ന്യൂഡൽഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. അടുത്തിടെ ഡൽഹി ഫോർടിസ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
കഴിഞ്ഞ് അഞ്ച് പതിറ്റാണ്ടിലേറെയായി ദേശീയ രാഷ്ട്രീയത്തിലടക്കം സജീവ സാന്നിധ്യമായിരുന്നു പാസ്വാൻ. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ദളിത് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. പാർട്ടി അധ്യക്ഷനായ മകൻ ചിരാഗ് പാസ്വാനാണ് അദ്ദേഹത്തിന്റെ മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
1946 ജൂലൈ അഞ്ചിന് കിഴക്കൻ ബിഹാറിലെ ഖാഗരിയയിലെ ഷഹർബാനി ഗ്രാമത്തിലാണ് രാംവിലാസ് പാസ്വാൻ ജനിച്ചത്. നിയമത്തിൽ ബിരുദം സ്വന്തമാക്കിയശേഷം ബിഹാർ സിവിൽ സർവീസ് പരീക്ഷയും വിജയിച്ചു. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആയി നിയമനം ലഭിച്ചെങ്കിലും ജോലിയിൽ പ്രവേശിക്കാതെ രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു. 1969ൽ ബിഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എട്ടുതവണ ലോക്സഭാംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഷ്ഠിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1977ലാണ് ജനതാപാർട്ടി അംഗമായി ആദ്യമായി ലോക്സഭയിലെത്തി. ബിഹാറിലെ ഹാജിപൂർ മണ്ഡലത്തിൽ പിന്നീട് തുടർച്ചയായി അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടു. 2000ൽ എൽജെപിക്ക് രൂപം നൽകി. 2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണയില്‍ ചേർന്നു. അഞ്ചുപ്രധാനമന്ത്രിമാർക്ക് കീഴിൽ കേന്ദ്രമന്ത്രിസ്ഥാനം വഹിച്ചു. രാംവിലാസ് പാസ്വാന്റെ പാർട്ടി എല്ലാ മുന്നണിയിലും ഭാഗമായിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.