Unique India | സ്മാർട്ട്ഫോൺ ഇല്ല; സ്കൂളിലെത്താൻ നല്ല റോഡില്ല; പക്ഷേ ഈ ഗ്രാമത്തിലെ കുട്ടികൾ ജാപ്പനീസ് സംസാരിക്കും

റോബോടിക്സ് സാങ്കേതിക വിദ്യയോടുള്ള താത്പര്യമാണ് ജപ്പാനീസ് തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്

News18 Malayalam | news18-malayalam
Updated: August 14, 2020, 1:47 PM IST
Unique India | സ്മാർട്ട്ഫോൺ ഇല്ല; സ്കൂളിലെത്താൻ നല്ല റോഡില്ല; പക്ഷേ ഈ ഗ്രാമത്തിലെ കുട്ടികൾ ജാപ്പനീസ് സംസാരിക്കും
Image for representation.
  • Share this:
മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് സില്ല പരിഷദ് സ്കൂൾ. സ്കൂളിലേക്കെത്താൻ നല്ല റോഡോ ഡിജിറ്റൽ കാലത്ത് എല്ലാ വിദ്യാർത്ഥികൾക്കും സ്മാർട്ട്ഫോണോ ഇവിടെ ഇല്ല. എങ്കിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മണി മണി പോലെ ജപ്പാനീസ് സംസാരിക്കും.

ഔറംഗാബാദിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഗഡിവാത് ഗ്രാമത്തിലാണ് ഈ സ്കൂൾ. അടിസ്ഥാന സൗകര്യങ്ങൾ പോലും കുറവുള്ള പിന്നോക്ക ഗ്രാമം. എങ്കിലും ഭാവിയിൽ ഈ ഗ്രാമത്തിൽ നിന്നും കുറച്ചധികം മിടുക്കന്മാർ രൂപപ്പെടും. അതിന് തെളിവാണ് സില്ല പരിഷദ് സ്കൂളിലെ മിടുക്കന്മാർ.

കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥികൾക്കായി വിദേശഭാഷ പഠിപ്പിക്കാനുള്ള പദ്ധതി ഈ സർക്കാർ സ്കൂളിൽ ആവിഷ്കരിക്കുന്നത്. നാല് മുതൽ എട്ടു വരെ ക്ലാസിലുള്ള വിദ്യാര‍്ത്ഥികൾക്കായാണ് പദ്ധതി. ഏത് വിദേശഭാഷ പഠിക്കണമെന്ന് വിദ്യാർത്ഥികൾക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരവും നൽകി.

സ്കൂൾ അധികൃതരെ പോലും അമ്പരപ്പിച്ചു കൊണ്ട് ഭൂരിഭാഗം വിദ്യാർത്ഥികളും തിരഞ്ഞെടുത്തത് ജപ്പാനീസ്. റോബോടിക്സ് സാങ്കേതിക വിദ്യയോടുള്ള താത്പര്യമാണ് ജപ്പാനീസ് തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്. 350 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എഴുപത് വിദ്യാർത്ഥികളാണ് ജപ്പാനീസ് പഠിച്ചുകൊണ്ടിരിക്കുന്നത്.

കുട്ടികൾക്ക് താത്പര്യം ജപ്പാനീസ് ആണെങ്കിലും അധ്യാപകർക്ക് മുന്നിലുള്ള വെല്ലുവിളി ചെറുതായിരുന്നില്ല. ജപ്പാനീസ് പഠിപ്പിക്കാനായി അതിനെ കുറിച്ച് അറിയുന്ന ഒരാൾ പോലും കൂട്ടത്തിലില്ല. മാത്രമല്ല, കൃത്യമായ പഠന സാമഗ്രികളോ മാർഗനിർദേശങ്ങളോ ഇല്ല. എങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാൻ അധ്യാപകരും തയ്യാറായില്ല. ഇന്റർനെറ്റിന്റെ സഹായത്തോടെ പഠനം തുടങ്ങി. വിവർത്തനങ്ങളെല്ലാം ഇന്റർനെറ്റിൽ നോക്കി മനസ്സിലാക്കി.

ആദ്യഘട്ടത്തിൽ പഠനം ഇങ്ങനെയായിരുന്നെങ്കിലും പിന്നീട് ഔറംഗാബാദിലെ ഭാഷാ വിദഗ്ധൻ സുനിൽ ജോഗ്ദിയോ അധ്യാപനത്തിനായി എത്തി. സൗജന്യമായി വിദ്യാർത്ഥികൾക്ക് ജപ്പാനീസ് പഠിപ്പിച്ചു നൽകാമെന്നായിരുന്നു സുനിൽ ജോഗ്ദിയോയുടെ വാഗ്ദാനാം. അത് ഇപ്പോഴും തടുരന്നു.

ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സായാഹ്ന ക്ലാസിൽ ഓൺലൈനായാണ് പഠനം. അതായിരുന്നു അടുത്ത വെല്ലുവിളി. പഠിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം സ്മാർട്ട് ഫോൺ ഇല്ല. ഇതിനും സ്കൂൾ അധികൃതർ പരിഹാരം കണ്ടെത്തി. "വിഷയ് മിത്ര" എന്നാണ് ആ പരിഹാരത്തിന്റെ പേര്. അതായാത് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ ക്ലാസിലെ സഹപാഠികൾക്ക് പഠിപ്പിക്കും. ഇതിലൂടെ പരസ്പര സഹായത്തിന്റെ മൂല്യവും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നു.

ജുലൈ മുതലാണ് സുനിൽ ജോഗ്ദിയോയുടെ ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. ഇതുവരെ 20 മുതൽ 22 ക്ലാസുകൾ വരെ കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടികൾ നന്നായി ജപ്പാനീസ് പഠിച്ചു വരുന്നതായി അധ്യാപകനും സാക്ഷ്യപ്പെടുത്തുന്നു.

ജുലൈയിൽ ക്ലാസ് ആരംഭിച്ചതിന് ശേഷം വിദ്യാർത്ഥികൾ തമ്മിലുള്ള സംസാരം ജപ്പാനീസിലാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പദ്മകാർ ഹൽജൂത്ത് അഭിമാനത്തോടെ പറയുന്നു. ക്ലാസുകൾ ആരംഭിച്ച നാളുകളിൽ ചില വാക്കുകൾ മാത്രമായിരുന്നു പഠിച്ചിരുന്നതെങ്കിൽ പിന്നീട് ക്രമേണ ജപ്പാനീസിൽ മുഴുവൻ വാചകം ചേർത്ത് പറയാൻ പഠിച്ചെന്ന് കുട്ടികളും.

പരിമിതികൾക്കിടയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാനാണ് സ്കൂൾ അധികൃതരുടെ ശ്രമം. ഒപ്പം അതിന്റെ ആദ്യഘട്ടം വിജയം കണ്ടതിന്റെ ചാരിതാർത്ഥ്യവും.
Published by: Naseeba TC
First published: August 14, 2020, 1:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading