വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദമത്സരമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരളത്തിൽ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും നിർമല പറഞ്ഞു. രാജ്യസഭയിൽ ഉപധനാഭ്യർഥന ബില്ലിന്റെ ചർച്ചയിൽ മറുപടിപറയുകയായിരുന്നു അവർ.
ഇടത് എംപി ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ വിഷയമടക്കം മന്ത്രി സഭയിലുയർത്തിയത്. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് സർക്കാരെന്ന ആരോപണത്തെ വികസനപരിപാടികൾ ചൂണ്ടിക്കാട്ടി ധനമന്ത്രി പ്രതിരോധിച്ചു. എല്ലാവർക്കും വികസനം, ആർക്കും പ്രീണനമില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നവകാശപ്പെട്ട മന്ത്രി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് കോൺഗ്രസും സിപിഎമ്മും എങ്ങനെയാണ് കോർപ്പറേറ്റിനെ ക്ഷണിച്ചതെന്ന് ചോദിച്ചു.
Also Read-‘ആണും പെണ്ണും കെട്ടത്’; നരേന്ദ്രമോദിയുടെ ഗോത്രവർഗ വസ്ത്രത്തെ പരിഹസിച്ച് തൃണമൂൽ നേതാവ്
സുതാര്യമായ ടെൻഡർ നടപടികളിലൂടെയാണ് ഇത് നടപ്പാക്കിയതെന്ന് ജോൺ ബ്രിട്ടാസ് മന്ത്രിക്ക് മറുപടി പറഞ്ഞു. ബ്രിട്ടാസ് പറഞ്ഞതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ മന്ത്രി അതിലെന്തെങ്കിലും തെറ്റുണ്ടോ എന്നു ചോദിച്ചു. ‘‘നിങ്ങൾ ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല. എന്നാൽ, കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നു എന്നാരോപിക്കും. രാജസ്ഥാനും മറ്റു സംസ്ഥാനങ്ങളും ഇതുപോലെ തന്നെയാണ്’’ -മന്ത്രി പറഞ്ഞു.
വിലക്കയറ്റം പകൽക്കൊള്ളയാണെന്ന ബ്രിട്ടാസിന്റെ അഭിപ്രായത്തിനും മന്ത്രി മറുപടി നൽകി. കേരളത്തിൽ 5.9 ശതമാനമാണ് വിലക്കയറ്റമെന്നും ഇത് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും നിർമല പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.