ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാര്‍ക്കും വീടും വെള്ളവും ശുചിമുറിയുമുള്ള പുതിയ ഇന്ത്യ 2022 ല്‍ ഉണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പിയുഷ് ഗോയാല്‍. രാജ്യം സുസ്ഥിര വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നതായും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ബജറ്റവതരണത്തിന്റെ തുടക്കത്തില്‍ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് മന്ത്രിയുടെ അവകശവാദങ്ങള്‍.
'ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്നും വിലപ്പെരുപ്പം താഴ്ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞതായും പീയൂഷ് ഗോയല്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
Also Read: റെയില്‍വേയ്ക്ക് 1.58 ലക്ഷം കോടി; അഞ്ചുവര്‍ഷം കൊണ്ട് ആഗോളനിലവാരത്തിലെത്തിയെന്നും മന്ത്രി
'പട്ടികവിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള ആനുകൂല്യം ഇല്ലാതാക്കാതെ തന്നെ മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കി. 98 ശതമാനം ശുചിമുറി സൗകര്യമുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയിലെ ജനങ്ങളുടെ മാനസികാവസ്ഥ മാറ്റിയത് ഈ സര്‍ക്കാരാണ്' പീയൂഷ് ഗോയല്‍ പറഞ്ഞു.
''വിലപ്പെരുപ്പം 4.6 ശതമാനം ആയി കുറയ്ക്കാന്‍ കഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം കൊടുത്തിട്ടും ധനക്കമ്മി കുറയ്ക്കാനായി. ബാങ്കിങ് പരിഷ്കരണം ഇന്ത്യയെ പുതിയ സാമ്പത്തിക ക്രമത്തിലേക്ക് ഉയര്‍ത്തി. റിസര്‍വ് ബാങ്കിനോട് ബാങ്കുകള്‍ക്കൊപ്പം നില്ക്കാന് ഈ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്ളീന്‍ ബാങ്കിങ് ആണ് സര്‍ക്കാരിന്റെ മുദ്രാവാക്യം.' ഗോയല്‍ പറഞ്ഞു. കിട്ടാക്കടം തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി എടുത്തു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.