദ്യുതി ഇല്ലാത്തത് കൊണ്ട്. ഒരു വൈദ്യുതി ബോര്‍ഡിന്റെയും സഹായം ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമില്ല. ഒരു വാക്ക് പോലും ഉരിയാടാതെ ഞങ്ങള്‍ അവരെ നല്ല പാഠം പഠിപ്പിച്ചു, അല്ലേ?'' ചെമ്പു നിവാസിയായ ജനാര്‍ദന്റെ വാക്കുകളിൽ അഭിമാനം സ്ഫുരിക്കുന്നു.

   ''ഇവിടെ ഗുഹാമനുഷ്യരെപ്പോലെയുള്ള ജീവിതം എനിക്ക് മടുത്തിരുന്നു.വൈദ്യുതിയില്ല, വീട്ടുജോലികൾ എളുപ്പമാക്കാൻ സൗകര്യങ്ങളില്ല. ഇവിടെ കുടുങ്ങിപ്പോയതായി എനിക്ക് തോന്നുമായിരുന്നു. ഇപ്പോള്‍ എനിക്ക് പവര്‍ കട്ട് പ്രശ്നങ്ങളില്ല, എന്റെ ടിവി സീരിയലുകള്‍ ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താറില്ല, നല്ല രീതിയില്‍ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ ഒരു കുഗ്രാമത്തിലാണ് താമസിക്കുന്നതെങ്കിലും, ഇപ്പോള്‍ ഞാന്‍ സംതൃപ്തയാണ്. ഇത് സാധ്യമാക്കിയ ഗ്രാമപഞ്ചായത്തിനും മറ്റെല്ലാവര്‍ക്കും നന്ദി'', വിവാഹശേഷം ഈ ഗ്രാമത്തിലെത്തിയ സാവിത്രി എന്ന യുവതി പറയുന്നു.
   Published by:Sarath Mohanan
   First published:
   )}