ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടക്കാല ബജറ്റ് ട്രയിലർ മാത്രമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വികസനക്കുതിപ്പിലേക്ക് നീങ്ങുമെന്നും മോദി വ്യക്തമാക്കി. ഇടക്കാല ബജറ്റിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 12 കോടി പേർക്ക് ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കൂടാതെ മൂന്നു കോടിയിലേറെ മധ്യവർഗ കുടുംബങ്ങൾക്കും 30-40 ലക്ഷം തൊഴിലാളികൾക്കും ഇടക്കാല ബജറ്റിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെയാകെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ന് അവതരിപ്പിച്ച ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.
Budget 2019: മാസം 55000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് ആദായനികുതിയില്ല
ആയുഷ് മാൻ ഭാരത് പദ്ധതിയുടെ പ്രയോജനം 50 കോടി പേർക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കർഷകർക്ക് ഇതുവരെ ലഭിക്കാത്ത ആനുകൂല്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇത്. ജനങ്ങളോടുള്ള സർക്കാരിന്റെ ആത്മാർഥതയുടെ തെളിവാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യമേഖലയ്ക്കായി പ്രഖ്യാപിച്ച പുതിയ വകുപ്പ് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാർ ഇവിടുത്തെ തൊഴിലാളികളെയും പാവപ്പെട്ടവരെയും പരിഗണിച്ചിരുന്നില്ലെന്ന് മോദി പറഞ്ഞു. എന്നാൽ ജൻ ധൻ യോജന, ആയുഷ് മാൻ ഭാരത് തുടങ്ങിയവ ഉൾപ്പടെയുള്ള പദ്ധതികൾ പാവപ്പെട്ടവർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിയെന്നും മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.