ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിതില് വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. സർക്കാരിന്റെ നിലപാടിന് അനുകൂലമായ മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് കിരണ്‍ റിജിജു രംഗത്തെത്തിയത്. വിരമിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ആര്.എസ് സോധിയുടെ അഭിമുഖമാണ് റിജീജു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജനങ്ങള്‍ക്ക് വേണ്ടി നിയമമുണ്ടാക്കുന്നതെന്നും രാജ്യത്തെ നീതിന്യായ വിഭാഗവും ഭരണഘടനയും സ്വതന്ത്രമാണെന്നാണ് റിജിജു ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചത്. രാജ്യത്ത് നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നാണ് അഭിമുഖത്തില്‍ മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ആര്‍എസ് സോധി പറയുന്നത്.
Voice of a Judge…
Real beauty of Indian Democracy is- it’s success. People rule themselves through their representatives.
Elected representatives represent the interests of the People & make laws. Our Judiciary is independent and our Constitution is Supreme. pic.twitter.com/PgSaqfZdDX— Kiren Rijiju (@KirenRijiju) January 21, 2023
”പാര്‍ലമെന്റാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്. പരമോന്നത കോടതിയ്ക്ക് അതില്‍ ഇടപെടാനാകില്ല. പാര്‍ലമെന്റിനാണ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവകാശമുള്ളത്. എന്നാൽ ഇപ്പോൾ സുപ്രീം കോടതി ഭരണഘടനയെ തന്നെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. തുടർന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം തങ്ങള്‍ നടത്തുമെന്ന് പറയുന്നു. സര്‍ക്കാരിന് അക്കാര്യത്തില്‍ റോൾ ഇല്ലെന്നും പറയുന്നു” സോധി പറഞ്ഞു.
ഭൂരിഭാഗം ജനങ്ങള്‍ക്കും തന്റെ അഭിപ്രായമാണെന്നും നിയമമുണ്ടാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജസ്റ്റിസ് സോധി വീഡിയോയില്‍ പറയുന്നു. ഇത് ശരി വയ്ക്കുന്നതാണ് നിയമമന്ത്രിയുടെ നിലപാട്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിലാണ് റിജിജുവിന്റെ പരാമര്‍ശം.
ജഡ്ജിമാരുടെ തെരഞ്ഞെടുപ്പില്‍ സുതാര്യതയും പൊതു ഉത്തരവാദിത്തവും ഊട്ടിയുറപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളെ യഥാക്രമം സുപ്രീം കോടതിയിലും ഹൈക്കോടതി കൊളീജിയത്തിലും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് റിജിജു കത്തയച്ചിരുന്നു.
കൂടാതെ കൊളീജിയം സംവിധാനത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വളരെ അന്യമായ ഒന്നാണ് കൊളീജിയം സംവിധാനമെന്നാണ് റിജിജു പറഞ്ഞത്. മുമ്പ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ്സ് കമ്മീഷനെ നിരാകരിച്ച സുപ്രീം കോടതി തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
Also read-ഭാര്യയുടെ കാമുകനെ പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി; ഭർത്താവ് അറസ്റ്റിൽ
1992ല്‍ പ്രാബല്യത്തില്‍ വന്ന കൊളീജിയം സംവിധാനത്തെ അട്ടിമറിച്ചാണ് എന്‍ജെഎസി നിലവില്‍ വന്നത്. എന്നാല്‍ 2014ല്‍ എന്‍ജെഎസി നിയമത്തെ റദ്ദ് ചെയ്ത് സുപ്രീം കോടതി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം സംവിധാനത്തെ പുനസ്ഥാപിക്കുകയും ചെയ്തു.
അതേസമയം ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുമെന്നും നിയമനത്തില്‍ സുതാര്യത പാലിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയില്‍ മാര്‍ഗനിര്‍ദേശം നല്കുന്ന മെമ്മോറാണ്ടം ഓഫ് പ്രൊസിജ്യറില്‍ (എംഒപി) സമവായത്തിലെത്താന്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി കൊളീജിയത്തിനും സാധിച്ചിട്ടില്ലെന്നാണ് പാര്‍ലമെന്ററി പാനലിന്റെ റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.