കൊച്ചി: യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ” ഓപ്പറേഷൻ കാവേരിക്ക് ” നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. മന്ത്രി നാളെ രാവിലെ ജിദ്ദയിലെത്തും.
ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ INS സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു.
വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്‍റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്.
സുഡാൻ തുറമുഖത്ത് കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ രണ്ട് ചിത്രങ്ങളും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ചു. “സുഡാനിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ കാവേരി പുരോഗമിക്കുകയാണ്. അഞ്ഞൂറോളം ഇന്ത്യക്കാർ പോർട്ട് സുഡാനിലെത്തിയിട്ടുണ്ട്. കൂടുതൽ പേരെ ഇനിയും എത്തിക്കും. നമ്മുടെ കപ്പലുകളും വിമാനങ്ങളും അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ സജ്ജമാണ്. സുഡാനിലെ നമ്മുടെ എല്ലാ സഹോദരങ്ങളെയും സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്,” ജയശങ്കർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.